KOYILANDY DIARY

The Perfect News Portal

ഗോവ – ആഘോഷത്തിന്റെ കടല്‍ത്തീരങ്ങള്‍

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ അത്ഭുത നഗരമാണ് ഗോവ. യുവാക്കളും പ്രായമായവരും എന്ന് വേണ്ട ഏത് പ്രായക്കാരും തരക്കാരും ഗോവയിലെത്താന്‍ മത്സരിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള നെടുനീളന്‍ കടല്‍ത്തീരങ്ങളും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന മദ്യവും മെട്രോപൊളിറ്റന്‍ ഭാവവും ചേര്‍ന്ന് ഗോവയ്ക്ക് തിരക്കേറിയ ഒരു വിനോദസഞ്ചാരകേന്ദ്രത്തിന്റെ കെട്ടും മട്ടും നല്‍കുന്നു. തീരപ്രദേശമാണെങ്കിലും ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഗോവയുടെ പ്രധാന സവിശേഷതകളിലൊന്ന്.

ഗോവ
പോര്‍ച്ചുഗീസ് സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും സ്വാധിനമാണ് ഗോവയുടെ എടുത്തുപറയേണ്ട ഒരു പ്രത്യേകത. ഏറെക്കാലം പോര്‍ച്ചുഗീസ് ഭരണത്തിന്‍ കീഴിലായിരുന്നു ഗോവ. പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ പാരമ്പര്യക്കാഴ്ചകളെ നിലനിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുക്കളാണ് ഗോവക്കാര്‍. ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് ഗോവ എന്നുപറഞ്ഞാല്‍ അത് അതിശയമാവില്ല. ബാങ്കോക്കുപോലുള്ള അന്താരാഷ്ട്ര പ്രശസ്തിയുള്ള കടലോര വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലാണ് ഗോവയുടെയും സ്ഥാനം.
hqdefault

ഗോവയിലെ ഒരു ദിവസം

പ്രാതലിനൊപ്പം ബിയറ് കൂടി വിളമ്പുന്നത് തികച്ചും സ്വാഭാവികമായി കരുതപ്പെടുന്ന ഇന്ത്യയിലെ അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് ഗോവ എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. മെഡിറ്ററേനിയന്‍, കോണ്ടിനെന്റല്‍ ഡിഷുകളാണ് ഗോവയിലെ ബ്രേക്ക് ഫാസ്റ്റിന്റെ പ്രത്യേകത. കണ്ടോലിമിലെ കാഴ്ചകള്‍ നടന്നുകാണുകയാണ് ഏറ്റവും അഭികാമ്യം. ടൂറിസ്റ്റുകള്‍ക്ക് വാടകയ്ക്ക് നല്‍കാനായി നിരത്തിന്റെ ഇരുവശങ്ങളിലും നിര്‍ത്തിയിട്ടിരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ കാണാം, ഒരാള്‍ക്ക് ഒരുദിവസത്തേക്ക് ഏകദേശം 250 രൂപ നിരക്കില്‍ ഇത്തരം വാഹനങ്ങള്‍ ലഭിക്കും. ആകര്‍ഷകമായ വിലകളില്‍ മനോഹരമായ സ്ട്രീറ്റ് ഷോപ്പിംഗിനുള്ള അവസരമുണ്ട് ഗോവയില്‍. സണ്‍ഗ്ലാസുകളും ടീര്‍ട്ടുകളുമാണ് ഗോവയിലെത്തുന്ന സഞ്ചാരികളുടെയും കണ്ണില്‍ ആദ്യം പെടുക എന്നതൊരു രഹസ്യമല്ല. കണ്ടോലിമിലും അഞ്ചുനയിലുമുള്ള ശനിയാഴ്ചകളിലെ ഫ്‌ളീ മാര്‍ക്കറ്റുകളിലും തിരക്കേറേയാണ്.

Advertisements

ഉച്ചയ്ക്ക് ശേഷമാകുമ്പോഴേക്കും ബീച്ചില്‍ ആളുകൂടിയിട്ടുണ്ടാകും. മൂന്ന് പ്രധാനപ്പെട്ട ബീച്ചുകളാണ് കണ്ടോലിമിലുള്ളത്. കണ്ടോലിം ബീച്ച്, കാളഗുഡെ ബീച്ച്, ബാഗ ബീച്ച് എന്നിവയാണിവ. വിവിധ തരം വാട്ടര്‍സ്‌പോര്‍ട്‌സ് ഈവന്റുകളാണ് ബീച്ചിനെ ഉത്സവമാക്കുന്നത്. ഇവിടെയും സഞ്ചാരികളെ സഹായിക്കുന്നതിനായി നിരവധി ഗൈഡുകളെയും ഏജന്റുമാരെയും കാണാന്‍ സാധിക്കും. സ്വാദിഷ്ഠമായ ഭക്ഷണം ലഭിക്കുന്ന ബോഗ ബീച്ചിലെ നിരവധി മണ്‍കുടിലുകളില്‍ പ്രശസ്തവും ഏറ്റവും വലുതുമായ ഒന്നാണ് ബ്രിട്ടോ. അഞ്ജുന ബീച്ച് എന്നത് സായന്തനങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ മനോഹരമായ കടല്‍ത്തീരമാണ്.

പ്രശാന്തസുന്ദരമായ അന്തരീക്ഷതയും നിശബ്ദതയുമാണ് ഈ തീരത്തിന്റെ പ്രത്യേകതകള്‍. സാധാരണ ഗതിയില്‍ ഗോവയ്ക്കുള്ള സ്മാര്‍ട്ട്‌നെസ്സ് അല്ല തെക്കുഭാഗത്ത് കാണാനുള്ളത്. ശാന്തമായ കടല്‍ത്തീരങ്ങളും പള്ളികളുമാണ് തെക്കന്‍ ഗോവയുടെ പ്രത്യേകത. ഗോവയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായ കോള്‍വയും തെക്കന്‍ ഗോവയിലാണ് സ്ഥിതിചെയ്യുന്നത്. ശാന്തമായ പ്രകൃതിയാഗ്രഹിക്കുന്ന കുടുംബങ്ങള്‍ മിക്കവാറും തെക്കന്‍ ഗോവയായിരിക്കും തെരഞ്ഞെടുക്കുക. പ്രത്യേകിച്ച് നിരവധി പോഷ് ഹോട്ടലുകള്‍ കൂടി ഈ ഭാഗത്ത് ഉള്ളതിനാല്‍.

 

Romantic-time-Goa-Beaches

ആഘോഷങ്ങളുടെ സ്വര്‍ഗം

വൈകുന്നേരമായാല്‍ പിന്നെ നിരവധി ആഘോഷങ്ങള്‍ക്ക് വേദിയാകും ഗോവ. രാത്രിയാഘോഷങ്ങള്‍ മൂന്ന് മണി വരെയൊക്കെ നീളും. രാത്രി മുഴുവന്‍ സംഗീതമൊഴുകുന്ന പബ്ബുകളും ക്ലബ്ബുകളും ഗോവയുടെ ലഹരി മൂത്ത രാത്രിയാഘോഷങ്ങള്‍ക്ക് സാക്ഷിയാകുന്നു. സ്വന്തമായി വാഹനം ഏര്‍പ്പെടുത്തിയ ശേഷം ഗോവയില്‍ രാത്രിയാഘോഷങ്ങള്‍ക്ക് ഒരുമ്പെടുന്നതാണ് ബുദ്ധി. പാതിരാത്രിയില്‍ ഒരു വാഹനം ലഭിക്കാന്‍ ഏറെ പ്രയാസമാണിവിടെ. കഫെ ടിറ്റോസ്, മമ്പോസ് എന്നിവയാണ് വടക്കന്‍ ഗോവയിലെ പ്രധാനപ്പെട്ട രണ്ട് നിശാക്ലബ്ബുകള്‍.

കാളെഗുഡെ ബീച്ചിന് സമീപത്താണ് ഇവ രണ്ടും. ഇവിടെ നിന്നും വെറുതെ നടന്നു തുടങ്ങിയാല്‍ത്തന്നെ കീശ കാലിയാകാത്ത വിധത്തില്‍ ഭക്ഷണവും മദ്യവും നിറയെ സംഗീതവും കിട്ടുന്ന രാത്രി പബ്ബുകള്‍ കാണാം. പതിവ് രാത്രി ക്ലബ്ബുകളില്‍ മാത്രമല്ല, മണ്‍കുടിലുകളിലും മറ്റും ഈ പറഞ്ഞ സൗകര്യങ്ങള്‍ ലഭ്യമാണ്. എന്നാല്‍ രാത്രികാലങ്ങളില്‍ ബീച്ചിലൂടെ ഏറെദൂരം സഞ്ചരിക്കുക എന്നത് സുരക്ഷിതമല്ല. സ്വാദിഷ്ഠമായ ഭക്ഷണവും ഷോപ്പിംഗുമാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം.

ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നിന്നും എത്തിച്ചേരാന്‍ എളുപ്പമുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഗോവ. പ്രായവ്യത്യാസങ്ങളില്ലാതെ ഏത് തരത്തിലുള്ള ആളുകളും ഇവിടെയെത്തിച്ചേരുന്നു. അവധിക്കാലം ചെലവഴിക്കാനായി വിദേശത്ത് നിന്നും എത്തുന്ന സഞ്ചാരികള്‍ക്ക് മനോഹരമായ ഒരു ട്രീറ്റായിരിക്കും ഗോവ എന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ക്ക് ആസ്വദിക്കാനായി ഗോവ നിരവധി കാര്യങ്ങള്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. കുറച്ചുകൂടി സാഹസികരാകേണ്ട സഞ്ചാരികള്‍ക്ക് അതുമാവാം. കുടിലുകള്‍ വാടകയ്‌ക്കെടുത്ത് ഇവിടെ താമസിച്ച് ഗോവയിലെ സംസ്‌കാരവും ജീവിതരീതിയും അനുഭവിച്ചറിയാനുള്ള അവസരം കൂടിയാണത്. അപ്പോള്‍ ഗോവയിലേക്ക് തിരിക്കയല്ലേ ഒരു അവധിക്കാലം ചെലവഴിക്കാനായി.