ട്രെയിൻ വൈകിയതിനാൽ പ്രവേശന പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ

കോഴിക്കോട്: ട്രെയിൻ വൈകിയതുമൂലം പ്രവേശന പരീക്ഷ എഴുതാനാകാതെ മടങ്ങി വിദ്യാർത്ഥികൾ. പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് എൻട്രൻസ് പരീക്ഷയ്ക്കായി കാഞ്ഞങ്ങാട്ടുനിന്ന് കോഴിക്കോട്ടെത്തിയ 16 വിദ്യാർത്ഥികൾക്കാണ് അവസരം നഷ്ടമായത്. നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പരീക്ഷ.

ഞായർ രാവിലെ 7.10ന് കാഞ്ഞങ്ങാട്ടുനിന്ന് പരശുറാം എക്സ്പ്രസിലാണ് ഇവർ വന്നത്. ആറിനാണ് ഈ ട്രെയിൻ കാഞ്ഞങ്ങാട് സ്റ്റേഷനിൽ എത്തേണ്ടിയിരുന്നത്. രാവിലെ 8.30ന് എത്തേണ്ട വണ്ടി പത്ത് കഴിഞ്ഞാണ് കോഴിക്കോട് സ്റ്റേഷനിലെത്തിയത്. 9.30നാണ് പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടിയിരുന്നത്. വൈകിയതോടെ പരീക്ഷ എഴുതാതെ ഹാളിന് പുറത്ത് നിൽക്കേണ്ടിവന്നു.
ജനറൽ നഴ്സിങ് കഴിഞ്ഞ് ജോലിചെയ്യുന്ന നഴ്സുമാരാണിവർ. രണ്ട് വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് കോഴ്സ് പ്രവേശന പരീക്ഷയ്ക്കായി ജോലിക്കിടെ ബുദ്ധിമുട്ടി പഠിച്ചാണ് പരീക്ഷക്കെത്തിയത്. ഇനി അടുത്ത വർഷമാണ് പരീക്ഷ ഉണ്ടാവുക. റെയിൽവേയുടെ പിഴവുകൊണ്ട് അവസരം നഷ്ടപ്പെട്ടതിനാൽ പരീക്ഷാ നടത്തിപ്പുകാരായ എൽബിഎസ് അധികൃതരെ ബന്ധപ്പെടാനുള്ള നീക്കത്തിലാണിവർ.
