KOYILANDY DIARY.COM

The Perfect News Portal

ഡ്രോണുകൾ പറക്കും: ലഹരിയെ പൂട്ടാൻ

കോഴിക്കോട്‌: സ്‌കൂൾ പരിസരത്ത്‌ തമ്പടിച്ചും ബൈക്കുകളിൽ കറങ്ങിയും ലഹരി വിൽക്കുന്ന സംഘങ്ങൾക്ക്‌ പൂട്ടിടാൻ ഡ്രോണുകൾ പറക്കും. കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാനാണ്‌ പൊലീസ് ഡ്രോൺ പരിശോധന ആരംഭിച്ചത്‌.
സിറ്റി പരിധിയിലെ പൊതുസ്ഥലങ്ങളിലും സ്കൂൾ പരിസരങ്ങളിലുമാണ് ആദ്യഘട്ടത്തിൽ പരിശോധന. 250 ഗ്രാം തൂക്കമുള്ള നാനോ ഡ്രോൺ തെളിമയുള്ള ചിത്രങ്ങളും വീഡിയോകളും നൽകും. ഇവയ്‌ക്ക്‌ 120 മീറ്ററിലധികം ഉയരത്തിൽനിന്ന്‌ ആകാശ നിരീക്ഷണം നടത്താനാകും. 
ലഹരി സംഘങ്ങളിലേക്ക് പൊലീസിന് എളുപ്പത്തിൽ എത്താനാകുന്നതാണ്‌ ഈ സംവിധാനം. ഡിജിസിഎ ലൈസൻസ് നേടിയ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ് കുമാർ, വിപിൻദാസ് എന്നിവരാണ്‌ ഡ്രോണുകൾ നിയന്ത്രിക്കുക.

 

Share news