കലിക്കറ്റ് പ്രസ്ക്ളബ്ബിന്റെ 2015ലെ മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു

കോഴിക്കോട്: കലിക്കറ്റ് പ്രസ്ക്ളബ്ബിന്റെ 2015ലെ മാധ്യമ അവാര്‍ഡുകള്‍ പ്രസ്ക്ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സമ്മാനിച്ചു. മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ പ്രൊഫ. കെ യാസീന്‍ അഷ്റഫ് (മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത് രാമന്‍ അവാര്‍ഡ്), മംഗളം കോഴിക്കോട് ബ്യൂറോ ചീഫ് എം ജയതിലകന്‍ (ജനറല്‍ റിപ്പോര്‍ട്ടിനുള്ള കെ സി മാധവക്കുറുപ്പ് അവാര്‍ഡ്), മനോരമ ന്യൂസ് കോ–ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ റോമി മാത്യു (മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള പി ഉണ്ണികൃഷ്ണന്‍ അവാര്‍ഡ്), മെട്രോ വാര്‍ത്ത ന്യൂസ് എഡിറ്റര്‍ വി സഞ്ജു (മികച്ച സ്പോര്‍ട്സ് റിപ്പോര്‍ട്ടിനുള്ള മുഷ്താഖ് അവാര്‍ഡ്), മാധ്യമം ഫോട്ടോഗ്രാഫര്‍ മുസ്തഫ അബൂബക്കര്‍ (മികച്ച സ്പോര്‍ട്സ് ഫോട്ടോഗ്രാഫിക്കുള്ള മുഷ്താഖ് അവാര്‍ഡ്) എന്നിവര്‍ സ്പീക്കറില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
ചടങ്ങില്‍ പ്രസ്ക്ളബ് സെക്രട്ടറി എന്‍ രാജേഷ് അധ്യക്ഷനായി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി ജെ ജോഷ്വ, ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റര്‍ പി പി അബൂബക്കര്‍, കെഡിഎഫ്എ സീനിയര്‍ വൈസ്പ്രസിഡന്റ് ഇ കുട്ടിശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. പി വിപുല്‍നാഥ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. ഇ പി മുഹമ്മദ് സ്വാഗതവും കെ സി റിയാസ് നന്ദിയും പറഞ്ഞു.

