പുതിയാപ്പയിൽ വള്ളം തകർന്ന് 3 പേർക്ക് പരിക്ക്

പുതിയാപ്പയിൽ വള്ളം തകർന്ന് 3 പേർക്ക് പരിക്ക്. പുതിയാപ്പയിൽ നിന്ന് അതിരാവിലെ കടലിൽ പോയ പുതിയങ്ങാടി പള്ളിക്കണ്ടി നെഗാസിന്റെ സെയിൻ കാരിയർ വള്ളമാണ് കടൽക്ഷാേഭത്തെ തുടർന്ന് തീരത്തു നിന്ന് അൽപം അകലെ തകർന്നത്. വള്ളത്തിന്റെ എൻജിനും നഷ്ടമായി.

പുതിയാപ്പ ചേരിക്കുഴിയിൽ ശ്യാംജിത്ത്, ഒഡിഷ സ്വദേശികളായ സോമനാഥ് ബഹ്റ, സന്തോഷ് ബഹ്റ എന്നിവർക്കാണ് പരിക്കേറ്റത്. കടൽക്ഷോഭം രൂക്ഷമാവുന്നതറിഞ്ഞയുടൻ കരയിലേക്ക് തിരിച്ചു വരുന്നതിനിടെ തിരമാല ഉയർന്നു പൊങ്ങിയതോടെ മൂന്നുപേരും വള്ളത്തിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. കാലിന് പരിക്കേറ്റ ഇവരെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷിച്ച് കരക്കെത്തിക്കുകയായിരുന്നു.

ഏതാണ്ട് രണ്ടു ലക്ഷം രൂപയുടെ നഷ്ടം വന്നതായാണ് വിവരം. തീരദേശ പൊലീസിലും ഫിഷറീസ് അധികൃതരെയും അറിയിച്ചിട്ടും സമയത്ത് സഹായിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കാരിയർ വള്ളത്തിന്റെ മുമ്പിൽ പോയ ഫൈബർ വള്ളം ആടിയുലഞ്ഞ് ഇതിലുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

