KOYILANDY DIARY.COM

The Perfect News Portal

ഓണപ്പൊട്ടനുനേരെയുള്ള സംഘപരിവാര്‍ ആക്രമണം ആസൂത്രിതമാണെന്ന് സിപിഐ എം

കോഴിക്കോട് > നാദാപുരത്ത് തിരുവോണദിവസം ഓണപ്പൊട്ടന്‍ കെട്ടി വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ തെയ്യം കലാകാരനായ സജേഷിനെതിരായ സംഘപരിവാര്‍ ആക്രമണം ആസൂത്രിതമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഓണത്തെ വാമനജയന്തിയാക്കി ആഘോഷിക്കണമെന്ന സംഘപരിവാര്‍ നിലപാടിന്റെ ഭാഗമാണ് കലാകാരനുനേരെയുള്ള കൈയേറ്റം.

നാദാപുരം വിഷ്ണുമംഗലം അത്തിയോട്ട് ക്ഷേത്രപരിസരത്തുവച്ചാണ് സജേഷിനെ ആര്‍എസ്എസുകാര്‍ ആക്രമിക്കുന്നത്. ആര്‍എസ്എസ് തീരുമാനത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ തലേദിവസം വീടുകളില്‍ കയറി ഓണപ്പൊട്ടനെ ബഹിഷ്കരിക്കാന്‍ നിര്‍ദേശിച്ചിരുന്നു.  ഓണപ്പൊട്ടന്‍ ഹൈന്ദവ വിരുദ്ധമാണെന്നും വരുമ്പോള്‍ വീടുകള്‍ തുറക്കാന്‍ പാടില്ലെന്നും വീടുകളില്‍ പോയി അവര്‍ പറഞ്ഞു.

വര്‍ഷങ്ങളായി വടക്കേ മലബാറിലെ ജനങ്ങള്‍ ഓണപ്പൊട്ടനെ ആദരപൂര്‍വമാണ് വീടുകളിലേക്ക് സ്വീകരിക്കുന്നത്. തെയ്യം കോലമായ ഓണപ്പൊട്ടന്‍, തന്റെ പ്രജകളെ സന്ദര്‍ശിക്കാനെത്തുന്ന മഹാബലിയാണെന്നാണ് വിശ്വാസം.
അക്രമത്തിനിരയായ  സജേഷ് മലബാറിലെ പ്രശസ്തമായ  തെയ്യം കലാകാരന്മാരുടെ കുടുംബത്തിലെ അംഗമാണ്. മലയ സമുദായത്തില്‍പ്പെട്ട സജേഷിനെ ‘ഓണപ്പൊട്ടനായി വേഷം കെട്ടുമോ’ എന്നു ചോദിച്ചാണ് മര്‍ദിച്ചത്.
കലാകാരന്മാരെയും ഹിന്ദുരാഷ്ട്രവാദത്തിനെതിരായ ഐതിഹ്യങ്ങളെയും സാധാരണജനങ്ങളുടെ വിശ്വാസ ആചാരങ്ങളെയും കടന്നാക്രമിക്കുന്ന രാഷ്ട്രീയ സംസ്കാരത്തിനെതിരെ എല്ലാ വിഭാഗം കലാകാരന്മാരും എഴുത്തുകാരും പ്രതിഷേധിക്കണം.   ആര്‍എസ്എസുകാര്‍ക്കെതിരെ പട്ടികജാതി അതിക്രമം തടയല്‍ നിയമം ഉള്‍പ്പെടെ ഉപയോഗിച്ച് കേസെടുത്ത് അറസ്റ്റുചെയ്യണം.

Advertisements

സജേഷിനെതിരെ കള്ളക്കേസ് കൊടുത്ത് തങ്ങളുടെ ദളിത് വിരുദ്ധ–വര്‍ഗീയ അക്രമങ്ങള്‍ക്ക് എതിരെ ഉയരുന്ന പ്രതിഷേധങ്ങളില്‍നിന്ന് മുഖം രക്ഷിക്കാനുള്ള  ശ്രമങ്ങള്‍ ആര്‍എസ്എസ് കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഇതിന് പൊലീസ് വഴങ്ങരുത്. അക്രമത്തിനുത്തരവാദികളായവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ജില്ലാസെക്രട്ടറിയറ്റ്  ആവശ്യപ്പെട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *