KOYILANDY DIARY.COM

The Perfect News Portal

വയറ്റിൽകത്രിക കുടുങ്ങിയ സംഭവം; തെളിവ് അപര്യാപ്തമെന്ന് മെഡിക്കൽ ബോർഡ്‌

കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ശസ്‌ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന കണ്ടെത്തലിൽ തെളിവുകൾ പൊലീസ്‌ റിപ്പോർട്ടിലില്ലെന്ന്‌ മെഡിക്കൽ ബോർഡ്‌. ശസ്‌ത്രക്രിയക്ക്‌ മുമ്പായി എടുത്ത എംആർഐ സ്‌കാനിങ്ങിൽ ലോഹ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല എന്നത്‌ മാത്രം അടിസ്ഥാനമാക്കി സംഭവം നടന്നത്‌ മെഡിക്കൽ കോളേജിലാണെന്ന്‌ പറയാനാകില്ല.

സ്‌കാനിങ്ങിൽ ശരീരത്തിലെ ലോഹ സാന്നിധ്യം തിരിച്ചറിയണമെന്നില്ല. ഏതെങ്കിലും ശരീരഭാഗത്തിന്റെ റിപ്പോർട്ടും ചിത്രങ്ങളുമാണ്‌ ലഭിക്കുക. സംഭവം സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും ബോർഡ്‌ വിലയിരുത്തി. കമ്മിറ്റി അംഗങ്ങളായ അന്വേഷണ ഉദ്യോഗസ്ഥൻ, പബ്ലിക്‌ പ്രോസിക്യൂട്ടർ എന്നിവരുടെ വിയോജിപ്പോടെയുള്ള ബോർഡ്‌ റിപ്പോർട്ട്‌ കഴിഞ്ഞ ദിവസമാണ്‌ പൊലീസിന്‌ കൈമാറിയത്‌. റിപ്പോർട്ട്‌ തള്ളിയ സാഹചര്യത്തിൽ പൊലീസ്‌ പുനരന്വേഷണം നടത്തേണ്ടിവരും. ഈ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന്‌ അസി. കമീഷണർ എ. സുദർശനൻ പറഞ്ഞു. 

പ്രതിഷേധവുമായി ഹർഷീന

Advertisements

പൊലീസ്‌ അന്വേഷണ റിപ്പോർട്ട്‌ തള്ളിയ മെഡിക്കൽ ബോർഡിന്റെ നിലപാടിൽ പ്രതിഷേധിച്ച്‌ ഹർഷീന ഡിഎംഒ ഓഫീസിനു മുന്നിൽ സമരം നടത്തി. ഭർത്താവും സമരസമിതി ഭാരവാഹികളും ചേർന്നായിരുന്നു കുത്തിയിരുന്നത്‌. തുടർന്ന്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി. റിപ്പോർട്ടിനെതിരെ സംസ്ഥാന മെഡിക്കൽ ബോർഡിന്‌ അപ്പീൽ നൽകുമെന്നും സമരം തുടരുമെന്നും ഹർഷീന പറഞ്ഞു. 16ന്‌ സെക്രട്ടറിയറ്റിന്‌ മുന്നിലും സമരം നടത്തും.

 

Share news