പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസിനും ജില്ലാ ഭരണകൂടത്തിനും വീഴ്ച പറ്റി: അന്വേഷണ റിപ്പോര്‍ട്ട്

കൊല്ലം> പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസിനും ജില്ലാ ഭരണകൂടത്തിനും വീഴ്ച പറ്റിയെന്ന് എക്സ്പ്ലോസീവ് കണ്‍ട്രോളറുടെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാറിന് കൈമാറും. ജില്ലാഭരണകൂടവും ക്ഷേത്രഭരണസമിതിയും തമ്മില്‍ ഏകോപനമുണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വെടിക്കെട്ടിന് അപേക്ഷ നിരസിച്ചത് അവസാന നിമിഷം മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വെടിക്കെട്ടിന് നല്കിയ അപേക്ഷ നിരസിച്ചിട്ടും ആചാരം മുടക്കാനാവില്ലെന്ന് ക്ഷേത്ര ഭാരവാഹികളുടെ നിലപാടിനെ പൊലീസ് അനുകൂലിക്കുകയായിരുന്നു. വെടിക്കെട്ട് തടയാന്‍ അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. വെടിക്കെട്ട് നടത്തുമ്ബോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ദുരന്ത നിവാരണത്തിനുള്ള സംവിധാനങ്ങളൊന്നും തന്നെ ഏര്‍പ്പെടുത്തിയിരുന്നുമില്ല. വെടിക്കെട്ടിനുള്ള സ്ഫോടക വസ്തുക്കള്‍ക്ക് സുരക്ഷയില്ലാതെയാണ് സൂക്ഷിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ 43 പ്രതികളെ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. പിന്നീട് മുഴുവന്‍ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഏപ്രില്‍ 10നുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 111 പേരാണ് മരിച്ചത്.

