KOYILANDY DIARY

The Perfect News Portal

ദിവസത്തില്‍ രണ്ട് തവണ അപ്രത്യക്ഷമായി ആളുകളുമായി ഒളിച്ചുകളി നടത്തുന്ന റോഡ്

പല അപകടകരമായ റോഡുകളും ഈ ലോകത്തുണ്ട് എന്നാല്‍ എല്ലാത്തില്‍ നിന്നും വ്യത്യസ്തമായി വളരെയേറെ ഭീതിജനിപ്പിക്കുന്നതാണ് ഫ്രാന്‍സിലെ ‘ഡു ഗോയിസ് ‘. മനുഷ്യ നിര്‍മാണ രീതി മൂലമായിരിക്കും മിക്ക റോഡുകളും അപകടകാരികളായി തീരുന്നത് എന്നാല്‍ ഡു ഗോയിസ് പ്രകൃത്യാതന്നെ അപകടകാരിയാണ്.

ലോകത്തേവിടേയും ഇതുപോലൊരു റോഡ് ഇല്ലെന്നുള്ളത് കൊണ്ട് തന്നെ ഈ റോഡിന്റെ പേരില്‍ ഫ്രാന്‍സും പ്രസിദ്ധിയാര്‍ജ്ജിച്ചെന്നു വേണം പറയാന്‍. ഭാവിയില്‍ ഫ്രാന്‍സിലേക്കൊരു യാത്രപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം ഈ റോഡിന്റെ അപകടാവസ്ഥയെ കുറിച്ച്‌ മനസിലാക്കുന്നത് നല്ലതായിരിക്കും. സാഹിസക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ റോഡൊരു മുതല്‍ക്കൂട്ടായിരിക്കും.

ദിവസേന രണ്ട് തവണ അപ്രത്യക്ഷമാകുന്ന റോഡിനെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ ഡു ഗോയിസ് പ്രസിദ്ധമായിരിക്കുന്നത് അത്തരത്തിലാണ്.

ഫ്രാന്‍സിലെ നോയര്‍മോറ്റിയര്‍ ദ്വീപിനെ ഗള്‍ഫ് ഓഫ് ബര്‍ണഫുമായി ബന്ധിപ്പിക്കുന്ന റോഡായ ഡു ഗോയിസ് ശക്തമായ വേലിയേറ്റ സമയങ്ങളില്‍ പൂര്‍ണമായും വെള്ളത്തിനടയില്‍ അകപ്പെട്ടു പോകും.

Advertisements

2.58 മൈല്‍ ദൈര്‍ഘ്യമുള്ള റോഡ് വേലിയേറ്റ സമയങ്ങളില്‍ 13 അടിയോളം വെള്ളത്തിലാണ്ടു പോകാറുണ്ട്. അതുകൊണ്ടുതന്നെ വളരെ ഭീതിജനിപ്പിക്കുന്നതാണ് ഇതുവഴിയുള്ള ഗതാഗതവും.

ദിവസത്തില്‍ രണ്ട് തവണ വെള്ളത്താല്‍ മൂടപ്പെട്ട് റോഡ് അപ്രത്യക്ഷമാകും എന്നതിനാല്‍ വളരെ കുറച്ച്‌ നേരത്തേക്ക് മാത്രമെ റോഡ് ഉപയോഗിക്കാനും സാധിക്കുകയുള്ളൂ. ബാക്കി സമയങ്ങളില്‍ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലാകും.

ഏതൊക്കെ സമയങ്ങളിലായിരിക്കും റോഡ് സുരക്ഷിതമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുക എന്ന വിവരങ്ങള്‍ നല്‍കുന്ന പാനലുകള്‍ റോഡിനിരുവശവും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലപ്പോഴക്കെ ഇതു പാളിപോകാറുണ്ട്.

പ്രകൃതി എന്നത് പ്രവചനാതീതമാണ് എന്നുള്ളതുകൊണ്ടു തന്നെ ചിലപ്പോഴേക്കെ ആളുകളും വണ്ടികളുമടക്കം വെള്ളത്തിലാണ്ടു പോകാറുണ്ട്.

അത്തരം സന്ദര്‍ഭങ്ങളില്‍ സ്വയരക്ഷയ്ക്കായി റോഡിനിരിവശത്തും ചില റെസ്ക്യു ടവറുകള്‍ നിര്‍മിച്ചിട്ടുണ്ട്.

പൊടുന്നനെ വേലിയറ്റമുണ്ടാകുമ്ബോള്‍ ഈ ടവറില്‍ അഭയം പ്രാപിക്കാം. വെള്ളമിറങ്ങുന്നതു വരെ കാത്തുനില്‍ക്കേണ്ടതായും വരും.

എന്നാല്‍ നിങ്ങളുടെ വാഹനത്തെ രക്ഷപ്പെടുത്താന്‍ വേറെ മാര്‍ഗമൊന്നുമില്ലാത്തതിനാല്‍ അതേക്കുറിച്ച്‌ മറക്കുന്നതായിരിക്കും നല്ലത്. സ്വന്തം തടി രക്ഷിക്കാന്‍ ടവറില്‍ കയറിപ്പറ്റാം അത്രതന്നെ.

1701 കാലഘട്ടത്തിലായിരുന്നു ഈ റോഡിന്റെ നിര്‍മാണം നടത്തിയത്. 1840ഓടുകൂടി വാഹന ഗതാഗതവും ഇതുവഴി ആരംഭിച്ചു തുടങ്ങി.

അപകടകാരിയാണെങ്കില്‍ കൂടിയും ഡു ഗോയിസ് സൈക്കിളോട്ടത്തിന് വളരെ പ്രസിദ്ധി നേടിയതാണ്.

1999ല്‍ ടൂര്‍ ദി ഫ്രാന്‍സ് ബൈസിക്കിള്‍ റേസ് എന്ന സൈക്കിളോട്ടത്തിനു ഈ റോഡ് ഉപയോഗിച്ചിരുന്നു. അവസാനമായി അത്തരത്തിലുള്ളൊരു സൈക്കിളോട്ടം 2011ലായിരുന്നു സംഘടിപ്പിച്ചത്.

സാഹസിക യാത്ര ആസ്വദിക്കുന്നവര്‍ക്ക് എന്നും ഓര്‍മിച്ചുവെക്കാവുന്ന ഒരു നല്ലൊരു അനുഭവം തന്നെയായിരിക്കുമിത്.

 

Leave a Reply

Your email address will not be published. Required fields are marked *