വി എസ് അച്യുതാനന്ദന് ചെയര്‍മാനായി ഭരണപരിഷ്ക്കാര കമ്മീഷന് രൂപീകരിച്ചു
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ചെയര്‍മാനായി ഭരണപരിഷ്ക്കാര കമ്മീഷന് രൂപീകരിച്ചു. മുന്‍ ചീഫ് സെക്രട്ടറിമാരായ സി പി നായര്‍, നീലാ ഗംഗാധരന് എന്നിവരാണ് അംഗങ്ങള്‍. ഭരണ നിര്‍വ്വഹണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കമ്മീഷന് രൂപീകരിച്ചത്. കമ്മീഷന് ചെയര്മാന് ക്യാബിനറ്റ് പദവിയും പേഴ്സണല്‍ സ്റ്റാഫ് അടക്കമുള്ള ആനുകൂല്യങ്ങളും ഉണ്ടാകും. അംഗങ്ങള്‍ക്ക് ചീഫ് സെക്രട്ടറി പദവി ലഭിക്കും.ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
മന്ത്രിസഭ തീരുമാനo : മഴക്കാല മീന്‍പിടുത്തവുമായി ബന്ധപ്പെട്ട് ബോട്ടും വലയും നഷ്ടപ്പെട്ട ഗ്രൂപ്പുകള്‍ക്ക് ഒരു ലക്ഷം രൂപാ വീതം ധനസഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. .

ഗള്‍ഫിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍, സ്പെഷ്യല്‍ സെക്രട്ടറി ഡോ. വി.കെ. ബേബി എന്നിവരെ സൌദി അറേബ്യയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ചെയര്‍മാനും, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി വൈസ് ചെയര്‍മാനുമാകും. ഡോ. ജയകുമാറിനെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യും ആയി നിയമിച്ചു. മന്ത്രിമാരായ ടി.എം. തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടി അമ്മ, കടകംപള്ളി സുരേന്ദ്രന്,ഇ. ചന്ദ്രശേഖരന്, ടി.പി. രാമകൃഷ്ണന് എന്നിവര്‍ ഡയറക്ടര്‍മാരാണ്. ശശി തരൂര്‍ എം.പി., ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗ്ഗീസ് എന്നിവര്‍ അംഗങ്ങളാണ്.

നാഷണല്‍ യൂണിവേഴ്സിറ്റി ഫോര്‍ പൊലീസ് സയന്‍സസ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്‍ ഓഫീസറായി ഡോ. അലക്സാണ്ടര്‍ ജേക്കബിനെ നിയമിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എടുത്തിട്ടുള്ള എല്ലാ ലോണുകള്‍ക്കും മൂന്നുമാസത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു.
വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധിയെത്തുടര്‍ന്ന് ദുരിതത്തില്‍ അകപ്പെട്ട് വായ്പ തിരിച്ചടയ്ക്കാനാകാത്ത കര്‍ഷകരുടെ കടങ്ങള്‍ക്ക് മൂന്നുമാസത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്കി
