KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ടൗണിലെ ഗതാഗത കുരുക്ക് മുറുകുന്നു.. ജനം വലയുന്നു.

കൊയിലാണ്ടി> ദേശീയപാതയിൽ കൊല്ലം ടൗണിലുണ്ടാകുന്ന ഗതാഗതകുരുക്ക് കാരണം പൊതുജനം ദുരിതം പേറുകയാണ്. നെല്യാടി റോഡിൽ ഗെയിറ്റടച്ചുകഴിഞ്ഞാൽ നിമിഷനേരം കൊണ്ട് ദേശീയപാതയിലേക്ക് നീണ്ട നിര പ്രത്യക്ഷമാവുകയാണ്. ഇത് ദീർഘ ദൂരവാഹനങ്ങളെ കുറച്ചൊന്നുമല്ല കഷ്ടത്തിലാക്കുന്നത്. ദിവസവും 45ൽ അധികം തവണയാണ് റെയിൽവെ ഗെയിറ്റ് അടച്ചിടുന്നത്. ഒരു ഗതാഗത കുരുക്ക് തീരുന്നതിന് മുമ്പേ അടുത്ത ഗെയിറ്റ് അടയ്ക്കുന്നതോടുകൂടി ദുരിതം പതിന്മടങ്ങ് വർധിക്കുകയാണ്.

രോഗികളേയും കൊണ്ട് വിവിധ ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങളും ആംബുലൻസും തിരക്കിൽ കുടുങ്ങി കൃത്യസമയത്ത് ആശുപത്രിയിൽ എത്തിയ്ക്കാൻ സാധിക്കാതെ നിരവധി മനുഷ്യ ജീവനുകളാണ് ഇവിടെ ഹോമിക്കപ്പെട്ടത്. പ്രശ്‌നങ്ങൾക്ക് അറുതിവരുത്താൻ എം.എൽ.എയും നഗരഭരണകൂടവും രണ്ടുവർഷം മുമ്പ് പ്രദേശത്തെ നാട്ടുകാരുടേയും വിവിധ സംഘടനകളുടേയും യോഗം വിളിച്ച് ചേർത്ത് ചില നിർദ്ദേശൾ മുന്നോട്ടുവച്ചിരുന്നു.

കൊയിലാണ്ടി റെയിൽവെ മേൽപാലം മാതൃകയിൽ ആനക്കുളം റെയിൽവെ ഗെയിറ്റും കൊല്ലം റെയിൽവെ ഗെയിറ്റും ഒഴിവാക്കി പകരം രണ്ടിന്റെയും മധ്യഭാഗത്തുകൂടി മേൽപാലം പണിയണമെന്ന നിർദ്ദേശമായിരുന്നു പ്രധാനമായും മുന്നോട്ടുവെച്ചത്. കൂടാതെ നെല്യാടി റോഡിൽ കടകൾ പൊളിച്ചുമാറ്റി വീതി കൂട്ടി താൽക്കാലിക പരിഹാരം കാണണമെന്ന നിർദ്ദേശവും ഉയർന്നിരുന്നു. എന്നാൽ റെയിൽവെയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമെ പദ്ധതി നടപ്പിലാക്കാൻ സാധിക്കുകയുളളൂ. അതിന് മുല്ലപ്പളളി രാമചന്ദ്രൻ എം.പി മുൻകയ്യെടുക്കണമെന്നാണ് നാട്ടുകാരിൽ ആവശ്യം ഉയർന്നത്.

Advertisements

പദ്ധതിയ്ക്ക് അനുമതി ലഭിയ്ക്കുകയാണെങ്കിൽ സംസ്ഥാന സർക്കാരിൽ നിന്ന് ഫണ്ട് ലഭ്യമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് എം.എൽ.എ യോഗത്തിൽ പ്രകടിപ്പിച്ചത്. കേന്ദ്ര ഫണ്ട് കൂടി ലഭിക്കുകയാണെങ്കിൽ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും എം.എൽഎ സൂചിപ്പിക്കുകയുണ്ടായി. കൊല്ലം ടൗണിൽ ഓട്ടോറിക്ഷകൾക്കുളള പാർക്കിംഗ് സൗകര്യം ദേശീയ പാതയിൽ നിന്ന് മറ്റൊരിടത്തേയ്ക്ക് മാറ്റണമെന്ന നിർദ്ദേശവും നാട്ടുകാരിൽ നിന്ന് ഉണ്ടാവുകയുണ്ടായി. ഇത് കാൽനടയാത്രക്കാർക്ക് സഞ്ചരിയ്ക്കാനോ, ബസ്സ് കാത്ത് നിൽക്കാനോ സാധിക്കാത്ത സ്ഥിതിയാണുളളത്. ഇതിനും അടിയന്തിര പ്രാധാന്യം നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ടൗണിലെ ഗതാഗതകുരുക്ക് നീക്കാൻ ട്രാഫിക്ക് പോലീസ് ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയാണുളളത്. കൊല്ലം ടൗണിന്റെ സമഗ്ര വികസനത്തിന് കൊയിലാണ്ടി നഗരസഭ 2കോടി രൂപ കഴിഞ്ഞ ബഡ്ജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. നിലവിലെ നെല്ല്യാടി റോഡിന്റെ വടക്ക് ഭാഗത്ത് 65 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി അവിടെ മത്സ്യ മാർക്കറ്റും ബസ്സ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സും തുടങ്ങുന്നതിനാണ്. നഗരസഭ തുക വകയിരുത്തിയിട്ടുള്ളത്. സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാകാനിരുക്കുകയാണ്.

Share news