KOYILANDY DIARY

The Perfect News Portal

500 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ മമ്മി

ഈജിപ്തിലെ മമ്മികളെക്കുറിച്ച് കേ‌ട്ടിട്ടില്ലേ? കേള്‍ക്കാനല്ലാതെ കാണാനുള്ള ഭാഗ്യം കിട്ടാത്തവരാണ് പലരും. എന്നാല്‍ ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ചെന്നാല്‍ ഇത്തരത്തില്‍ ഒരു മമ്മിയെ കാണാം. ഹിമാചല്‍ ‌പ്രദേശിലെ ഗ്യൂ എന്ന ഗ്രാമിണര്‍ ആരാധിക്കുന്നത് 50 വര്‍ഷം പഴക്കമുള്ള ഒരു മൃത ശരീരത്തേയാണ്. അവരെ എല്ലാ ആപത്തുകളില്‍ നിന്നും സംരക്ഷിക്കുന്നത് ഈ മൃത ശരീരമാണെന്നാണ് അവരുടെ വിശ്വാ‌സം.

500 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ മമ്മി

 

ഗ്യൂ എന്ന ഗ്രാമം

1975ല്‍ ഒരു ഭൂമി കുലുക്കം ഉണ്ടാകുന്നത് വരെ മറ്റ് ട്രാന്‍സ് ഹിമാലയന്‍ ഗ്രാമങ്ങളില്‍ നിന്ന് ഒട്ടും തന്നെ വ്യത്യസ്തമായി‌രു‌ന്നില്ല ഗ്യൂ. ഭൂമികുലുക്കത്തെ തുടര്‍ന്ന് ഗ്രാമത്തിലെ മണ്ണ് നീക്കിയപ്പോള്‍ ആണ് പഴക്കം ചെന്ന ഒരു മൃതദേഹം കണ്ടുകി‌ട്ടിയത്. ഗ്രാമത്തില്‍ നിന്ന് മമ്മി കണ്ടെ‌ത്തിയെന്ന രീതിയില്‍ ഈ സംഭവങ്ങള്‍ വാര്‍ത്തയായപ്പോളാണ് ഗ്യൂവിലെ മമ്മിയേക്കുറിച്ച് പുറം ലോകം അറിഞ്ഞത്.

Advertisements

ഗ്യൂവിലെ മമ്മി

മൃതദേഹം സംരക്ഷിച്ച് വയ്ക്കുക എന്നത് ഒരു ഇന്ത്യന്‍ ആചാരമല്ല. ഒരാള്‍ മരണമടഞ്ഞാല്‍ ദഹിപ്പിക്കുകയോ മണ്ണില്‍ മറവ് ചെയ്യുകയോ ആണ് പതിവ്. അതിനാല്‍ തന്നെ സ്പിതി താഴ്‌വരയിലെ ഗ്യൂ ഗ്രാമത്തില്‍ കണ്ടെടുത്ത മമ്മിക്ക് വളരെയേറേ വാര്‍ത്ത പ്രാധാന്യം ഉണ്ടായി. ഇവിടെ നിന്ന് കണ്ട് കിട്ടിയ മമ്മി കുത്തിയിരിക്കുന്ന രൂപത്തില്‍ സംരക്ഷിച്ച് വച്ചതായിരുന്നു.

ബുദ്ധ സന്യാസി

സങാ ടെന്‍സിന്‍ എന്ന ബുദ്ധ സന്യാസിയുടെ മൃതദേ‌ഹമാണ് ഇതെന്നാണ് പറയപ്പെടുന്നത്. ഒരുകാലത്ത് പ്ലേഗ് പടര്‍ന്ന് പിടിച്ചപ്പോള്‍ ഗ്രാമീണരെ പ്ലേഗില്‍ നിന്ന് രക്ഷിച്ചത് ഈ സന്യാസിയാണെന്നാണ് ഗ്രാമീണരുടെ വിശ്വാസം. അദ്ദേഹത്തിന്റെ ആ‌ത്മാവ് ഈ ശരീരം വിട്ട് പോയപ്പോള്‍ ആകാശത്ത് ഒരു മഴവില്ല് ഉണ്ടായെന്നും അതിന്റെ ശക്തിയാല്‍ ഗ്രാമത്തിലെ പ്ലേഗ് ഇല്ലാതായെന്നുമാണ് പറയപ്പെടുന്നത്.

500 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ മമ്മി

ശാസ്ത്രീയ വസ്തുതകള്‍

കാര്‍‌ബണ്‍ കാലഘട്ട നിര്‍ണയത്തില്‍ 500 മുതല്‍ 600 വരെ വര്‍ഷം പഴക്കമുള്ളതാണ് ഈ മമ്മിയെന്ന നിഗമന‌ത്തിലാണ് ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. ഈ മൃതദേഹം സംരക്ഷിക്കാന്‍ എന്തെങ്കിലും രാസവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞില്ല. എന്നിട്ടും ഈ മൃത‌ദേഹം അഴുകാതെ നില നിന്നു എന്ന കാര്യം വളരെ അ‌ത്ഭുത‌പ്പെടുത്തുന്ന ഒന്നാണ്. ഈ ഗ്രാമത്തിലെ തണുത്ത കാലവസ്ഥ ആയിരി‌ക്കും ഈ മൃതദേഹം അഴുകാതെ നില്‍ക്കാന്‍ കാരണമെ‌ന്ന നിഗമനത്തിലാണ് ഗവേഷകര്‍.

മമ്മി ഇപ്പോള്‍ എവിടെയാണ്

ഗ്യൂ ഗ്രാമത്തിലെ മലമുകളില്‍ ഉള്ള ഒരു ബുദ്ധ വിഹാരത്തിലാണ് ഈ മമ്മി ഇപ്പോള്‍ സൂക്ഷിച്ച് വച്ചിരിക്കുന്നത്. ജീവിക്കുന്ന ദൈവമായാണ് ഇവിടുത്തെ ഗ്രാമീണര്‍ ഈ മമ്മിയെ കണക്കാക്കുന്നത്. ഈ മമ്മിയല്ലാതെ ഈ ഗ്രാമത്തില്‍ സഞ്ചാരികളെ ആകര്‍ഷി‌പ്പിക്കുന്ന ഒന്നും തന്നെയില്ല.

500 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ മമ്മി

 

ഗ്യൂ ഗ്രാമത്തില്‍ എത്തിച്ചേരാന്‍

ഇന്ത്യ – ചൈന അതിര്‍ത്തിയിലാണ് ഗ്യൂ ഗ്രാമം സ്ഥിതി ‌ചെയ്യുന്നത്. അതി‌നാല്‍ സഞ്ചാരികള്‍ ഇന്നര്‍ ലൈന്‍ അനുമതി വാങ്ങിയിരിക്കണം. സ്പിതി വാ‌ലിയിലെ കാസ ടൗണില്‍ നിന്നോ, സുമോധ് ടൗണില്‍ നിന്നോ ഇവിടേയ്ക്ക് ടാക്സിയില്‍ യാത്ര ചെയ്യാം.