KOYILANDY DIARY.COM

The Perfect News Portal

താനിക്കുളത്തിൽ ശുചീകരണ പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി: ദേശീയ പാതയോരത്ത് പുല്ലും, പായലും, മാലിന്യവും നിറഞ്ഞു നാശോന്മുഖമായ വിയ്യൂർ വില്ലേജ് ഓഫീസിന് സമീപത്തെ താനിക്കുളത്തിൽ ശുചീകരണ പ്രവൃത്തി ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ തെളി നീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് താനിക്കുളം ശുദ്ധീകരിക്കുന്നത്. ദേശീയ പാതയോരത്തായതിനാൽ സകല മാലിന്യവും തള്ളുന്നത് ഈ ജലാശയത്തിലാണ്. കൊല്ലം പ്രദേശത്തെ നൂറുകണക്കിന് വീട്ടുകാരുടെ ജലസ്രോതസ്സാണിത്.

പ്ലാസ്റ്റിക് കവറിൽ കൊണ്ടു വരുന്ന മാലിന്യം കുളത്തിലേക്ക് വലിച്ചെറിയുകയാണ് പതിവ്. കുടുംബശ്രീപ്രവർത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ശുചീകരണ യജ്ഞം തുടങ്ങിയത്. നഗരസഭാ ഉപാധ്യക്ഷൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ. കെ. ദാസൻ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ കെ. ഷിജു, ഇ.കെ. അജിത്, സി. പ്രജില, നഗരസഭാംഗങ്ങളായ കെ.എം. നജീബ്, ടി.വി. ഫക്രുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. മാലിന്യം പൂർണമായി നീക്കംചെയ്ത്‌ ചുറ്റും കെട്ടിസംരക്ഷിച്ചാൽ നല്ലൊരു ജലസ്രോതസ്സായി താനിക്കുളത്തെ മാറ്റാം. ദേശീയപാതയോരത്ത് ഇപ്പോൾ സംരക്ഷണഭിത്തികളൊന്നുമില്ല. റോഡും കുളവും തൊട്ടുതൊട്ടാണ് സ്ഥിതിചെയ്യുന്നത്.

കുളത്തിൽ വെള്ളമുയർന്നാൽ റോഡിലേക്കും നിറഞ്ഞുകവിയും. അപകടഭീഷണി ഒഴിവാക്കാൻ റോഡിനും കുളത്തിനുമിടയിൽ ഉറപ്പേറിയ സംരക്ഷണഭിത്തി നിർമിക്കണം. മുൻകാലങ്ങളിൽ കുളത്തിലേക്ക് നല്ല ഉറവയായതിനാൽ വെള്ളം നിറഞ്ഞുതുളുമ്പുമായിരുന്നു. സമീപത്തെ വീട്ടുകാരുടെ കിണറുകളിലെല്ലാം നല്ല ജലവിതാനം എപ്പോഴുമുണ്ടാകുമായിരുന്നു. വേനൽക്കാലത്ത് കനാൽ വെള്ളമെത്തുമ്പോഴും കുളം നിറയും. ഇപ്പോൾ കുളത്തിലാകെ പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ,എന്നിവയെല്ലാം നിറഞ്ഞുകിടക്കുകയാണ്. കുളത്തിലെ മണ്ണും ചെളിയും മാലിന്യവും പായലുകളുമെല്ലാം നീക്കണം. മാലിന്യനിക്ഷേപം തടയാൻ സി.സി.ടി.വി. സംവിധാനവും നിതാന്തജാഗ്രതയും വേണം. താനിക്കുളത്തിന്റെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. അവരിൽനിന്ന് കുളം നഗരസഭ ഏറ്റെടുക്കണമെന്ന് കൊയിലാണ്ടി നഗരസഭ 42-ാം വാർഡ് കൗൺസിലർ കെ.എം. നജീബ് ആവശ്യപ്പെട്ടു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *