തോട്ടംമേഖലയിലെ തൊഴിലാളികള്‍ക്കും വീട് നിര്‍മിച്ചുനല്‍കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്

തിരുവനന്തപുരം > തോട്ടംമേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും വീട് നിര്‍മിച്ചുനല്‍കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ഇതിനുള്ള പദ്ധതിത്തുക ഇ എം എസ് പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും. ലയങ്ങളില്‍ താമസിക്കുന്നവര്‍ക്കെല്ലാം പുതിയ വീട് നിര്‍മിക്കും. പൂട്ടിയ തോട്ടങ്ങള്‍ തുറക്കാന്‍ നടപടി സ്വീകരിക്കും. തോട്ടംമേഖലയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവെ ധനമന്ത്രി അറിയിച്ചു. തസ്തിക സൃഷ്ടിക്കില്ലെന്ന പ്രചാരണം ശരിയല്ല. ആവശ്യമുള്ള തസ്തിക സൃഷ്ടിക്കും. നിയമന നിരോധനമുണ്ടാകില്ല. കൈത്തറിക്ക് വര്‍ഷം മുഴുവന്‍ അഞ്ചുശതമാനം റിബേറ്റ് ഏര്‍പ്പെടുത്തും. ഉത്സവകാലങ്ങളിലെ പ്രത്യേക റിബേറ്റ് തുടരുമെന്നും അറിയിച്ചു. പ്രത്യേക നിക്ഷേപ പദ്ധതിയില്‍ 1267 കോടി രൂപയുടെ നിര്‍മാണങ്ങള്‍കൂടി പ്രഖ്യാപിച്ചു.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ളാസുകള്‍ ഹൈടെക് ആക്കുന്ന പദ്ധതി പുതുക്കാട്, തളിപ്പറമ്പ്, ആലപ്പുഴ, കോഴിക്കോട് നോര്‍ത്ത് എന്നിവിടങ്ങളില്‍ അടുത്തമാസം ആരംഭിക്കും. ഇതിന്റെ അനുഭവംകൂടി കണക്കിലെടുത്താകും ഡിസംബറിനുള്ളില്‍ മറ്റ് സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക. കക്ക തൊഴിലാളി സഹകരണ സംഘങ്ങളില്‍നിന്നുള്ള റോയല്‍റ്റി സംഘങ്ങളെ പുനരുദ്ധരിക്കാനും തൊഴിലാളിക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കും. മൂന്നുകോടി രൂപ വകയിരുത്തി. ചെമ്മീന്‍ പീലിങ് തൊഴിലാളികളെ മത്സ്യാനുബന്ധ തൊഴിലാളികളുടെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തും. ആനുകൂല്യം വര്‍ധിപ്പിക്കും.

വയനാട്ടിലെ പ്രൈമറി സ്കൂളുകളില്‍ ആദിവാസി അധ്യാപികയെയായിരിക്കും നിയമിക്കുക. മാനന്തവാടി സര്‍ക്കാര്‍ കോളേജിലും പുതിയ ബിരുദ, ബിരുദാനന്തര കോഴ്സ് ആരംഭിക്കും. വയനാട് മെഡിക്കല്‍ കോളേജിന് ആവശ്യമായ പണം നല്‍കും. മെഗാ ഫുഡ്പാര്‍ക്ക് വയനാട്ടിലായിരിക്കും. വള്ളംകളി പ്രോത്സാഹനത്തിന് രണ്ടുകോടി അനുവദിച്ചു. ചമ്രവട്ടം റെഗുലേറ്ററിന്റെ ചോര്‍ച്ച അടയ്ക്കും. കടല്‍ത്തീരസംരക്ഷണത്തിന് പ്രാദേശിക മൂര്‍ത്ത പദ്ധതികള്‍ തയ്യാറാക്കും. ബജറ്റിലെ പദ്ധതികള്‍ക്ക് വിശദ പദ്ധതി രേഖ തയ്യാറാക്കാന്‍ അഞ്ചുകോടി രൂപ വകയിരുത്തി.

വഖഫ് ബോര്‍ഡിന് രണ്ടുകോടി രൂപ ഗ്രാന്റ് നല്‍കും. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനും തുക അനുവദിക്കും. ഹജ്ജ് ഹൌസ് നവീകരണത്തിന് ഒരുകോടി രൂപയുണ്ട്. കൊച്ചി ബിനാലെയ്ക്ക് ഏഴുകോടി രൂപ നീക്കിവച്ചു. ശുചിത്വ ക്യാമ്പയിന്‍ സംഘാടനത്തിന് ശുചിത്വമിഷന് 15 കോടി രൂപകൂടി നല്‍കും.

അവയവമാറ്റ ശസ്ത്രക്രിയയുടെ തുടര്‍ചികിത്സയ്ക്ക് മരുന്നുകള്‍ വിലകുറച്ച് ലഭ്യമാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. കരള്‍രോഗം, പക്ഷാഘാതം, ബ്രെയിന്‍ ട്യൂമര്‍ തുടങ്ങിയവയ്ക്കും കാരുണ്യയില്‍ സഹായം ലഭ്യമാക്കും. കല, സാംസ്കാരിക സംഘങ്ങള്‍ക്കുള്ള അഞ്ചുവര്‍ഷത്തെ ഗ്രാന്റ് കുടിശ്ശിക നല്‍കും. ഗ്രാന്റ് പരിഷ്കരിക്കും. എട്ടു സ്മാരകങ്ങള്‍ക്കുകൂടി ധനസഹായം അനുവദിച്ചു. അന്ധകാരനഴി കടല്‍ത്തീരവും ഇടുക്കി രാമക്കല്‍മേടും പശ്ചാത്തലസൌകര്യം ഒരുക്കുന്ന ടൂറിസം പദ്ധതികളില്‍ ഉള്‍പ്പെടുത്തി.
പുതുക്കിയ ബജറ്റില്‍ പ്രഖ്യാപിച്ചതിനുപുറമെ കുടിവെള്ളം, ജലസേചനം മേഖലയില്‍ 147 കോടി പദ്ധതി, 105 കോടി രൂപ ചെലവില്‍ ആറ് ബൈപാസ്, 100 കോടിയില്‍ 11 പാലങ്ങള്‍ക്ക് 100 കോടി രൂപ എന്നിവ നീക്കിവച്ചു. 90 കോടി രൂപ ചെലവില്‍ അഞ്ച് മേല്‍പ്പാലം, 70 കോടി രൂപ ചെലവില്‍ നാല് റെയില്‍ മേല്‍പ്പാലം, 60 കോടി രൂപ ചെലവില്‍ ആറ് സ്റ്റേഡിയം എന്നിവയ്ക്കും അനുമതി നല്‍കി. ഫുട്ബോള്‍ ഹബ്ബ്് നടപ്പാക്കും. ഏഴ് റവന്യൂടവര്‍ കൂടി നിര്‍മിക്കും. തവിട് എണ്ണയ്ക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തും. 10 കോടി രൂപ അധികവരുമാനം പ്രതീക്ഷിക്കുന്നു. കേരളത്തില്‍ ഈ രംഗത്തുള്ള രണ്ട് കമ്പനികള്‍ക്ക് സബ്സിഡി അനുവദിക്കും.
