KOYILANDY DIARY

The Perfect News Portal

സൗരപദ്ധതി: 3300 കിലോവാട്ട്‌ വൈദ്യുതിയുടെ പ്രവൃത്തി പൂർത്തിയാക്കി

കോഴിക്കോട്‌: KSEB യുടെ സൗരപദ്ധതിയിൽ ജില്ലയിൽ 725 ഗുണഭോക്താക്കൾക്കായി 3300 കിലോവാട്ട്‌ വൈദ്യുതിയുടെ പ്രവൃത്തി പൂർത്തിയാക്കി. രണ്ടാംഘട്ട രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്‌. ഓണക്കാലത്ത്‌ 25,000 ഗുണഭോക്താക്കളെക്കൂടി കണ്ടെത്താനാണ്‌ ലക്ഷ്യം. 2020 ജൂലൈയിലാണ്‌ കെഎസ്‌ഇബി സോളാർ വൈദ്യുത പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌.  വടകര സർക്കിളിൽ 139 പേരെയാണ്‌ അർഹരായി കണ്ടെത്തിയത്‌. 1889 കിലോവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിൽ 80 പേർക്ക്‌ 572 കിലോവാട്ട്‌ പദ്ധതിയായി. കോഴിക്കോട്‌ സർക്കിളിൽ 67 പേർക്ക്‌ 1539 കിലോവാട്ടാണ്‌ ലക്ഷ്യമിട്ടത്‌. 27 പേർക്ക്‌ 326 കിലോവാട്ട്‌ പൂർത്തിയായി. അർഹരായ ഗുണഭോക്താക്കൾക്ക്‌ രണ്ടു മാസത്തിനകം വൈദ്യുതി എത്തിക്കാനാവുന്ന പ്രവൃത്തിയാണ്‌ പുരോഗമിക്കുന്നത്‌. 

2021 സെപ്‌തംബറിലാണ്‌ സബ്‌സിഡി നിരക്കിൽ പുരപ്പുറ സോളാർ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. മൂന്നു  കിലോവാട്ട്‌ വരെയുള്ള പ്ലാന്റിന്‌ 40 ശതമാനവും 3–- 10 കിലോവാട്ട്‌ വരെ 20 ശതമാനവുമാണ്‌ സബ്‌സിഡി. കോഴിക്കോട്‌ സർക്കിളിൽ  4131 ഉം വടകരയിൽ 2327 ഉം പേരാണ്‌ രജിസ്‌റ്റർ ചെയ്‌തതത്‌. കോഴിക്കോട്‌ 496 വീടുകളിൽ 1830 ഉം വടകരയിൽ 122 വീടുകളിൽ 572ഉം കിലോവാട്ടിന്റെ പ്രവൃത്തി പൂർത്തിയായി. കെഎസ്‌ഇബി ഇ കിരൺ പോർട്ടൽ വഴിയാണ്‌ രജിസ്‌ട്രേഷൻ.

പദ്ധതി നടത്തിപ്പിന്‌ 32 ഏജൻസികളെ കെഎസ്‌ഇബി എംപാനൽ ചെയ്‌തിട്ടുണ്ട്‌. ഇവരിൽനിന്ന്‌ ഗുണഭോക്താവിന്‌ ഏജൻസിയെ തെരഞ്ഞെടുക്കാം. കമ്പനി സ്ഥലം സന്ദർശിച്ച്‌ പ്രായോഗികമാണെന്ന്‌ കണ്ടെത്തിയാൽ സബ്‌സിഡി കിഴിച്ചുള്ള പണം കമ്പനിക്ക്‌ നൽകണം. പദ്ധതി പൂർത്തിയായാൽ കെഎസ്‌ഇബി സബ്‌സിഡി തുക കമ്പനിക്ക്‌ നൽകും. അധികം ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്ക്‌ യൂണിറ്റിന്‌ 3.21 രൂപ നിരക്കിൽ കെഎസ്‌ഇബി ഗുണഭോക്താവിന്‌ നൽകും.

Advertisements


Leave a Reply

Your email address will not be published. Required fields are marked *