KOYILANDY DIARY

The Perfect News Portal

ആന്‍ഡമാന്‍ നിക്കോബാര്‍ – പവിഴദ്വീപിലെ വിസ്മയക്കാഴ്ചകള്‍

കടല്‍ത്തീരങ്ങള്‍ ഇഷ്ടപ്പെടാത്തവരില്ല. ഓരോ അവധിക്കാലങ്ങളിലും പുതിയ പുതിയ തീരങ്ങള്‍ തേടുന്നവരാണ് സഞ്ചാരികളില്‍ ഏറെയും. കടലിന്റെ അപാരതയും ശാന്തതയും തന്നെയാണ് പലരെയും തീരങ്ങളെ പ്രണയിയ്ക്കുന്നവരാക്കിമാറ്റുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ബീച്ചുകള്‍ വിദേശീയര്‍ക്ക് പ്രിയങ്കരമാണ്. അതുകൊണ്ടുതന്നെ മിക്കകടല്‍ത്തീരങ്ങളും  ഇപ്പോള്‍ സഞ്ചാരികളുടെ തിരക്കേറിയ സ്ഥലങ്ങളാണ്.

ആള്‍ത്തിരക്കില്ലാത്ത ശാന്തമായ ഏകാന്തതയുടെ സൗന്ദര്യം നുകരാന്‍ കഴിയുന്ന തീരങ്ങളാണ് ആളുകള്‍ അന്വേഷിയ്ക്കുന്നത്. ശാന്തമായ കടല്‍ത്തീരമാസ്വദിയ്ക്കാന്‍ അത്രയേറെ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ആള്‍ത്തിരക്കില്ലാത്ത നീലക്കടല്‍ത്തീരമാണ് ആന്‍ഡമാനിലേത്, എത്രനുകര്‍ന്നാലും മതിവരാത്ത സൗന്ദര്യത്തിന്റെ ഖനികളാണ് ഈ തീരം.

ഭൂമിശാസ്ത്രം

Advertisements

ഇന്ത്യന്‍ മെയിന്‍ ലാന്‍ഡില്‍ നിന്നും ഏതാണ്ട് 1200 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉല്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്‍ഡമാന്‍ നിക്കോബാര്‍. 8000 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്തീര്‍ണം.  ആന്‍ഡമാന്‍, നിക്കോബാര്‍ എന്നിവ രണ്ട് വ്യത്യസ്ത ദ്വീപുസമൂഹങ്ങളാണ്. വടക്കം തെക്കുമായിട്ടാണ് ഈ ദ്വീപു സമൂഹങ്ങളുടെ കിടപ്പ്.

വടക്കുഭാഗത്തുള്ള ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തില്‍ ഇരുന്നൂറോളം വ്യത്യസ്ത ദ്വീപുകളുണ്ട്. ഇവയില്‍ മിക്ക ദ്വീപുകളും വലിയ കാടുകളാണ്. നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍ പത്തൊന്‍പത് ദ്വീപുകളാണുള്ളത്. ഇതില്‍ ഏഴെണ്ണത്തില്‍ ജനവാസമില്ല. ഏറ്റവും തെക്കുഭാഗത്തായി കിടക്കുന്ന ഗ്രേറ്റ് നിക്കോബാര്‍ ദ്വീപാണ് വലിപ്പത്തിന്റെ കാര്യത്തില്‍ മുന്നില്‍

തലസ്ഥാന നഗരമായ പോര്‍ട് ബ്ലെയര്‍ ആണ് ഇവയുടെ കവാടം. പോര്‍ട് ബ്ലെയറിലാണ് വിമാനത്താവളവും മറ്റുമുള്ളത്. ദ്വീപുസമൂഹത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശവും ഇതുതന്നെയാണ്. പോര്‍ട് ബ്ലെയറില്‍ എത്തിക്കഴിഞ്ഞാല്‍ ടാക്‌സികളിലോ മറ്റോ ദ്വീപുചുറ്റിക്കാണാനിറങ്ങാം. ഇന്ത്യയിലെ ചെന്നൈ, കൊല്‍ക്കത്ത തുറമുഖങ്ങളില്‍ നിന്നും ഫെറികളിലും പോര്‍ട് ബ്ലെയറില്‍ എത്താം.

കാണാനുള്ളത്

മനോഹരമായതും വൃത്തിയുള്ളതുമായ ബീച്ചുകളാണ് ദ്വീപുസമൂഹങ്ങളിലെ ഏറ്റവും വലിയ പ്രത്യേകത. സ്‌കൂബ ഡൈവിങ്ങിനും മറ്റുമുള്ള അനന്ത സാധ്യതകളാണ് ഇവിടെയുള്ളത്. കടലിനടിയിലൂടെ സഞ്ചരിച്ച് മത്സ്യങ്ങളെയും കടല്‍സസ്യങ്ങളെയും പവിഴപ്പുറ്റുകളുമെല്ലാം കാണാം. ടൂറിസത്തിന്റെ പേരില്‍ അധികം കയ്യേറ്റങ്ങള്‍ നടന്നിട്ടില്ലാത്ത സ്ഥലങ്ങളായതിനാല്‍ത്തന്നെ കാഴ്ചകളിലേറെയും പ്രകൃതിദത്തമാണ്. ഇന്ത്യയിലെ മറ്റ് പല പ്രമുഖ കടല്‍ത്തീരങ്ങളെയും അപേക്ഷിച്ച് കൂടുതല്‍ വൃത്തിയുള്ള തീരങ്ങളാണ് ഇവിടെ കാണുക. ഇവിടുത്തെ ശുചിത്വം തന്നെയാണ് പലരെയും വീണ്ടും വീണ്ടും ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

ദ്വീപുകളിലെ ആകര്‍ഷണകേന്ദ്രങ്ങളുടെ പട്ടികയെടുത്താല്‍ തീരുകതന്നെയില്ല, അത്രയ്ക്ക് കാഴ്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്. കടലിലേയ്ക്കിറങ്ങിനില്‍ക്കുന്ന കുന്നുകളും, നിബിഢ വനങ്ങളും അവയിലെ ജീവജാലങ്ങളുമെല്ലാം കണ്ടിരിക്കേണ്ടതുതന്നെയാണ്. കാല്‍പ്പനികമായ ഏകാന്തതയാണ് പല ബീച്ചുകളുടെയും മുഖമുദ്ര അതിനാല്‍ത്തന്നെ ഈ ദ്വീപുസമൂഹം ഒരു പ്രധാന ഹണിമൂണ്‍ ഡസ്റ്റിനേഷന്‍ എന്ന നിലയില്‍ പ്രശസ്തമായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയ്ക്കിണക്കുന്ന രീതിയിലാണ് ദ്വീപുനിവാസികള്‍ ടൂറിസം സാധ്യതകള്‍ മുന്നില്‍ക്കണ്ട് റിസോര്‍ട്ടുകളും മറ്റും ഒരുക്കിയിരിക്കുന്നത്. ഒട്ടേറെതരത്തിലുള്ള പക്ഷിമൃഗാദികളും 2200ഓളം തരത്തില്‍പ്പെട്ട സസ്യങ്ങളും ഇവിടെയുണ്ട്. ഇതില്‍ 1300ഓളം ഇനങ്ങള്‍ ഇന്ത്യന്‍ മെയിന്‍ ലാന്‍ഡില്‍ കാണാന്‍ കഴിയാത്തവയാണ്.

അടുത്തകാലത്തായി വിദേശികള്‍ക്കിടയില്‍ ആന്‍ഡാമാന്‍ നിക്കോബാര്‍  ഒരു പ്രധാന ഡസ്റ്റിനേഷന്‍ ആയി മാറിയിട്ടുണ്ട്. അടുത്തിടെ ടൈം മാഗസിന്‍ ഹേവ്‌ലോക്ക് ഐലന്റിലെ രാധാനഗര്‍ ബീച്ചിനെ ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ചായി തിരഞ്ഞെടുത്തിരുന്നു. ഇത് ഈ ദ്വീപുസമൂഹത്തിലെ ടൂറിസം സാധ്യത അന്താരാഷ്ട്രതലത്തില്‍ ഏറെ ഉയര്‍ത്തിയിട്ടുണ്ട്. മനോഹരമായ നീലജലമാണ് ഹേവ്‌ലോക്ക് ഐലന്റിലെ തീരത്തുള്ളത്. പഞ്ചാരമണലും നീലക്കടലും ചേര്‍ന്നൊരുക്കുന്ന കാഴ്ച കാണേണ്ടതുതന്നെയാണ്. ഇന്ത്യയില്‍ മറ്റൊരു തീരത്തും കാണാന്‍ കഴിയാത്ത കാഴ്ചയാണിത്, മാത്രമല്ല മറ്റ് ബീച്ചുകളിലൊന്നും ഇത്ര എളുപ്പത്തില്‍ സുരക്ഷിതമായി കടലില്‍ ഇറങ്ങി കാഴ്ചകള്‍ കാണാനും സാധിയ്ക്കില്ല.

ഇവിടുത്തെ മറ്റൊരു പ്രധാന കേന്ദ്രമാണ് ജോളി ബുവോയ് ഐലന്റ്. മറ്റൊന്നാണ് സിന്‍ക്യൂ ഐലന്റ് ഇവിടെയാണ് പ്രശസ്തമായ മഹാത്മാഗാന്ധി മറൈന്‍ നാഷണല്‍ പാര്‍ക്കുള്ളത് (ഇതിനെ വന്‍ഡൂര്‍ മറൈന്‍ നാഷണല്‍ പാര്‍ക്ക് എന്നും പറയുന്നുണ്ട്). മലിനീകരണം കര്‍ശനമായി നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളാണിതെല്ലാം.

ആന്‍ഡമാനിലേയ്ക്ക് യാത്രചെയ്യുമ്പോള്‍

ഇന്ത്യയില്‍ എവിടെനിന്നും ആന്‍ഡമാന്‍ നിക്കോബാറിലേയ്ക്ക് യാത്രചെയ്യുകയെന്നത് എളുപ്പമാണ്. ഇന്ത്യയില്‍ നിന്നുള്ള ഏതാണ്ട് എല്ലാ പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍ക്കും ആന്‍ഡമാനിലേയ്ക്ക് സര്‍വ്വീസുണ്ട്. പോര്‍ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ എയര്‍പോര്‍ട്ടിലാണ് ഇറങ്ങേണ്ടത്. കൊല്‍ക്കത്ത, ഭൂവനേശ്വര്‍,ചെന്നൈ എന്നിവിടങ്ങളില്‍ നിന്നെല്ലാം പോര്‍ട് ബ്ലെയര്‍ വിമാനത്താവളത്തിലേയ്ക്ക് നേരിട്ട് വിമാനസര്‍വ്വീസുകളുണ്ട്.

ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇവിടേയ്ക്ക് കപ്പല്‍ സര്‍വ്വീസും നടത്തുന്നുണ്ട് എംവി നാന്‍കോവ്രി എന്നാണ് കപ്പലിന്റെ പേര്. ചെന്നൈയില്‍ നിന്നും പോര്‍ട് ബ്ലെയറിലേയ്ക്ക് മാസത്തില്‍ രണ്ട് വട്ടമാണ് ഇത് സര്‍വ്വീസ് നടത്തുന്നത്. വിസാഗില്‍(വിശാഖപട്ടണം) നിന്നും പോര്‍ട് ബ്ലെയറിലേയ്ക്ക് മൂന്ന് മാസത്തില്‍ ഒരിക്കലും സര്‍വ്വീസുണ്ട്.