KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.എഫ്.ഇ ചിട്ടിക്ക് ഈടായി വ്യാജരേഖയുണ്ടാക്കി തട്ടിപ്പ് സംഘം പിടിയിൽ

കോഴിക്കോട്: കെ.എസ്.എഫ്.ഇ യുടെ വിവിധ ശാഖകളില്‍ ചിട്ടിക്ക് ഈടായി വ്യാജ റവന്യൂ രേഖയുണ്ടാക്കി വ്യാപക തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അന്‍പതോളം പേരടങ്ങുന്ന വന്‍ റാക്കറ്റാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ്. സംഘത്തിലെ എട്ട് പേരാണ് ഇതുവരെ  അറസ്റ്റിലായത്.

കേസില്‍ നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച മൂന്ന് പേര്‍ കൂടി പിടിയിലായി. മെഡിക്കല്‍ കോളേജ് കിഴക്കെ ചാലില്‍ ടി. കെ ഷാഹിദ, ആയഞ്ചേരി പൊന്‍മേരി പറമ്പില്‍ മംഗലാട് കളമുള്ളതില്‍ പോക്കര്‍, കിനാലൂര്‍ കൊല്ലരുകണ്ടി പൊയില്‍ കെ. പി മുസ്തഫ എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

കെ.എസ്.എഫ്.ഇ കല്ലായ് ശാഖയില്‍ നിന്ന് ഷാഹിദയുടെ മകന്‍ മൂന്ന് ലക്ഷം രൂപയുടെ ചിട്ടി വിളിച്ചിരുന്നു. ഇതിന് ഈടായി നല്‍കിയത് മറ്റൊരു സ്ത്രീയെ കബളിപ്പിച്ച് പ്രതി മുസ്തഫ കൈക്കലാക്കിയ ആധാരമാണെന്ന് പൊലീസ് കണ്ടെത്തി.

Advertisements

രേഖകളില്‍ സംശയം തോന്നി തദ്ദേശ സ്ഥാപനങ്ങളിലേക്ക് പരിശോധനക്ക് അയച്ചപ്പോഴാണ് വ്യാജ രേഖകളാണെന്ന് തെളിഞ്ഞത്. മുന്‍പ് പിടിയിലായവര്‍ കെ.എസ്.എഫ്.ഇ മാവൂര്‍ റോഡ് ശാഖയില്‍ സമാന തട്ടിപ്പ് നടത്തി പതിനാറര ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പൊലീസ് അറിയിച്ചു. വില്ലേജ് ഓഫീസറുടെ സീല്‍, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി റവന്യൂ രേഖകള്‍ പലതും ഇവര്‍ വ്യാജമായി നിര്‍മ്മിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടന്ന തട്ടിപ്പില്‍ 47 പേര്‍  ഉള്‍പ്പെട്ടതായാണ് പൊലീസിന് ഇതുവരെ ലഭിച്ച വിവരം.

Share news