“മാലിന്യമുക്ത നവകേരളം” സോഷ്യൽ ഓഡിറ്റ് ശില്പശാല സംഘടിപ്പിച്ചു

“മാലിന്യമുക്ത നവകേരളം” പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ സോഷ്യൽ ഓഡിറ്റ് ശില്പശാല നടത്തി. നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ. സത്യൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സി.പ്രജില അദ്ധ്യക്ഷത വഹിച്ചു. മാലിന്യമുക്ത നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ ഓഡിറ്റ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.

2024 മാർച്ചോടു കൂടി നഗരസഭയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തി മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭയിൽ നടന്നു വരികയാണ്. 2023 മാർച്ച് 15 മുതൽ മെയ് 31 വരെ നഗരസഭയിൽ നടത്തിയ പ്രവർത്തനങ്ങളാണ് സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുന്നത്. നഗരസഭയിലെ ശുചിത്വ മാലിന്യ പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റ് ചെയ്യുന്നതിനായി 24 അംഗങ്ങളുള്ള ടീമാണ് പ്രവർത്തിക്കുന്നത്.

നഗരസഭയിലെ വീടുകളിലും സ്ഥാപനങ്ങളിലും ഓഡിറ്റ് ടീം നേരിട്ട് പരിശോധന നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കും. നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ.ബാബു സ്വാഗതവും സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.പി സുരേഷ് നന്ദിയും പറഞ്ഞു.
