KOYILANDY DIARY.COM

The Perfect News Portal

വ്യാജരേഖാ കേസില്‍ അറസ്റ്റിലായ കെ വിദ്യയുടെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി

വ്യാജരേഖാ കേസില്‍ അറസ്റ്റിലായ കെ വിദ്യയുടെ ഫോണില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി പൊലീസ്. വ്യാജരേഖയുടെ പകര്‍പ്പ് വിദ്യയുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെത്തിയെന്നാണ് സൂചന. സൈബര്‍ വിദഗ്ധരാണ് വിദ്യയുടെ ഫോണ്‍ വിശദമായി പരിശോധിച്ചത്. ഫോണിലെ പല ചിത്രങ്ങളും ഇ മെയില്‍ സന്ദേശങ്ങളും ഡിലീറ്റ് ചെയത നിലയിലായിരുന്നു. ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ വീണ്ടെടുത്തപ്പോള്‍ വിദ്യയ്ക്ക് കുരുക്കാകുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പുറത്തുവരുന്ന സൂചന.

അഗളി പൊലീസ് കെ. വിദ്യയെ കസ്റ്റഡിയില്‍ വാങ്ങിയിട്ട് രണ്ട് ദിവസമായി. തെളിവെടുപ്പിനായി എങ്ങോട്ടും കൊണ്ടുപോയിട്ടില്ല. വിദ്യയെ ഇന്ന് അട്ടപ്പാടി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. അഗളി പൊലീസ് കസ്റ്റഡി കാലാവധി നീട്ടിചോദിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.

അതിനിടെ കരിന്തളം കോളജില്‍ വ്യാജരേഖ സമര്‍പ്പിച്ച് ജോലി നേടിയ സംഭവത്തില്‍ വിദ്യയെ അറസ്റ്റ് ചെയ്യണമെന്ന് നീലേശ്വരം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജി പരിഗണിച്ചാല്‍ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയില്‍ നല്‍കാനും സാധ്യതയുണ്ട്. വ്യാജരേഖയുടെ അസ്സല്‍ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Advertisements

അതേസമയം വിദ്യയുടെ ഫോണില്‍ വ്യാജരേഖ ഉണ്ടാകുമെന്നും ഇത് ഡിലീറ്റ് ചെയ്തതാണെന്നുമുള്ള സംശയമാണ് പൊലീസിനുള്ളത്. ഇത് കണ്ടെത്താനായി സൈബര്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഫോണില്‍നിന്ന് ഡിലീറ്റ് ചെയ്ത ഇമെയിലുകളും ഫോട്ടോകളും തിരികെ ലഭിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇന്നലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Share news