KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് കോഴി ഇറച്ചി വില കൂടി. കോഴിക്കടകള്‍ 14 മുതല്‍ അടച്ചിടുമെന്ന് ഉടമകള്‍

സംസ്ഥാനത്ത് കോഴി ഇറച്ചി വില കൂടി. കോഴിക്കടകള്‍ 14 മുതല്‍ അടച്ചിടുമെന്ന് ഉടമകള്‍. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 160 മുതൽ 170 രൂപ വരെയായിരുന്ന വില ഇപ്പോൾ 220 മുതൽ 250 വരെയായി. കഴിഞ്ഞ ഒരു മാസത്തിനിടെ കൂടിയത് 90 രൂപയാണ്. കോഴിമുട്ടയുടെ വിലയും വർധിച്ചിട്ടുണ്ട്. ഒരു കോഴി മുട്ടയ്ക്ക് 6 രൂപയാണ് നിലവിലെ വില. 4-5 രൂപയായിരുന്ന മുട്ടയ്ക്കാണ് നിലവിൽ 6 രൂപയായത്. ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഫാം ഉടമകൾ പറയുന്നു. എന്നാൽ അനാവശ്യമായി ഫാം ഉടമകൾ വില വർധിപ്പിക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി.

ബ്രോയിലര്‍ കോഴി ഇറച്ചിയുടെ വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് ചിക്കന്‍ വ്യാപാരി വ്യവസായി സമിതി അറിയിച്ചു. വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കച്ചവടക്കാരും 14-ാം തീയതി അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് വ്യാപാരികള്‍ അറിയിച്ചു.

ഉത്സവ സീസണില്‍ പോലും ഇല്ലാത്ത വില വര്‍ദ്ധനവിലേക്കാണ് ബ്രോയിലര്‍ കോഴി ഇറച്ചിയുടെ വില കുതിച്ചുയരുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ പേരില്‍ ചരിത്രത്തില്‍ ഇല്ലാത്ത വിലയാണ് കോഴി ഇറച്ചിക്ക് ഇപ്പോള്‍ ഫാമുകള്‍ ഈടാക്കുന്നത്. ഫാമുകളുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും സംഘടന ജില്ലാ പ്രസിഡണ്ട് കെ.വി റഷീദ് പറഞ്ഞു. ജില്ലാ സെക്രട്ടറി മുസ്തഫ കിണാശേരി, ട്രഷറര്‍ സി.കെ. അബ്ദുറഹ്‌മാന്‍, ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ഭാരവാഹികളായ സാദിഖ് പാഷ, സിയാദ്, ആബിദ്, അലി കുറ്റിക്കാട്ടൂര്‍, നസീര്‍ പുതിയങ്ങാടി എന്നിവര്‍ സംസാരിച്ചു.

Advertisements

 

Share news