KOYILANDY DIARY.COM

The Perfect News Portal

ശക്തമായ ചുഴലിക്കാറ്റില്‍ നരിപ്പറ്റയില്‍ വ്യാപക നാശനഷ്ടം

നാദാപുരം> ശക്തമായ ചുഴലിക്കാറ്റില്‍ നരിപ്പറ്റയില്‍ വ്യാപക നാശനഷ്ടം. ഞായറാഴ്ച രാവിലെയുണ്ടായ കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. തെങ്ങ് ഉള്‍പ്പെടെ നിരവധി കാര്‍ഷിക വിളകളും വന്‍മരങ്ങളും കടപുഴകി വീണു. നിരവധി വീടുകള്‍ തകര്‍ന്നു. ഒരു വീട് പൂര്‍ണമായും തകര്‍ന്നു. താനിയുള്ളപൊയില്‍, കുമ്പളച്ചോല, പാറവട്ടം ഭാഗങ്ങളിലാണ് ചുഴലിക്കാറ്റടിച്ചത്. കാറ്റിലും മഴയിലും പാറവട്ടത്തെ പൈമ്പള്ളികണ്ടി വാസുവിന്റെ ഓലമേഞ്ഞ വീട് തെങ്ങ് വീണ് നിലംപതിച്ചു. ഈ സമയത്ത് വാസുവും കുടുംബവും വീട്ടിനടുത്തുണ്ടായിരുന്നു. തലനാരിഴക്കാണ് കുടുംബം രക്ഷപ്പെട്ടത്.

ചുഴലികാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ ഇ കെ വിജയന്‍ എംഎല്‍എ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എ കെ നാരായണി എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും റവന്യൂ–വില്ലേജ് അധികൃതര്‍ ഇടപെടണമെന്ന് ഇ കെ വിജയന്‍ പറഞ്ഞു.
പെരേലാണ്ടി നാണു, പാറവട്ടം ചാത്തു, പുരുഷു, ചേലക്കാട്ട് ശങ്കരന്‍, കളകെട്ടിയ പറമ്പത്ത് അശോകന്‍, കമ്മായി അശോകന്‍, മാതു, പള്ളിപ്പൊയില്‍ കരുണന്‍, കുഴിപ്പറമ്പത്ത് കുമാരന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.

നിരവധി വീടുകളുടെ ഓടുകള്‍ കാറ്റില്‍ തകര്‍ന്നു. പ്രദേശത്ത് മൂന്ന് വൈദ്യുതി തൂണുകള്‍ കാറ്റില്‍ തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം തകര്‍ന്നു.

Advertisements

മുപ്പത്തിഅഞ്ചോളം കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് നശിച്ചത്. അഞ്ചുലക്ഷത്തോളം രൂപയുടെ കാര്‍ഷിക വിളകള്‍ നശിച്ചതായി കണക്കാക്കുന്നു.

Share news