പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് നാലുവര്‍ഷം പൂര്‍ത്തിയാകുന്നു. പുനരധിവാസo?

തിരുവമ്പാടി: എട്ടുപേരുടെ മരണത്തിനിടയാക്കിയ പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് നാലുവര്‍ഷം പൂര്‍ത്തിയാകുന്നു. 2012 ആഗസ്ത് ആറിന് വൈകുന്നേരമാണ് ആനക്കാംപൊയില്‍ ചെറുശ്ശേരി മലയിലും കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞക്കടവിലും ഉരുള്‍പൊട്ടലുണ്ടായത്. ചെറുശ്ശേരിയില്‍ ആറും മഞ്ഞക്കടവിലും ഉരുള്‍പൊട്ടലുണ്ടായത്. ചെറുശ്ശേരിയില്‍ ആറും മഞ്ഞക്കടവില്‍ രണ്ടുപേരും മരിച്ചു. ചെറുശ്ശേരിയില്‍ ദുരന്തത്തിനിരയായ ആറുപേരില്‍ അഞ്ചുപേരും ഒരു കുടുംബത്തിലുള്ളവരായിരുന്നു.
24 വീടുകള്‍ തകര്‍ന്നുവെന്നാണ് സര്‍ക്കാറിന്റെ കണക്ക്. എന്നാല്‍, ഭാഗികമായി തകര്‍ന്നതും വാസയോഗ്യമല്ലാത്തതുമായ വീടുകള്‍ അന്‍പതോളം വരും. നൂറിലധികം ഏക്കര്‍ സ്ഥലത്തെ കൃഷിയും നശിച്ചു. 24 കുടുംബങ്ങളാണ് ആനക്കാംപൊയിലിലെ റവന്യൂവകുപ്പിന്റെ പുനരധിവാസകേന്ദ്രത്തില്‍ തുടക്കത്തിലുണ്ടായിരുന്നത്. രണ്ടുവര്‍ഷം മുന്‍പ് താമരശ്ശേരി രൂപതാ 11 കുടുംബങ്ങള്‍ക്ക് വീടുനിര്‍മിച്ചുനല്‍കി. സര്‍ക്കാറിന്റെ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കായിരുന്നു ഇത്. ഇപ്പോഴും ക്യാമ്പില്‍ 14 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ഇവര്‍ക്കും ബന്ധുവീടുകളിലും വാടകവീടുകളിലുമായി കഴിയുന്ന മറ്റ് പത്തുകുടുംബങ്ങള്‍ക്കും സ്ഥലം കണ്ടെത്തി വീട് നിര്‍മിച്ചുനല്‍കുമെന്നായിരുന്ന വാഗ്ദാനം. എന്നാല്‍, ഇത് ഇനിയും പൂര്‍ണമായി നടപ്പായിട്ടില്ല. ആനക്കാംപൊയില്‍ അരിപ്പാറയില്‍ 85 സെന്റ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇത് 13 കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കി കഴിഞ്ഞവര്‍ഷം പട്ടയവും അനുവദിച്ചു. ബാക്കിയുള്ളവര്‍ സ്വന്തമായി കണ്ടെത്തിയ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് പട്ടയം നല്‍കി. ഇതോടെ വീട് നഷ്ടപ്പെട്ട 24 കുടുംബങ്ങള്‍ക്കും അഞ്ചുസെന്റ് വീതം ഭൂമിയായി.

കഴിഞ്ഞമാസം ജോര്‍ജ് എം. തോമസ് എം.എല്‍.എ. നിയമസഭയില്‍ പ്രശ്‌നം ഉന്നയിച്ചിരുന്നു. എല്ലാവര്‍ക്കും വീട് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം എല്‍.ഡി.എഫ്. ഇവരുടെ പുനരധിവാസപ്രശ്‌നം പ്രചാരണവിഷയമാക്കിയിരുന്നു. പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ ഇനിയും എത്രനാള്‍ കഴിയേണ്ടിവരുമെന്ന ആശങ്കയിലാണ് പുനരധിവാസകേന്ദ്രത്തിലെ കുടുംബങ്ങള്‍.

