KOYILANDY DIARY

The Perfect News Portal

വിരാട് കോലിക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ. ബി സി സി ഐയാണ് രാജ്യത്തെ പരമോന്നത കായികതാരത്തിനുള്ള ബഹുമതിയായ ഖേല്‍ രത്‌നയ്ക്ക് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയെ ശുപാര്‍ശ ചെയ്തത്. മധ്യനിര ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയെ അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

2015 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് എം എസ് ധോണിയില്‍ നിന്നും വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ശ്രീലങ്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പര വിജയങ്ങളും കോലി ഈ ചെറിയ കാലത്തിനുള്ളില്‍ സ്വന്തമാക്കി. സ്വന്തം നാട്ടില്‍ നടന്ന പരമ്പരയില്‍ ലോക ഒന്നാം നമ്പറായ ദക്ഷിണാഫ്രിക്കയെ 3 -0 നാണ് കോലിയും സംഘവും പരാജയപ്പെടുത്തിയത്.

ദില്ലി സ്വദേശിയായ ഈ 27 കാരന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി മാരക ഫോമിലാണ്. ട്വന്റി 20 ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസായ കോലി ഇപ്പോള്‍ നടന്നുവരുന്ന ഐ പി എല്‍ ഒമ്പതാം സീസണിലെ ഓറഞ്ച് ക്യാപിനും ഉടമയാണ്. വിരാട് കോലിയെ രാജീവ് ഗാന്ധി ഖേല്‍ രത്‌നയ്ക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ബി സി സി ഐയുടെ കത്ത് തങ്ങള്‍ക്ക് കിട്ടിയതായി കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം സ്ഥിരീകരിച്ചു. ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍, ഈ ബഹുമതി കിട്ടുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാകും കോലി. നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം എസ് ധോണി എന്നിവര്‍ രാജീവ് ഗാന്ധി ഖേല്‍രത്‌ന സ്വീകരിച്ചിട്ടുണ്ട്. 7.5 ലക്ഷം രൂപയും ഫലകവുമാണ് ഖേല്‍ രത്‌ന പുരസ്‌കാരം. അര്‍ജുന അവാര്‍ഡിന് ഇത് 5 ലക്ഷം രൂപയാണ്. കഴിഞ്ഞ തവണ ക്രിക്കറ്റില്‍ നിന്നും രോഹിത് ശര്‍മയ്ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചിരുന്നു.

Advertisements