രാജ്യത്തെ ആദ്യത്തെ ട്രാൻസ്ജെൻ മാതാപിതാക്കളാവാനൊരുങ്ങി സിയ പവലും സഹദും
കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ ട്രാൻസ്ജെൻ മാതാപിതാക്കളാവാനൊരുങ്ങി സിയ പവലും സഹദും. കോഴിക്കോട് ഉമ്മളത്തൂരിലെ ഇവർ താമസിക്കുന്ന വീടും കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി. സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ സഹദും പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ സിയയും കുഞ്ഞ് ജനിച്ച ശേഷം പത്തുമാസം ചുമന്ന അമ്മ അച്ഛനായും അച്ഛൻ അമ്മയായും മാറും.

പെൺകുഞ്ഞോ അതോ ആൺകുഞ്ഞോ പ്രതീക്ഷയെന്ന ചോദ്യത്തിന് സിയയുടെ മറുപടി ഇങ്ങനെയാണ് ‘‘ആണായാലും പെണ്ണായാലും ഒരേ സന്തോഷത്തോടെ ഞങ്ങൾ ഏറ്റുവാങ്ങും. ഭാവി ജീവിതത്തിൽ അവർ ലിംഗമാറ്റം തെരഞ്ഞെടുത്താലും ആഗ്രഹത്തിനൊപ്പം ഞങ്ങളുണ്ടാവും. മതവും ജാതിയും ലിംഗവിവേചനവും ഇല്ലാതെ കുഞ്ഞ് വളരട്ടെ’.

ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിലുള്ള സങ്കീർണമായ നിയമ നടപടികളെ കുറിച്ച് അറിഞ്ഞ ശേഷമാണ് സ്വാഭാവിക ഗർഭധാരണത്തിൻ്റെ സാധ്യതകളെക്കുറിച്ചുള്ള അന്വേഷിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വിദഗ്ധപരിശോധനകൾക്കു ശേഷം സ്വാഭാവിക ഗർഭധാരണം സാധ്യമാണെന്ന് പറഞ്ഞതോടെയാണ് ഇരുവരും ചികിത്സക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ട്രാൻസ് സമൂഹത്തിൻ്റെ ജീവിതത്തെ അടിമുടി മാറ്റുന്ന കുഞ്ഞിൻ്റെ ജനനത്തിന് മാർച്ചിൽ കോഴിക്കോട് മെഡിക്കൽ കോളേജ് സാക്ഷ്യം വഹിക്കും.

