KOYILANDY DIARY.COM

The Perfect News Portal

കാറില്‍ ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

തലശേരി: നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാറുടമയും പൊന്ന്യം പാലം മൻസാർ ഹൗസിൽ  മുഹമ്മദ് ശിഹ്ഷാദ് (20) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ഷൂസിട്ട കാല്‌ കൊണ്ട്‌ കാറുടമ കുട്ടിയെ ചവിട്ടുന്ന സി.സി.ടി.വി.ദൃശ്യം പുറത്തുവന്നു. കുട്ടിയോട്‌ ക്രൂരത കാട്ടുന്നതും നാട്ടുകാർ ഇതിനെ ചൊദ്യം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്‌. രാജസ്ഥാൻ സ്വദേശികളായ മിട്ടുലാൽ–മധുര ദമ്പതികളുടെ മകൻ ഗണേഷിനെ (ആറ്‌) യാണ് ചവിട്ടിത്തെറിപ്പിച്ചത്. നടുവിന് പരിക്കേറ്റ കുട്ടിയെ  തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ ബസ്‌സ്‌റ്റാന്റ്‌ മണവാട്ടി ജങ്‌ഷനിൽ വ്യാഴം രാത്രി 8മണിയോടെയാണ്‌ ക്രൂരകൃത്യം. ബലൂൺ വിൽപ്പനയ്ക്ക് എത്തിയതാണ് ഗണേഷിന്റെ കുടുംബം. സംഭവ സമയത്ത് അവിടെയെത്തിയ കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ ചെയർമാനും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഡ്വ എം കെ ഹസ്സനാണ്‌ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്‌. പ്രതിയെ സംഭവസ്ഥലത്തു നിന്ന്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.

സിപിഐ എം ജില്ല സെക്രട്ടറി എം വി ജയരാജൻ, ജില്ല സെക്രട്ടറിയറ്റംഗം കാരായി രാജൻ, ഏരിയസെക്രട്ടറി സി. കെ  രമേശൻ, നഗരസഭ ചെയർമാൻ കെ. എം ജമുനറാണി, വൈസ്‌ ചെയർമാൻ വാഴയിൽ ശശി, കാത്താണ്ടി റസാഖ്‌, മഹിള അസോസിയേഷൻ ജില്ല വൈസ്‌ പ്രസിഡണ്ട്  വി. സതി, ജോയന്റ്‌ സെക്രട്ടറി എ. കെ രമ്യ, എം. പ്രസന്ന, ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്‌, ബി.ജെ.പി ജില്ല പ്രസിഡണ്ട് എൻ. ഹരിദാസ്‌ എന്നിവർ ആശുപത്രിയിലെത്തി.
ആരോഗ്യ മന്ത്രി വീണ ജോർജ്‌, ബാലാവകാശ കമ്മിഷൻ ചെയർമാൻ അഡ്വ. മനോജ് കുമാർ എന്നിവർ പൊലീസിനോട്‌ റിപ്പോർട്ട്‌ തേടി.

Advertisements

 

Share news