ഖാദി ബോർഡ് 150 കോടി രൂപ വിൽപ്പന ലക്ഷ്യം: പി ജയരാജൻ

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം ഖാദി ബോർഡ് 150 കോടി രൂപ വിൽപ്പന ലക്ഷ്യം കൈവരിക്കുമെന്ന് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ സംസ്ഥാന പ്രതിനിധികളുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തികവർഷം ചരിത്രത്തിൽ ആദ്യമായി 60 കോടിയുടെ വിൽപ്പന നടന്നു. മഹാമാരിക്ക് മുമ്പുപോലും ഇത്ര വിൽപ്പന ഉണ്ടായിട്ടില്ല.

സർക്കാർ ജീവനക്കാർ ആഴ്ചയിലൊരു ദിവസം ഖാദിവസ്ത്രം ധരിക്കണമെന്ന സർക്കാരിന്റെ ഉത്തരവ് മികച്ച നേട്ടത്തിന് വഴിയൊരുക്കി. കഴിഞ്ഞതവണയും ജീവനക്കാരുടെ സംഘടന സംസ്ഥാന പ്രതിനിധികളുമായി ചർച്ച ചെയ്തിരുന്നു. അതിന്റെ ഫലം കൂടിയാണ് 60 കോടിയെന്ന വില്പനയിലെത്തിയത്. ഈ വർഷവും ജീവനക്കാരുടെ സഹകരണം ഉണ്ടാകുമെന്ന് സംഘടനാ പ്രതിനിധികൾ ഉറപ്പുനൽകി.


ചർച്ചയിൽ എ ഡി ശശിധരൻ, വി കെ ഷീജ (എൻജിഒയു ), എ എം ജാഫർ ഖാൻ (എൻജിഒഎ), ജി കെ ഹരികുമാർ, എ നജീബ് (കെഎസ്‌ടിഎ), കെ എൻ അശോക് കുമാർ (കെഎസ്‌ഇഎ), കെ ഹരികൃഷ്ണൻ യൂണിവേഴ്സിറ്റി കോൺഫെഡറേഷൻ), എസ് സനൽകുമാർ, എം ബി സജീവ് കുമാർ (കെഎസ്‌ഇബിഡബ്ല്യുഎ), എസ് ശ്രീകണ്ഠൻ (കെഎസ്‌എഫ്‌ഇഒയു), ആർ ലക്ഷ്മി (കെഎസ്‌എഫ്‌ഇഎസ്‌എ), കെ ബിജു കുമാർ, എസ് രഞ്ജീവ് (എകെഡബ്ല്യുഎഒ), പി അജികുമാർ (കെഎഫ്‌സിഇഎ), ഡി അനിൽകുമാർ (കെയുഇയു), ഖാദി ബോർഡ് സെക്രട്ടറി ഡോ. കെ രതീഷ്, മാർക്കറ്റിങ് ഡയറക്ടർ സി സുധാകരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് ഖാദി ബോർഡ് ജീവനക്കാരുടെ സംഘടന പ്രതിനിധികളായ ടി ബൈജു, ആർ എസ് മധു, (കെബിഇഎ)), ബി എസ് രാജീവ്, എം ബൈജു കുമാർ (കെബിഇയു) എന്നിവരുമായും പി. ജയരാജൻ ചർച്ച നടത്തി.

