KOYILANDY DIARY.COM

The Perfect News Portal

കെ എം മാണി കേരള കോണ്‍ഗ്രസ് എം മുന്നണിയോട് വിടപറഞ്ഞു

പത്തനംതിട്ട :  യുഡിഎഫ് സംവിധാനത്തിന് അന്ത്യംകുറിച്ച് പ്രമുഖ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എം മുന്നണിയോട് വിടപറഞ്ഞു. ചരല്‍ക്കുന്നിലെ ദ്വിദിന സംസ്ഥാന നേതൃക്യാമ്പിനുശേഷം വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ടി ചെയര്‍മാന്‍ കെ എം മാണി യുഡിഎഫ് വിടുന്നതായി പ്രഖ്യാപിച്ചത്.

ഒരു സാഹചര്യത്തിലും യുഡിഎഫിലേക്ക് തിരിച്ചുപോകില്ലെന്ന മാണി വ്യക്തമാക്കി. ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ മാണിക്കെതിരെ ചരല്‍ക്കുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനും തനിക്കുമെതിരെ കോണ്‍ഗ്രസ് നെറികെട്ട കളികളാണ് നടത്തിയതെന്ന് മാണി തുറന്നടിച്ചു. എല്ലാ മുന്നണിമര്യാദകളും നീതിബോധവും ലംഘിച്ച് കോണ്‍ഗ്രസ് ശത്രുതയോടെയാണ് കേരളാ കോണ്‍ഗ്രസിനോട് പെരുമാറിയത്. അര്‍ഹമായ സീറ്റുകള്‍ നല്‍കിയില്ല. മത്സരിച്ച സ്ഥലങ്ങളില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. പണംഒഴുക്കി റിക്രൂട്ട്ചെയ്ത ബറ്റാലിയനുകളെതന്നെ ഇതിനായി നിയോഗിച്ചിരുന്നു. പാര്‍ടിയെയും തന്നെയും കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചു.

രാജ്യസഭയിലും ലോക്സഭയിലുമായി രണ്ട് എംപിമാരുള്ള പാര്‍ടി അവിടെയും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയുടെ എല്ലാ വിപ്പും അംഗീകരിക്കില്ല. നാല് മുന്‍ മന്ത്രിമാരടക്കം ആറ് എംഎല്‍എമാരുള്ള പാര്‍ടി നിയമസഭയില്‍ പ്രത്യേക ബ്ളോക്കായിരിക്കും. എല്ലാ കക്ഷികളോടും മുന്നണികളോടും സമദൂര നിലപാടായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനം. മുന്നണി മര്യാദകള്‍ പാലിക്കാതെയും നീതിബോധമില്ലാതെയും യുഡിഎഫ് ദുര്‍ബലപ്പെട്ടുവെന്നും ക്യാമ്പ് വിലയിരുത്തി. കേരളാ കോണ്‍ഗ്രസ് കൈക്കൊണ്ട തീരുമാനം യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്ക് പ്രചോദനമാകുമെന്ന പ്രത്യാശയും ക്യാമ്പ് അംഗീകരിച്ച പ്രമേയത്തിലുണ്ട്.

Advertisements

നേതൃക്യാമ്പിന്റെ സമാപനദിവസമായ ഞായറാഴ്ച മാണി യുഡിഎഫ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ പ്രതിനിധികള്‍ കരഘോഷത്തോടെ വരവേറ്റു. പിന്നീട് വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു. പി ജെ ജോസഫ് അടക്കമുള്ള മറ്റ് എല്ലാ നേതാക്കളും ക്യാമ്പിലും വാര്‍ത്താസമ്മേളനത്തിലും പൂര്‍ണമായി പങ്കെടുത്തു.
പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, ഏറ്റുമാനൂര്‍, ഇരിങ്ങാലക്കുട സീറ്റുകളില്‍ കേരളാ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനംചെയ്തതായി ക്യാമ്പ് വിലയിരുത്തി. ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ച് പണം ഒഴുക്കി. പരിശീലനം നേടിയ വളണ്ടിയര്‍മാരെ കോണ്‍ഗ്രസ് റിക്രൂട്ട് ചെയ്തു.

1964 മുതല്‍ ഒറ്റയ്ക്കുനിന്ന പാര്‍ടി  1970 മുതല്‍ 2016 വരെയുള്ള 46 വര്‍ഷത്തിനിടയില്‍ രണ്ടുവര്‍ഷം മാത്രമാണ് യുഡിഎഫിന് പുറത്തുനിന്നത്. നാലു പതിറ്റാണ്ടായുള്ള യുഡിഎഫ് ബന്ധമാണ് ഇപ്പോള്‍ ഉപേക്ഷിച്ചത്. കോണ്‍ഗ്രസ് പിളര്‍ന്ന് പാര്‍ടി രൂപപ്പെട്ട 1964 മുതല്‍ 12 വര്‍ഷം കേരള കോണ്‍ഗ്രസ് തനിയെനിന്ന് ശക്തമായതിന്റെ അനുഭവങ്ങള്‍ മാണി വിവരിച്ചു. അരനൂറ്റാണ്ട് പിന്നിട്ടതിന്റെ വീര്യമുണ്ടെന്നും മാണി ഓര്‍മിപ്പിച്ചു. എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ മുന്നണിവിടുന്ന രാഷ്ട്രീയപ്രമേയത്തിന് അംഗീകാരംനല്‍കി. രാഷ്ട്രീയ, കാര്‍ഷിക, സംഘടനാ പ്രമേയങ്ങളും അംഗീകരിച്ചു.

Share news