KOYILANDY DIARY

The Perfect News Portal

ഭൂതത്താൻകെട്ടും തട്ടേക്കാടും

കൊച്ചിയിൽ താമസിക്കുന്നവർക്കും, അവിടെ എത്തിപ്പെട്ടവർക്കും ഒരു വീക്കൻഡ് യാത്രയ്ക്ക് പറ്റിയ സ്ഥലങ്ങളാണ് ഭൂതത്താൻകെട്ടും തട്ടേക്കാടും. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളായതിനാൽ ഈ രണ്ട് സ്ഥലങ്ങളിലേക്കും ഒറ്റ ദിവസം യാത്ര ചെയ്ത് തിരികെ കൊച്ചിയിലെത്താം

ഭൂതത്താൻകെട്ടിനെക്കുറിച്ച്

ഭൂതത്താൻകെട്ടിലെ അണക്കെട്ടാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിപ്പിക്കുന്ന പ്രധാന കാര്യം. പെരിയാർ നദിക്ക് കുറുകേയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിൽ നിന്ന് വനത്തിനുള്ളിലൂടെ പോയാൽ പ്രകൃത്യാൽ രൂപം കൊണ്ട ഒരു ചെറിയ അണ കാണാൻ കഴിയും. ഭൂതങ്ങളാണ് ഈ അണ നിർമ്മിച്ചതെന്നാണ് പറയപ്പെടുന്നത് അതിനാലാണ് ഈ അണക്കെട്ടിന് ഭൂതത്താൻകെട്ട് എന്ന് പേരു വന്നത്. ഇതിന് പിന്നിൽ ഒരു കഥയുണ്ട്.

Advertisements

ഭൂതങ്ങളുടെ പണിപാളി!

ഭൂതത്താൻ‌കെട്ടിന് സമീപത്തായി ഒരു ശിവക്ഷേത്രമുണ്ട്. തൃക്കരിയൂർ ശിവക്ഷേത്രം ധാരാളം വിശ്വാസികൾ വരാറുള്ള ഈ ക്ഷേത്രം പെരിയാറിന് തീരത്താണ് സ്ഥിതി ചെയ്യുന്നത്. അതിനടുത്തായി കുറച്ച് കുട്ടിഭൂതങ്ങൾ താമസിച്ചിരുന്നു. മഹാവികൃതികളായിരുന്ന ഭൂതങ്ങൾ പെരിയാർനദിക്ക് കുറുകേ ഒരു ചിറകെട്ടാൻ ആഗ്രഹിച്ചു. ക്ഷേത്രം വെള്ളത്തിൽ മുക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. രാത്രിയിലാണ് ഭൂതങ്ങളുടെ നിർമ്മാണ പ്രവർത്തികൾ. കാരണം, പകൽ പുറത്തിറങ്ങാൻ ഭൂതങ്ങൾക്ക് പേടിയാണത്രേ!

ഭൂതങ്ങൾ ചിറകെട്ടുന്നതിന് പിന്നിലെ ഉദ്ദേശം മനസിലാക്കിയ ശിവൻ കോഴിയുടെ രൂപ സ്വീകരിച്ച് കൂടി. ഇത് കേട്ട് നേരം വെളുക്കാറായെന്ന് കരുതി ഭൂതങ്ങൾ അണകെട്ടുന്നത് നിർത്തി ഓടിയൊളിച്ചു എന്നാണ് കഥ.

ഇനി യാത്ര

ഭൂതത്താൻകെട്ടിലേക്കും തട്ടേക്കാടിലേക്കും കൊച്ചിയിൽ നിന്ന് ഒരു യാത്ര പുറപ്പെട്ടാലോ. കൊച്ചിയി‌ൽ നിന്ന് മൂവാറ്റുപുഴ വഴി കോതമംഗലത്ത് എത്തിച്ചേരുകയാണ് ആദ്യം വേണ്ടത്. കോതമംഗലത്ത് നിന്ന് കീരൻപാറയിലേക്ക് ചെല്ലുക. അവിടെ നിന്ന് രണ്ട് വഴികളാണ് ഒന്ന് തട്ടേക്കാടേക്കും മറ്റൊന്ന് ഭൂതത്താൻ കെട്ടിലേക്കും.

കോതമംഗലത്തേക്ക്

കൊച്ചിയിൽ നിന്ന് മൂവാറ്റുപുഴ വഴി കോതമംഗലത്ത് എത്തിച്ചേരുകയാണ് ആദ്യം ചെയ്യേണ്ടത്. പശ്ചിമഘട്ടമലനിരാളുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന സാമാന്യം വലിയ ടൗൺ ആണ് കോതമംഗലം. കോതമംഗലത്ത് നിന്ന് പ്രഭാതഭക്ഷണം കഴിക്കാം. കൊച്ചിയിൽ നിന്ന് 55 കിലോമീറ്ററും മൂവാറ്റുപുഴയിൽ നിന്ന് 10 കിലോമീറ്ററും യാത്രയുണ്ട് കോതമംഗലത്ത് എത്താൻ.

കീരംപാറവഴി തട്ടേക്കാടേക്ക്

ആദ്യയാത്ര തട്ടേക്കാടെക്ക് പോകുന്നതാണ് നല്ലത്. കോതമംഗലത്ത് നിന്ന് കീരംപാറവഴി തട്ടേക്കാട് എത്തിച്ചേരാം. കോതമംഗലത്ത് നിന്ന് 17 കിലോമീറ്റർ അകലെയായാണ് തട്ടേക്കാട് സ്ഥിതി ചെയ്യുന്നത്. പെരിയാർ നദിയിലൂടെയുള്ള ബോട്ട് യാത്ര ചെയ്യാൻ ധാരാളം ആളുകൾ ഇവിടെ എത്താറുണ്ട്.

പെരിയാറിന്റെ സൗന്ദര്യം

പെരിയാറിന്റെ രണ്ട് കൈവഴികൾക്ക് ഇടയിലായാണ് തട്ടേക്കാട് സ്ഥിതി ചെയ്യുന്നത്. തട്ടേക്കാടിന്റെ ഇരുവശവും വെള്ളമാണ് ഇതാണ് തട്ടേക്കാടിനെ കൂടുതൽ സുന്ദരമാക്കുന്നത്. തട്ടേക്കാടിന്റെ മുക്കാൽഭാഗവും വനമാണ്. കൊച്ചി പോലുള്ള നഗരത്തിലെ ജീവിതത്തിരക്കിൽ നിന്ന് മോചനം തേടി, ആളുകൾ വീക്കെൻഡിൽ ഇവിടെ എത്തിച്ചേരാറുണ്ട്.

പക്ഷി സങ്കേതം

തട്ടേക്കാട് എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ് സലീംഅലി പക്ഷി സങ്കേതം. തട്ടേക്കാട് പക്ഷി സങ്കേതം എന്ന് അറിയപ്പെടുന്ന ഈ പക്ഷിസങ്കേതം സ്ഥപിച്ചത് 1983ൽ ആണ്. പക്ഷികളെക്കുറിച്ച് പഠനം നടത്താൻ ഗവേഷകർ ഇവിടെ എത്താറുണ്ട്. പക്ഷി സങ്കേതമാണെങ്കിലും തട്ടേക്കാട് വനത്തിൽ മയിലുകൾ ഇല്ല. എന്നാൽ ഇവിടുത്തെ മൃഗശാലയിൽ മയിലുകളെ വളർത്തുന്നുണ്ട്.

പലതരം കാഴ്ചകൾ

പക്ഷി സങ്കേതത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൃഗശാലയിൽ ചെന്നാൽ നിരവധി മൃഗങ്ങളെ അടുത്ത് കാണാൻ കഴിയും. അണ്ണാൻ വർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ ജീവിയായ മലയണ്ണാൻ. മാൻവർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിപ്പം കൂടിയ ജീവിയായ മ്ലാവ് തുടങ്ങിയവയൊക്കെ ഇവിടെ കാണാൻ കഴിയും.

ബോട്ട് സവാരി

തട്ടേക്കാടിൽ എത്തിയാൽ സഞ്ചാരികൾക്ക് ബോട്ട് സവാരി നടത്താൻ അവസരം ഉണ്ട്. തട്ടേക്കാട് എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ് ഇഞ്ചത്തൊട്ടി തൂക്കുപാലം. കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിലേക്ക് ആണ് ഈ നടപ്പാത.

ഭൂതത്താൻ‌കെട്ടിലേക്ക്

തട്ടേക്കാടിൽ നിന്ന് ഭൂതത്താൻകെട്ടിലേക്ക് പോകാൻ കീരിപ്പാറയിലേക്ക് തിരികെയെത്തണം. ഇനി ഭൂതത്താൻ കെട്ടിലേക്ക് പോകാം. കീരംപാരയിൽ നിന്ന് ഇടമലയാർ റോഡിലൂടെ അഞ്ച് കിലോമീറ്റർ യാത്ര ചെയ്താൽ ഭൂതത്താൻകെട്ടിലെത്താം. 1957ൽ ആണ് ഭൂതത്താൻകെട്ട് ഡാമിന്റെ നിർമ്മാണം ആരംഭിച്ചത്. 1964ൽ നിർമ്മാണം പൂർത്തിയായി.

ഭൂതങ്ങൾ കെട്ടിയ അണയിലേക്ക് ഒരു ട്രെക്കിംഗ്

ഭൂതത്താൻ‌കെട്ട് ഡാമിൽ നിന്ന്, ഭൂതങ്ങൾകെട്ടിയതെന്ന് പറയപ്പെടുന്ന അണക്കെട്ട് കണാൻ വനത്തിലൂടെ ഒരു ട്രെക്കിം നടത്താം. പെരിയാർ നദി രണ്ട് കൈവഴികളായി തട്ടേക്കാടിന് ഇരുവശത്ത് കൂടി ഒഴുകി കൂടിച്ചേരുന്ന സ്ഥലമാണ് ഭൂതത്താൻകെട്ട്. പാറക്കെട്ടുകളും ദുർഘടമായ വഴികളും താണ്ടിയുള്ള യാത്ര നിങ്ങൾക്ക് സുന്ദരമായ ഒരു അനുഭവമായിരിക്കും.