KOYILANDY DIARY

The Perfect News Portal

ഹൃദയ ആകൃതിയിലുള്ള മല, ഭാവി പറയുന്ന പുണ്യ ജലം

പടിഞ്ഞാറാന്‍ സിക്കിമിലെ പ്രശസ്തമായ ഒരു ബുദ്ധ വിഹാരമാണ് ടാഷിദിങ് ബുദ്ധ വിഹാരം. യുക്സോമില്‍ നിന്ന് 19 കിലോമീറ്റര്‍ തെക്ക് കിഴക്കായി, റാതോങ് ചൂവിനും റംങീത് നദിക്കും ഇടയിലായി ഉയര്‍ന്ന് നില്‍ക്കുന്ന ഒരു മൊട്ടക്കുന്നിലാണ് ഈ ബുദ്ധ വിഹാരം സ്ഥിതി ചെയ്യുന്നത്.

യുക്സോം സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് ടാഷിദിങ് ബുദ്ധ വിഹാരം. ടാഷിദിങ് ബുദ്ധ വിഹാരത്തേക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍  വായിക്കാം.

01 ഹൃദയത്തിന്റെ ആകൃതിയിലുള്ള മല

Advertisements

ടാഷിദിങ് ബുദ്ധ വിഹാരം സ്ഥിതി ചെയ്യുന്ന മലയ്ക്ക് ഹൃദയത്തിന്റെ ആകൃതിയാണ്. ഇവിടെ നിന്ന് നോക്കിയാല്‍ കാഞ്ചന്‍ ജംഗയുടെ സുന്ദരമായ കാഴ്ച കാണാന്‍ കഴിയും. 

02. പവിത്രമായ സ്ഥലം

സിക്കിമിലെ പരമ പവിത്രമായ സ്ഥലങ്ങളില്‍ ഒന്നാണ് ടാഷിദിങ് സന്യാസി മഠം. ഈ ബുദ്ധ വിഹാരം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് പദ്മസംഭവ ഗുരു എട്ടാം നൂറ്റാണ്ടില്‍ സിക്കിമിനെ അനുഗ്രഹിച്ചുവെന്നാണ് വിശ്വാസം.

03. ങ്ദക് സെമ്ബാ ചെമ്ബോ

പതിനെട്ടാം നൂറ്റാണ്ടില്‍ ങ്ദക് സെമ്ബാ ചെമ്ബോ ആണ് ഈ ആശ്രമം സ്ഥാപിച്ചത്. സിക്കിമിലെ ആദ്യ ചോഗ്യാലയുടെ കിരീടധാരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ മൂന്നു ലാമമാരില്‍ ഒരാളായിരുന്നു അദ്ദേഹം.

04. തോങ് വാറംഗ് ദോള്‍

പ്രശസ്തമായ ഒരു സ്തൂപവും ഇവിടെ ഉണ്ട്. തോങ് വാറംഗ് ദോള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. കാണുന്നവരുടെ സംരക്ഷകന്‍ എന്നാണ് തോങ് വാറംഗ് ദോള്‍ എന്ന വാക്കിനര്‍ത്ഥം. സ്തൂപം കണ്ടാല്‍ തന്നെ പാപമുക്തി ലഭിക്കുമെന്നാണ് വിശ്വാസം.

05. ഭുംചു ഉത്സവം

പുണ്യജലോത്സവം ഈ സന്യാസി മഠത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. എല്ലാവര്‍ഷവും ഇവിടെ ഈ ആഘോഷം നടക്കാറുണ്ട്. ഭുംചു ഉത്സവം എന്ന് അറിയപ്പെടുന്ന ഈ ആഘോഷം ചാന്ദ്രമാസത്തിലെ 14, 15 ദിവസങ്ങളിലാണ് നടത്തുന്നത്. ഈ ദിവസങ്ങളില്‍ ഇവിടെ എത്തുന്ന വിശ്വാസികളെ പുണ്യജലം നല്‍കി അനുഗ്രഹിക്കും.

06. ഭാവി പ്രവചിക്കുന്ന പുണ്യജലം

ഈ ദിവസങ്ങളില്‍ മാത്രമാണ് ഒരു പാത്രത്തില്‍ വച്ചിരിക്കുന്ന പുണ്യജലം പുറത്തെടുക്കുന്നത്. ഈ പാത്രത്തിലെ ജല നിരപ്പ് നോക്കി അടുത്ത വര്‍ഷത്തെ ഭാവി പ്രവചിക്കുന്ന ഒരു ചടങ്ങും ഇതിന്റെ കൂടെയുണ്ട്. ആഘോഷം കഴിഞ്ഞാല്‍ ഇത് അടച്ച്‌ സന്യാസി മഠത്തില്‍ സൂക്ഷിക്കും.

07. യുക്സോമിനെക്കുറിച്ച്‌

സിക്കിമിലെ പടിഞ്ഞാറന്‍ ജില്ലയാണ് യുക്സോം സ്ഥിതി ചെയ്യുന്നത്. മതപരമായ പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങള്‍ യുക്സോമിന് ചുറ്റിലുമുണ്ട്. ഗെയ്സിംഗില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ഈ പട്ടണം സിക്കിമിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ട്രെക്കിംഗ് ആരാധകരുടെ പ്രിയ കേന്ദ്രം കൂടിയാണ് യുക്സോം.

Leave a Reply

Your email address will not be published. Required fields are marked *