KOYILANDY DIARY.COM

The Perfect News Portal

തെളിനീരൊഴുകിതുടങ്ങി.. കയർ ഭൂവസ്‌ത്രമുടുത്ത്‌ ജില്ലയിലെ നീർത്തടങ്ങൾ

കോഴിക്കോട്‌: തെളിനീരൊഴുകിതുടങ്ങി.. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘നവകേരളം’ മിഷനിലൂടെ കയർ ഭൂവസ്‌ത്രമുടുത്ത്‌ ജില്ലയിലെ നീർത്തടങ്ങൾ. മണ്ണ്‌, ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ നീർത്തടങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം. ചെറുതോടുകളും പാടശേഖരങ്ങളോട്‌ ചേർന്നുള്ള കുഞ്ഞുനീരൊഴുക്കുകളുമാണ്‌ കയർ ഭൂവസ്‌ത്രം വിരിച്ച്‌ സംരക്ഷിക്കുന്നത്‌. 
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയെ കൂട്ടിയിണക്കിയുള്ള പ്രവർത്തനം പരമ്പരാഗത കയർവ്യവസായത്തിനും കുതിപ്പാണ്‌ സമ്മാനിച്ചത്‌. ആയിരക്കണക്കിന്‌ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനായി. കരയിടിഞ്ഞും കൈയേറ്റത്താലും നീരൊഴുക്ക്‌ തടസ്സപ്പെട്ട നീർച്ചാലുകളാണ്‌ പുനരുജ്ജീവിപ്പിക്കുന്നത്‌.  12 ബ്ലോക്ക്‌ പഞ്ചായത്തുകളിലായി 360 നീരൊഴുക്കുകളിലാണ്‌ കയർ ഭൂവസ്‌ത്രം പദ്ധതി നടപ്പാക്കിയത്‌. ഇതിൽ 296 പ്രവൃത്തികൾ പൂർത്തിയാവുകയോ വിവിധ ഘട്ടങ്ങളിലോ ആണ്‌.
2,09,395 ചതുരശ്ര മീറ്റർ കയറാണ്‌ ഉപയോഗിച്ചത്‌. മണ്ണിടിച്ചിൽ തടഞ്ഞ്‌ നീരൊഴുക്ക്‌ സംരക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ പരിസ്ഥിതി സൗഹൃദമാർഗമാണിത്‌. ഇരുകരകളിലെയും കാടും മാലിന്യങ്ങളും നീക്കി വൃത്തിയാക്കി മണ്ണുനിറച്ച്‌ കയർവല വിരിച്ച്‌ കുറ്റി നാട്ടി ഉറപ്പിക്കുന്നതാണ്‌ രീതി. ഇതുവഴി മണ്ണൊലിപ്പും മണ്ണിടിച്ചിലും തടയാനാവും. കയർ നശിക്കുന്ന ഘട്ടമാവുമ്പോഴേക്കും മണ്ണിന്‌ ദൃഢത കൈവരും. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ഫണ്ടാണ്‌ പ്രധാനമായും ചെലവഴിച്ചത്‌. 
‘ഇനി ഞാൻ ഒഴുകട്ടെ’ ക്യാമ്പയിന്റെ ഭാഗമായി നീരൊഴുക്കുകൾ ജനകീയ പങ്കാളിത്തത്തോടെയാണ്‌ പലയിടത്തും ശുചീകരിച്ചത്‌. നവകേരളത്തിലെ ജലസംരക്ഷണ ഉപമിഷനിലൂടെ കുന്നമംഗലം, കോഴിക്കോട്‌ ബ്ലോക്കുകളിൽ ജലബജറ്റ്‌ തയ്യാറായി. അതത്‌ പ്രദേശങ്ങളുടെ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഈ രേഖയെ അടിസ്ഥാനമാക്കിയാവും ഭാവി വികസന പദ്ധതികൾ തയ്യാറാക്കുക. വടകര നഗരസഭാ ജല ബജറ്റ്‌ നടപടി പുരോഗമിക്കുകയാണ്‌.
Share news