വ്യാപാരി രാജനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് തെളിവെടുപ്പ് നടത്തി.
വടകര: വിനായക ട്രേഡേഴ്സ് ഉടമ പുതിയാപ്പ് ഗൃഹലക്ഷ്മിയിൽ രാജനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് തെളിവെടുപ്പ് നടത്തി. രാജനെ കൊലപ്പെടുത്തിയ കടയിലും കുപ്പിവെള്ളം വാങ്ങിയ ന്യൂ ഇന്ത്യ ഹോട്ടലിലും കടപ്പുറത്തിനു സമീപം ഷഫീഖ് താമസിച്ച മുറിയിലും എടോടി ബീവറേജസ് ഔട്ട്‌ലെറ്റിലുമാണ് തെളിവെടുപ്പ് നടത്തിയത്.
കൊല നടത്തിയതും സ്വർണം കൈക്കലാക്കിയതുമുൾപ്പെടെ പ്രതി മുഹമ്മദ് ഷഫീഖ് പോലീസിനോട് വിവരിച്ചു. ബൈക്കുമായി തൃശൂരിലേക്ക് പോകുന്നതിനിടയിൽ കുറ്റിപ്പുറത്തു വച്ച് ബൈക്ക് അപകടത്തിൽ പെട്ട് ഷഫീഖിൻ്റെ തോളെല്ലിന് പരുക്കേറ്റിരുന്നു. ഇതു മൂലം കയ്യിൽ ആം സ്ലിങ്ങ് ധരിച്ച് വിലങ്ങണിയിച്ചാണ് പ്രതിയെ കൊണ്ടു വന്നത്.

ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ഡി. വൈ. എസ്. പി. ആർ. ഹരിപ്രസാദ്, പൊലീസ് ഇൻസ്പെക്ടർ പി. എം. മനോജ് എന്നിവരുടെ നേതൃത്വത്തായിരുന്നു തെളിവെടുപ്പ്.

