KOYILANDY DIARY

The Perfect News Portal

സഹ്യാദ്രിയുടെ ശീതളച്ഛായയില്‍ ഷിമോഗ

ശിവന്റെ മുഖം എന്നാണ് ഷിമോഗയെന്ന കന്നഡ വാക്കിന് അര്‍ത്ഥം. പശ്ചിമഘട്ടത്തിലെ പ്രശസ്തമായ ഈ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് ബാംഗ്ലൂരില്‍ നിന്നും 275 കിലോമീറ്റര്‍ ദൂരമുണ്ട്. മലനാടിന്റെ ഭാഗമായ ഷിമോഗയിലേക്ക് ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാം.

കൂഡ്ലി ക്ഷേത്രം, ഷിമോഗ

ഷിമോഗയെക്കുറിച്ച് ചില നുറുങ്ങുകള്‍

കര്‍ണാടകത്തിന്റെ അപ്പക്കൊട്ടയെന്നും അരിപ്പാത്രമെന്നുമുള്ള വിശേഷണങ്ങളുണ്ട് ഷിമോഗയ്ക്ക്. ഷിമോഗയുടെ കൃഷിഭൂമിയെ ഫലഭൂയിയ്ടമാക്കിക്കൊണ്ട് ഒഴുകുന്ന അഞ്ച് നദികളാണ് ഈ പേരുകള്‍ സമ്മാനിച്ചത്. സഹ്യാദ്രിയുടെ ശീതളച്ഛായയും താരതമ്യേന സമ്പന്നമായ മഴക്കാലവും ഈ അഞ്ച് നദികളെയും ഷിമോഗയെയും സമ്പന്നമാക്കുന്നു.

കിഴക്കിന്റെ സ്വര്‍ഗം എന്നാണ് പ്രദേശവാസികള്‍ ഷിമോഗയെ വിളിക്കുന്നത്. ഇവിടെയെത്തുന്നവര്‍ ഒരുതരത്തിലും നിരാശരാകേണ്ടി വരില്ല എന്നത് തന്നെ കാരണം. പ്രകൃതി ദൃശ്യങ്ങളാവട്ടെ തീര്‍ത്ഥാടനമാകട്ടെ ഷിമോഗയുടെ മണ്ണില്‍ സഞ്ചാരികള്‍ക്ക് വേണ്ടതെല്ലാമുണ്ട്. ക്ഷേത്രങ്ങള്‍, കുന്നുകള്‍, നിബിഢവനങ്ങള്‍ ഇവയെക്കെല്ലാം പുറമേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നായ ജോഗ് ഫാള്‍സും ഷിമോഗ കാണികള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നു.

Advertisements

ഷിമോഗയിലെ ആകര്‍ഷണങ്ങള്‍

ഷിമോഗയെ ചുറ്റിപ്പറ്റി പ്രധാനപ്പെട്ട നിരവധി ടൂറിസ്റ്റ് സങ്കേതങ്ങളുണ്ട്. ശരിക്കും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രപോകുന്നവര്‍ക്ക് താവളമൊരുക്കുക എന്ന ജോലികൂടി ചെയ്യുന്നുണ്ട് ഷിമോഗ.

മലനാട്  ഭാഗത്തെ ഷിമോഗയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നുമൊക്കെ അഗുംബെയ്ക്ക് അപരനാമങ്ങളുണ്ട്. അറബിക്കടലിലെ സൂര്യാസ്തമയം അതിമനോഹരമായി കാണാന്‍ കഴിയുന്ന ഒരു മലയോര പ്രദേശമാണിവിടം. തെക്കേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിയ്ക്കുന്നത് ഇവിടെയാണ്. അതുകൊണ്ടാണ് തെക്കേ ഇന്ത്യയുടെ ചിറാപുഞ്ചിയെന്ന് അഗുംബെയെ വിശേഷിപ്പിക്കുന്നത്. മഴക്കാടാണ് അഗുംബെ. അതുകൊണ്ടുതന്നെ പലതരത്തില്‍പ്പെട്ട സത്യലതാദികളെയും ജീവികളെയും ഇവിടെ കാണാം. അഗുംബെ റെയിന്‍ഫോറസ്റ്റ് റിസര്‍ച്ച് സ്‌റ്റേഷന്‍ എന്ന സ്ഥാപനം ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഔഷധസസ്യങ്ങളുടെ സംരക്ഷണ മേഖലയാണ് ഇവിടം. കാണാന്‍ ഭംഗിയുള്ള ഒട്ടേറെ വെള്ളച്ചാട്ടങ്ങളും മനോഹരമായ പ്രകൃതിയുമാണ് ഇവിടേയ്ക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. അഗുംബെയിലേക്ക് ഷിമോഗയില്‍ നിന്നും 90 കിലോമീറ്റര്‍ ദൂരമുണ്ട്.  രാജവെമ്പാലയുള്‍പ്പെടെയുള്ള വീരന്മാരുടെ വിഹാര കേന്ദ്രമാണ് അഗുംബെ കാടുകള്‍. രക്തം കുടിയ്ക്കുന്ന അട്ടകളും (leach) ഏറെയാണ് ഈ കാട്ടില്‍.

ഗജാനൂരില്‍ തുംഗ നദിക്ക് കുറുകെ പണിതിരിക്കുന്ന ഡാമിലേക്ക് ഷിമോഗയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരമാണുള്ളത്. പ്രശസ്തമായ ഒരു ടൂറിസ്റ്റ് സ്‌പോട്ടാണ് ഈ ഡാം. സാഹസിക സഞ്ചാരികള്‍ക്കിടയില്‍ ലയണ്‍ സഫാരിക്ക് പേരുകേട്ട സ്ഥലമായിരുന്ന ഇതിനടുത്തുള്ള താവരക്കുപ്പെ. കര്‍ണാടകത്തിലെ ഉയരം കൂടിയ അണക്കെട്ടുകളിലൊന്നായ ഭദ്ര നദിയിലേക്ക് ഷിമോഗയില്‍നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട്. ഏകദേശം 200 അടി ഉയരമുണ്ട് ഭദ്രനദിയിലെ അണക്കെട്ടിന്.

അമൂല്യമായ നിത്യസ്‌നേഹത്തിന്റെ ഉറവിടമായി ശങ്കരാചാര്യര്‍ അനുഭവിച്ചറിഞ്ഞ ശൃംഗേരിയിലെ ശാരദാമഠമാണ് ഷിമോഗയ്ക്ക് സമീപത്തുള്ള മറ്റൊരാകര്‍ഷണം. ബുദ്ധ, ജൈനമതങ്ങളില്‍ നിന്നും ഹിന്ദുമതത്തെ സംരക്ഷിച്ച് നിര്‍ത്താനായി ജഗദ്ഗുരു ശങ്കരാചാര്യര്‍ ആരംഭിച്ച ശാരദമാഠത്തിലേക്ക് ഷിമോഗയില്‍ നിന്നും കൃത്യം 100 കിലോമീറ്റര്‍ ദൂരമുണ്ട്. പ്രശസ്തമായ ഈ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് വര്‍ഷം തോറും നിരവധി ഭക്തജനങ്ങളാണ് എത്തിച്ചേരുന്നത്.

ജൂലൈ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളാണ് ഷിമോഗ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. മനോഹരമായ നദികള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും മഴക്കാലം ചിറകുനല്‍കുന്ന കാലം കൂടിയാണിത്. നിരവധി റിസോര്‍ട്ടുകളും താരതമ്യേന ചെലവ് കുറഞ്ഞ ഹോട്ടലുകളും ഷിമോഗയില്‍ താമസസൗകര്യമൊരുക്കുന്നു. മനോഹരമായ ഭൂപ്രകൃതിയും സാഹസികയാത്രകള്‍ക്കുള്ള സൗകര്യങ്ങളും ഷിമോഗയെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാക്കുന്നു.