പ്രസവമുറിയും മറ്റു സൗകര്യങ്ങളും ഇല്ല. ബാലുശേരി താലുക്കാശുപത്രിയിൽ യുവതിക്ക് സുഖപ്രസവം
പ്രസവമുറിയും മറ്റു സൗകര്യങ്ങളും ഇല്ല. ബാലുശേരി താലുക്കാശുപത്രിയിൽ യുവതിക്ക് സുഖപ്രസവം. കിനാലൂർ ഓണിവയൽ ലിനീഷിൻ്റെ ഭാര്യ സൗമ്യയാണ് ഞായറാഴ്ച പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയത്. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്താൽ വഴിയിൽ യുവതിക്കോ കുഞ്ഞിനോ എന്തെങ്കിലും കുഴപ്പമായാലോ എന്ന ആശങ്കയിലായിരുന്നു ഡോക്ടർമാർ. അപ്പോഴേക്കും കുഞ്ഞിൻ്റെ തല പുറത്തു വന്നു തുടങ്ങിയിരുന്നു.

പ്രസവസംബന്ധമായ സൗകര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആർ. എസ്. അനൂപ്കൃഷ്ണയും നഴ്സുമാരും ജീവനക്കാരും ചേർന്ന് പെൺകുഞ്ഞിനെ പുറത്തെടുത്തു. പ്രാഥമികമായ എല്ലാ ചികിത്സയും നൽകിയ ശേഷം ശിശുരോഗ വിദഗ്‌ധനെ കൂടി കാണിക്കാൻ ഡോ. അനൂപ് ആശുപത്രിയിലെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

നഴ്സിങ്ങ് അസിസ്റ്റൻ്റ് വത്സല, നഴ്സിങ്ങ് ഓഫീസർമാരായ ഫരീദ, ഫസ്ന, സുരക്ഷാ ജീവനക്കാരി സുജിന എന്നിവരാണ് അടിയന്തര ഘട്ടത്തിൽ ഡോക്ടറോടൊപ്പം ചികിത്സക്ക് നേതൃത്വം നൽകിയത്. ഡോ. അനൂപിനും സംഘത്തിനും സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.

എംഎൽഎ കെ. എം. സച്ചിൻദേവ് ഡോക്ടർക്ക് അഭിനന്ദനം അറിയിച്ചു. ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രസവമുറിയും വാർഡും നിലച്ചിട്ട് 16 വർഷമായി. നേരത്തെ നിരവധി പ്രസവം നടന്ന ആശുപത്രിയായിരുന്നു ഇത്. റഫർ ചെയ്യാൻ പറ്റാത്ത അടിയന്തര കേസുകൾ വരുമ്പോൾ ഡ്യൂട്ടി ഡോക്ടർമാരും ജീവനക്കാരും ബുദ്ധിമുട്ടുകയാണ്.

