KOYILANDY DIARY.COM

The Perfect News Portal

മണ്ണാർക്കാട്‌ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന്‌ പരിക്ക്‌

മണ്ണാർക്കാട്:  കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന്‌ പരിക്ക്‌. കരിമ്പ കല്ലടിക്കോട് പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന്‌ പരിക്കേറ്റു. മൂന്നേക്കർ മീൻവല്ലം പുല്ലാട്ട് വീട്ടിൽ സഞ്ജു മാത്യു (39) വിനാണ് പരിക്കേറ്റത്. വീടിനോട് ചേർന്നുള്ള ഷെഡിൽ റബർഷീറ്റ് അടിക്കുന്ന മെഷീൻ ആന നശിപ്പിക്കുന്ന ശബ്‌ദംകേട്ട് ഓടിച്ചെന്ന സഞ്ജുവിനെ തുമ്പികൈയിൽ വരിഞ്ഞു മുറുക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. അയൽവാസികളുൾപ്പെടെ ബഹളമുണ്ടാക്കി ഓടിയെത്തിയതോടെ സഞ്ജുവിനെ കുഴിയിലേക്ക് വലിച്ചെറിഞ്ഞ് ആന കാടുകയറിപോയി. സഞ്ജുവിന് തലയ്‌ക്കും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്.
തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലെത്തിച്ച പ്രാഥമിക പരിശോധനകൾക്കുശേഷം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. മൂന്നേക്കർ മേഖലയിൽ ദിവസങ്ങളായി കാട്ടാന ശല്യം തുടരുന്നതിനാൽ മീൻവല്ലത്തേക്കുള്ള പ്രവേശനം താൽക്കാലികമായി അധികൃതർ അടച്ചു.
അട്ടപ്പാടി ഗവ. കോളേജ് ക്യാമ്പസിലെ ഹോസ്റ്റൽ കെട്ടിടത്തിൽ കാട്ടാനകൾ വ്യാപക നാശനഷ്ടമുണ്ടാക്കി. ചൊവ്വ രാത്രി കോളേജ് ഹോസ്റ്റലിൽ ഇറങ്ങിയ കാട്ടാനകൾ കുടിവെള്ളവിതരണ പൈപ്പുകളും സംഭരണിയും തകർത്തു. പെൺകുട്ടികളുടെ ഹോസ്റ്റലിനുചുറ്റും ഭാഗികമായി നിർമിച്ച മതിൽ തകർത്ത് ഉള്ളിൽക്കടന്ന കാട്ടാനകൾ ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ക്യാമ്പസിനുചുറ്റും വേണ്ടത്ര സംരക്ഷണമില്ലെന്നും വെളിച്ചം കുറവാണെന്നും വിദ്യാർഥികൾ പറഞ്ഞു. വേനൽ കനത്തതോടെ അട്ടപ്പാടിയിലെ മിക്ക ജനവാസകേന്ദ്രങ്ങളിലും ആനശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം ആഞ്ചക്കക്കൊമ്പിൽ ഒരാളെ കാട്ടാന ആക്രമിച്ച്‌ കൊലപ്പെടുത്തിയിരുന്നു.

 

Share news