KOYILANDY DIARY

The Perfect News Portal

തിങ്കളാഴ്ച ജില്ലില്‍ ഏഴു പേര്‍ക്കുകൂടി ഡിഫ്തീരിയയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി

കോഴിക്കോട് > ഡിഫ്തീരിയക്കെതിരെ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടെ തിങ്കളാഴ്ച ജില്ലില്‍ ഏഴു പേര്‍ക്കുകൂടി ഡിഫ്തീരിയയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതില്‍ രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്. എല്ലാവരും 15 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. നാലു പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്നു പേര്‍ ബീച്ച് ആശുപത്രിയിലും ചികിത്സയിലാണ്. ഇയ്യാട്, മക്കട എന്നീ പ്രദേശങ്ങളിലാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. വെസ്റ്റ്ഹില്‍, മാങ്കാവ്, പയിമ്പ്ര, ചെറുവറ്റ, വേളം സ്വദേശികള്‍ക്കാണ് രോഗം സംശയിക്കുന്നത്.

ആഗസ്ത് 15നകം യുദ്ധകാലാടിസ്ഥാനത്തില്‍ കുത്തിവയ്പ് പ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കര്‍മപദ്ധതി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത്– മുനിസിപ്പാലിറ്റി– കോര്‍പറേഷനില്‍ ഡിഫ്തീരിയ നിര്‍മാര്‍ജനപ്രവര്‍ത്തന കമ്മിറ്റി രൂപീകരിച്ചാണ് പ്രവര്‍ത്തനം. സ്കൂളുകളില്‍ പിടിഎ യോഗം ചേര്‍ന്ന് പ്രതിരോധ കുത്തിവയ്പ്പെടുക്കാത്ത കുട്ടികളെ കണ്ടെത്തി കുത്തിവയ്പിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഡിഡിഇ ഓഫീസ് മുഖേനയാണ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കുന്നത്. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ജീവനക്കാര്‍, മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരടക്കം രോഗികളോട് അടുത്തിടപഴകുന്നവര്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കും. കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ കുത്തിവയ്പിന് സൌകര്യമൊരുക്കിയിട്ടുണ്ട്.

തിങ്കളാഴ്ച പനി ബാധിച്ച് 1266 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. 13 പേര്‍ കിടത്തിചികിത്സക്ക് വിധേയമായി. വയറിളക്കവുമായെത്തിയ 376 പേരില്‍ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുപ്പാടിയില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനിയും കക്കോടിയിലും ചെക്യാടും ഓരോരുത്തര്‍ക്ക് വീതം എലിപ്പനിയും സംശയിക്കുന്നുണ്ട്. കൂടാതെ എട്ടുപേര്‍ക്ക് മഞ്ഞപ്പിത്തവും ഒരാള്‍ക്ക് ടൈഫോയ്ഡും റിപ്പോര്‍ട്ട് ചെയ്തു.

Advertisements