KOYILANDY DIARY.COM

The Perfect News Portal

രാഹുല്‍ ഗാന്ധിയുടെ അയോഗ്യ പെട്ടന്ന് നീക്കണം: ഇല്ലെങ്കിൽ നിയമനടപടിക്ക് കോൺഗ്രസ്സ്

സുപ്രിംകോടതി ഇടക്കാല ഉത്തരവ് വന്നതോടെ, രാഹുല്‍ ഗാന്ധിയുടെ അയോഗ്യ ലോക്‌സഭാ സെക്രട്ടേറിയറ്റ് പിന്‍വലിക്കുന്നത് കാത്ത് കോണ്‍ഗ്രസ് നേതൃത്വം. അയോഗ്യത പിന്‍വലിച്ച് വിജ്ഞാപനമിറക്കുന്നത് വൈകിയാല്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വയനാട്ടില്‍ വീണ്ടും രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ വലിയ ആവേശത്തിലാണ് കോണ്‍ഗ്രസ്. ലോകസഭ അംഗത്വത്തില്‍ നിന്നുള്ള അയോഗ്യത നീങ്ങി തിങ്കളാഴ്ച തന്നെ രാഹുല്‍ പാര്‍ലമെന്റില്‍ എത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. വിഷയത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ചൊവ്വാഴ്ച നടക്കുമ്പോള്‍ രാഹുല്‍ പാര്‍ലമെന്റില്‍ ഉണ്ടാകുമെന്ന് ഉറപ്പുവരുത്താനുള്ള നീക്കത്തിലാണ് കോണ്ഗ്രസ്.

 

സുപ്രിംകോടതി വിധിവന്നതിന് പിന്നാലെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട്, രാഹുലിന്റെ അയോഗ്യത നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ചക്കുള്ളില്‍ അയോഗ്യത പിന്‍വലിക്കുന്ന നടപടി ഉണ്ടായില്ലെങ്കില്‍, നിയമപരമായ പോരാട്ടങ്ങളിലേക്ക് അടക്കം നീങ്ങനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

Advertisements

 

ശിക്ഷിക്കപ്പെട്ട് 24 മണിക്കൂറിനകം അയോഗ്യനാക്കിയെങ്കില്‍, അതേ വേഗതയില്‍ തന്നെ അയോഗ്യത പിന്‍വലിക്കാനും നടപടി ഉണ്ടാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ പ്രചരണമാക്കാനും കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വര്‍ഷകാലസമ്മേളനത്തില്‍ തന്നെ രാഹുല്‍ഗാന്ധി സഭയിലെത്തിയാല്‍ അത് ഒരു രാഷ്ട്രീയ വിജയമാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

Share news