തീരദേശ ഹൈവേ നിർമാണം: സർവേ നടപടികൾ പുരോഗമിക്കുന്നു

കൊയിലാണ്ടി: തീരദേശ ഹൈവേയുടെ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർവേ നടപടികൾ പുരോഗമിക്കുന്നു. മൂടാടി, പാലക്കുളം, ഉരുപുണ്യകാവ് ബീച്ച്, കൊയിലാണ്ടി വിരുന്നുകണ്ടി, ഏഴുകുടിക്കൽ എന്നിവിടങ്ങളിലാണ് ഇപ്പോൾ സർവേ നടപടികൾ നടത്തുന്നത്. 15 വർഷം മുമ്പെ പറഞ്ഞുകേട്ട തീരദേശ ഹൈവേ നിർമാണത്തിന് സ്ഥലം നിർണയിക്കുന്ന കാര്യത്തിലും സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും ഇപ്പോഴും വേണ്ടത്ര പുരോഗതിയുണ്ടായിട്ടില്ലെന്ന ആക്ഷേപം ഉണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെ 656.6 കി.മീറ്റർ നീളത്തിലാണ് തീരദേശ ഹൈവേ നിർമിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ വടകര, കൊയിലാണ്ടി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ മണ്ഡലങ്ങളിലൂടെയാണ് പാത കടന്നുപോകുക. നിലവിലുള്ള തീരപാതകളെ ബന്ധിപ്പിച്ചും ഇല്ലാത്തിടത്ത് പുതുതായി പാത നിർമിച്ചുമാണ് തീരദേശഹൈവേ യാഥാർഥ്യമാക്കേണ്ടത്. കൊയിലാണ്ടി മണ്ഡലത്തിൽ ഏഴു റീച്ചുകളിലായാണ് തീരപാതയുടെ നിർമാണം. മൊത്തം 250 കോടി രൂപയാണ് കൊയിലാണ്ടി മണ്ഡലത്തിൽ മാത്രം തീരദേശ ഹൈവേ നിർമാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ കോടിക്കൽ ബീച്ച് മുതൽ കൊളാവിപാലം വരെയുള്ള റീച്ചിന് വിശദമായ പദ്ധതിരേഖ നൽകിയിട്ടുണ്ട്. കൊളാവി പാലവും വടകര താലൂക്കിലെ സാൻഡ് ബാങ്ക്സും തമ്മിൽ ബന്ധിപ്പിക്കുന്ന കുഞ്ഞാലിമരയ്ക്കാർ പാലം നിർമാണത്തിന് സ്ഥലമേറ്റെടുപ്പ് നടപടികൾ ആയിട്ടുണ്ട്.


എന്നാൽ ബാക്കിസ്ഥലങ്ങളിൽ നടപടികളൊന്നും പറയത്തക്കനിലയിൽ മുന്നോട്ട് നീങ്ങിയിട്ടില്ല. ഇരിങ്ങൽമുതൽ മൂടാടി ഗ്രാമപ്പഞ്ചായത്തിലെ കോടിക്കൽ ബീച്ചുവരെ തീരദേശപാത നിർമാണത്തിന് റവന്യൂ, പൊതുമരാമത്ത് വകുപ്പ് അധികൃതർ സംയുക്ത പരിശോധന നടത്തി അലൈൻമെന്റ് തയ്യാറാക്കിയിട്ടുണ്ട്. കോടിക്കൽ മുതൽ കൊയിലാണ്ടിവരെ അലൈൻമെന്റ് തയ്യാറായിട്ടില്ല. മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന് മുകളിലൂടെയാണ് പാത നിർമിക്കാൻ ലക്ഷ്യമിടുന്നത്. മന്ദമംഗലം മുതൽ പാറപ്പള്ളി വരെ തീരദേശപാതയുണ്ടെങ്കിലും വീതികൂട്ടി വികസിപ്പിക്കേണ്ടിവരും. പാറപ്പള്ളി മുതൽ കൊയിലാണ്ടി ഹാർബർവരെ ചിലയിടങ്ങളിൽ റോഡുണ്ടെങ്കിലും പരസ്പരം ബന്ധമറ്റു കിടപ്പാണ്. ഇവിടെ ഗുരുകുലം ബീച്ചിന് സമീപമുള്ള ചെറിയ തോടിനും വലിയ തോടിനും കുറുകെ പാലം നിർമിക്കണം.


ഈ ഭാഗത്തുള്ളവർക്ക് കൊയിലാണ്ടി കടൽത്തീരത്തിലൂടെ ഹാർബറിലേക്കെത്താൻ ഇപ്പോൾ വലിയ പ്രയാസമാണ്. കൊയിലാണ്ടി ഹാർബർ മുതൽ കണ്ണങ്കടവ് വരെ നിലവിലുള്ള തീരപാത വഴിയിലൂടെയാണ് ഹൈവേ കടന്നുപോകുക. കണ്ണങ്കടവ് നിന്ന് കോരപ്പുഴ പാലത്തിലേക്കെത്താൻ റോഡ് വീതികൂട്ടി നിർമിക്കണം. കോരപ്പുഴ കടന്ന് നിലവിലുള്ള റോഡ് വഴി വെങ്ങാലി, പുതിയാപ്പ, കോഴിക്കോട് ബീച്ച് വഴിയാണ് ഹൈവേ പോകുക. തിരുവനന്തപുരം-കാസർകോട് തീരപാത നിലവിൽ വരുന്നതോടെ ടൂറിസം ഗതാഗത മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാവും. കടലിന്റെ മനോഹാരിത കൺകുളിർക്കെ കണ്ട് യാത്രചെയ്യുന്നതോടൊപ്പം, കടലോര മേഖലയിലെ ഒട്ടനവധി ടൂറിസ്റ്റ് സ്പോട്ടുകളിലേക്കും, ആരാധനാലയങ്ങളിലേക്കുമുള്ള യാത്ര എളുപ്പമുള്ളതാവുകയും ചെയ്യും. മത്സ്യബന്ധന ഹാർബറുകളിൽനിന്നുള്ള ട്രക്കുകളുടെ യാത്രയും സുഗമമാകും. തീരദേശപാതയുടെ നിർമാണപ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നത് കേരള റോഡ്സ് ഫണ്ട്


ബോർഡാണ്.
