KOYILANDY DIARY.COM

The Perfect News Portal

ദളിത്–പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് കോഴിക്കോട് അത്യാധുനിക ക്യാമ്പസ്

കോഴിക്കോട് > ദളിത്–പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് പുതിയ അവബോധവും അവസരവും നല്‍കാന്‍ വഴികാട്ടുന്ന പഠനകേന്ദ്രം ക്രെസ്റ്റിന് (സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫോര്‍മേഷന്‍) കോഴിക്കോട് അത്യാധുനിക ക്യാമ്പസ് വരുന്നു. ബൈപാസില്‍ തൊണ്ടയാട് ഗവ.സൈബര്‍പാര്‍ക്കിലാണ് പുതിയ ക്യാമ്പസ് പണിയുക. 40 കോടി ചെലവില്‍ പണിയുന്ന അന്താരാഷ്ട്ര നിലവാരമുള്ള  അക്കാദമിക് കേന്ദ്രത്തിന് മാസ്റ്റര്‍പ്ളാന്‍ തയ്യാറായി. എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യബജറ്റില്‍ 15 കോടി രൂപ നീക്കിവച്ചതോടെ ക്യാമ്പസിന്റെ ആദ്യഘട്ടം ഈ വര്‍ഷം സാധ്യമാകുമെന്നാണ് പ്രതീക്ഷ.

അക്കാദമിക് മികവില്‍  മുന്നേറുമ്പോഴും പരിമിതമായ സൌകര്യങ്ങളിലായിരുന്നു  ക്രെസ്റ്റിന്റെ പ്രവര്‍ത്തനം. ആദിവാസി–പട്ടികജാതി–മറ്റു പിന്നോക്കവിഭാഗം കുട്ടികള്‍ക്ക് വിദ്യാഭ്യാസപരമായും  തൊഴില്‍പരമായും മികവുറ്റ പരിശീലനം നല്‍കുന്ന കേന്ദ്രമാണിത്. സംവരണമില്ലാത്ത സ്വകാര്യ–വന്‍കിട സ്ഥാപനങ്ങളിലും അക്കാദമിക് കേന്ദ്രങ്ങളിലും പിന്നോക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് കടന്നുചെല്ലാന്‍ വഴിയൊരുക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു കോഴ്സ് വിഭാവനംചെയ്തത്.

തൊഴില്‍മികവ്, ഭാഷാപരമായ നൈപുണ്യം, ഇംഗ്ളീഷ് ഭാഷാ വൈദഗ്ധ്യം, അഭിമുഖങ്ങളെ നേരിടാനുള്ള ശേഷി വികസനം എന്നിവ പകരുന്ന അഞ്ചുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് പ്രധാനം. വിവിധരംഗങ്ങളില്‍ പ്രഗത്ഭരായവര്‍ക്കൊപ്പം രാജ്യാന്തര പ്രശസ്തരായ വിദേശ അക്കാദമീഷ്യരുമായി ഇടപഴകാനും അറിവ്നേടാനും അവസരമുണ്ടാകുന്ന തരത്തിലാണ് കോഴ്സ്. വിഖ്യാത അക്കാദമിക്–സാമൂഹ്യ പണ്ഡിതരായ ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. പി കെ മൈക്കിള്‍ തരകന്‍, ഡോ. എന്‍ ആര്‍ മാധവമേനോന്‍, ഡോ. കെ വി കുഞ്ഞികൃഷ്ണന്‍, ഡോ. പി സനല്‍മോഹന്‍, ഡോ. എ ആര്‍ വാസവി തുടങ്ങിയവരുള്‍പ്പെട്ട ഗവേണിങ് കൌണ്‍സിലാണ് ക്രെസ്റ്റിന് നേതൃത്വം നല്‍കുന്നത്.
2002ല്‍ കോഴിക്കോട് ഐഐഎമ്മിന്റെ ഭാഗമായായിരുന്നു ക്രെസ്റ്റിന്റെ ആരംഭം. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് സ്വയംഭരണസ്ഥാപനമാക്കിയത്.

Advertisements

ചേവായൂരില്‍ കിര്‍ത്താഡ്സിനോട് ചേര്‍ന്ന് വര്‍ഷങ്ങളായി അസൌകര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയായിരുന്നു സ്ഥാപനം. ഇടതുപക്ഷ ഭരണം വീണ്ടും വന്നതോടെയാണ് സ്ഥാപനത്തിന് സ്വന്തം ക്യാമ്പസ് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ഗവ. സൈബര്‍പാര്‍ക്കില്‍ ഒരേക്കര്‍ സ്ഥലം ക്രെസ്റ്റിന് പാട്ടത്തിന് അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള പഠന–ഗവേഷണ കേന്ദ്രമാണിവിടെ പണിയുക. ഒരുലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാകും കെട്ടിടം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ–ഓപറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. ഓണ്‍ലൈന്‍ സംവിധാനത്തോടെ രണ്ടായിരം ചതുരശ്രമീറ്ററില്‍  ആധുനിക ലൈബ്രറി, ആംഫിതിയറ്റര്‍ എന്നിവയെല്ലാം  രൂപകല്‍പ്പനയിലുണ്ട്. പതിനാല് നിലകളിലായുള്ള കെട്ടിടമാണ് പണിയുക. 500 വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൌകര്യമൊരുക്കും. പഠന–ഭരണവിഭാഗം ബ്ളോക്കുകളാണ് ഒന്നാംഘട്ടത്തില്‍ നിര്‍മിക്കുക.

26 ബാച്ചുകളിലായി 1680 കുട്ടികളെ പഠനത്തിലും തൊഴില്‍മേഖലയിലും ഉയരങ്ങളിലെത്തിക്കാന്‍ ഇതേവരെ സ്ഥാപനം വഴികാട്ടിയായിട്ടുണ്ട്. ജെഎന്‍യു, എയിംസ് തുടങ്ങിയ രാജ്യത്തെ പ്രശസ്ത വിദ്യാകേന്ദ്രങ്ങളിലും കോര്‍പറേറ്റ് സ്ഥാപനങ്ങളിലും ഇവിടെ പരിശീലിച്ച കുട്ടികള്‍ തൊഴില്‍ സ്വായത്തമാക്കിയിട്ടുണ്ടെന്ന് ക്രെസ്റ്റ് എക്സി. ഡയറക്ടര്‍ പ്രൊഫ. ഡി ഡി നമ്പൂതിരി പറഞ്ഞു. നിലവിലുള്ള പരിമിതികളാലാണ് ഇവിടെ ക്യാമ്പസ് റിക്രൂട്ട്മെന്റ് സാധ്യമാകാത്തത്. സ്വന്തം ക്യാമ്പസ് യാഥാര്‍ഥ്യമാകുന്നതോടെ ക്യാമ്പസ് പ്ളേസ്മെന്റിനുള്ള വഴിയും തുറക്കും.

Share news