KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് പാലത്തിന് സമീപം പുള്ളിമാനിൻ്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നെന്ന് ഫോറസ്റ്റ് അധികൃതർ

കൊയിലാണ്ടിയിൽ പുള്ളിമാനിൻ്റെ ജഡം കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി ഫോറസ്റ്റ് അധികൃതർ.  കണയങ്കോട് പാലത്തിന് സമീപം രണ്ട് ദിവസം മുമ്പ് പുള്ളിമാനിൻ്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വ്യക്തമാക്കുന്നു. രണ്ട് ദവസം മുമ്പ് നാട്ടുകാരാണ് മാനിനെ കണ്ട വിവരം അധികൃതരെ അറിയിച്ചത്. എന്നാൽ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മാനിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് വൈകീട്ടാണ് മേലൂർ ആന്തട്ട ക്ഷേത്രത്തിന് സമീപം പുള്ളിമാനെ ട്രെയിൻ തട്ടി ചത്ത നിലയിൽ കണ്ടെത്തിയത്. ഇത് നാട്ടുകാർക്ക് നടുക്കവും അമ്പരപ്പും ഉളവാക്കിയിരുന്നു. കൊയിലാണ്ടി പ്രദേശത്ത് ഒരിടത്തും ഇത്തരത്തിൽ ഒരിക്കലും മാനിൻ്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല എന്ന് എല്ലാവരും പറയുന്നു.

ഇന്ന് മാനിൻ്റെ ജഡംകണ്ട ഉടൻതന്നെ നാട്ടുകാർ പോലീസിലും, ഫോറസ്റ്റ് റേഞ്ച് അധികൃതർക്കും വിവരംകൊടുക്കുകയായിരുന്നു. വൈകാതെ തന്നെ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇനി വെറ്ററിനറി സർജ്ജൻ്റെ സഹായത്തോടെ പോസ്റ്റ് മോർട്ടം നടത്തി മരണ കാരണം എന്താണെന്ന് സ്ഥിരീകരിക്കും. നഗര പ്രദേശത്തേക്ക് പുള്ളിമാൻ എത്തുന്നത് അപൂർവ്വമാണ്. അതേ സമയം പെരുവണ്ണാമുഴി തൊട്ട് കോഴിക്കോടിന്റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ മ്ലാവുകളാണ് കൂടുതലായി വളരുന്നത്. കുറ്റ്യാടി തൊട്ട് ആറളം മേഖലയിലാണ് പുള്ളിമാനെ കൂടുതലായും കാണാറുള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരുപക്ഷേ ഇതിനെ ആരെങ്കിലും വളർത്തി വിട്ടയച്ചതാണോ എന്നും അന്വേഷിക്കുമെന്ന് ഇവർ പറഞ്ഞു. പുള്ളിമാനിനെ വളർത്തുന്നത് നിയമപരമായി ശിക്ഷാർഹമാണെന്നും അധികൃതർ പറഞ്ഞു.

Share news