KOYILANDY DIARY

The Perfect News Portal

സച്ചിന് ഇഷ്ടം തോന്നിയ മസൂരിയെ നമുക്ക് ഇഷ്ടമാകും

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന അനേകം ഹില്‍സ്റ്റേഷനുകളുണ്ട് ഉത്തരാഖണ്ഡില്‍. അതിലൊന്നാണ് ഡെറാഡൂണ്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മസൂരിയെന്ന ഹില്‍സ്റ്റേഷന്‍. ക്രിക്കറ്റിന്റെ ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറിന്റെ ഇഷ്ട ഹില്‍സ്റ്റേഷനാണ് മസൂരി.

ഉത്തരഖാണ്ഡില്‍ എപ്പോഴെങ്കിലും യാത്ര ചെയ്യുമ്പോള്‍ മസൂരിയില്‍ ഒരു നാള്‍ തങ്ങിയില്ലെങ്കില്‍ അത് വലിയ നഷ്ടമായിരിക്കും.മസൂരിയി‌ലേക്ക് യാത്ര പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ സ്ലൈഡുകളിലൂടെ വായിക്കാം

1

01. പുണ്യസ്ഥലങ്ങളിലേക്കുള്ള കവാടം

ഹിമാലയത്തിന്റെ ഭാഗമാ‌യ ഗര്‍വാള്‍ മലനിരയുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന മസൂരി, ഗംഗോത്രി, യമുനോത്രി എന്നീ പുണ്യസ്ഥല‌ങ്ങളിലേക്കുള്ള കവാടമാണ്.

2

02. പ്ര‌ധാന കാഴ്ചകള്‍

കെംപ്റ്റി ഫാള്‍സ്, ഹാപ്പി വാലി, ക്യാമല്‍സ് ബാക്ക് റോഡ്, ഗണ്‍ ഹി‌ല്‍, മസൂരി ലേക്, ജ്വാലജി ടെമ്പിള്‍, ദി മാള്‍, ലെയ്ക് മിസ്റ്റ് തുടങ്ങി പേരില്‍പ്പോലും കൗതുകം ഒളിപ്പിച്ച് വച്ചിരിക്കുന്ന നിരവധി കാഴ്ചകളുണ്ട് സഞ്ചാരികള്‍ക്ക് മസൂരിയില്‍ കാണാന്‍

3

03. കാഴ്ചകള്‍ കാണാന്‍ കേബിള്‍ കാര്‍

കേബിള്‍ കാര്‍ ആണ് മസൂരിയിലെ പ്രധാനപ്പെട്ട മറ്റൊരു ആകര്‍ഷണം. 5 മുതല്‍ 10 മിനുറ്റ് വരെ നീളുന്ന കേബിള്‍ കാര്‍ യാത്രയില്‍ നിങ്ങള്‍ക്ക് മസൂരിയെ ആകശത്ത് നിന്ന് കണ്ട് ആനന്ദിക്ക്ആം. ജൂല ഘട്ടില്‍ നിന്ന് ഗണ്‍ ഹില്ലിലേക്കാണ് കേബിള്‍ കാര്‍ സര്‍വീസ് ഉള്ളത്. 75 രൂപയാണ് കേബിള്‍കാറി‌ല്‍ കയറാനു‌ള്ള നിരക്ക്.

 

4

04. സാഹസിക യാത്രയ്ക്ക് സ്കൈ ബ്രിഡ്ജ്

കയറും മുളയും ഉപയോഗിച്ച് നിര്‍മ്മിച്ച, 300 അടി നീളമുള്ള തൂക്കുപാലമാണ് ഇത്. തറനിരപ്പില്‍ നിന്ന് 80 അടി ഉയര്‍ത്തിലായാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. 300 രൂപയാണ് ഈ പലത്തിലൂടെ യാത്ര ചെയ്യാനുള്ള പ്രവേശന ഫീസ്.

5

05. ട്രെക്കിംഗ്

ട്രെക്കിംഗിനും മലകയത്തിനും വെറുതെയു‌ള്ള നടത്തതിനും പറ്റിയ സ്ഥലമാണ് മസൂരി. നാഗ ടിബ്ബ കൊടുമുടി, ഭദ്രാച് ടെമ്പിള്‍ ആന്‍ഡ് ഫോറെസ്റ്റ് ട്രെക്ക്, ഹര്‍ കി ഡൂണ്‍ ട്രെക്ക്, യമുനോത്രി സപ്തര്‍ഷി കുണ്ട് ട്രെക്ക്, ഡോഡിറ്റാല്‍ ട്രെക്ക് എന്നിവയാണ് ഇവിടെ നിന്ന് ആരംഭിക്കുന്ന ജനപ്രിയമായ ട്രെക്കിംഗുകള്‍. കനത്ത മഴയുണ്ടാകാറു‌ള്ള ജൂണ്‍, ജൂലൈ, ആഗസ്റ്റ്, തുടങ്ങിയ മാസങ്ങളൊഴികെ മറ്റു സമയമൊക്കെ ട്രെക്കിംഗിന് പറ്റിയ സമയമാണ്.

6

06. സ്കൈ വോക്ക്

നിരവധി സാഹസിക വിനോദങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് മസൂരി. അതില്‍ ഏറ്റവും ത്രില്ലടിപ്പിക്കുന്ന ഒന്നാണ് സ്കൈവോക്ക്. 120 അടി ഉയരത്തിലായി വലിച്ച് കെട്ടിയ വടത്തിന് മുകളിലൂടെയുള്ള നടത്തമാണിത്. കേള്‍ക്കുമ്പോഴെ പേടിയായോ പേടിക്കേണ്ട. നിങ്ങളുടെ സുരക്ഷയ്ക്കായി ഒരു കയര്‍ നിങ്ങളുടെ ശരീരവുമായി ബന്ദിച്ച് കെട്ടിയിട്ടിട്ടാണ് യാത്ര. അതവ കാല്‍ വഴു‌തിയാലും നിങ്ങള്‍ സുരക്ഷിതമായി ഈ കയറില്‍ തൂങ്ങി കിടക്കും. സിപ് ലൈന്‍, സിപ് സ്വിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളും ഇവിടെ നടത്തുന്നുണ്ട്.

7

07. റോക്ക് ക്ലൈമ്പിംഗ്, റാപ്പെല്ലിംഗ്

നിരവധി പാറക്കൂട്ടങ്ങളുള്ള മസൂരി റോക്ക് ക്ലൈംബിംഗിനും റാ‌പ്പെല്ലിംഗിനും പറ്റിയ സ്ഥലമാണ് നിങ്ങളുടെ ഇഷ്ടത്തിനനുസ‌രിച്ച് 50 അടി മുതല്‍ 600 അടി വരെ ഉയ‌രമുള്ള പാറക്കെട്ടില്‍ കയറുകയും ഇറങ്ങുകയും ചെയ്യാം. ഇതിന് പരിശീ‌ലനവും സഹായവും നല്‍കു‌ന്ന നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. 500 രൂപ മുതല്‍ 3600 രൂപവരെയാണ് ഇതിനായി ഈടാക്കുന്നത്.

8

08. പാരഗ്ലൈഡിംഗ്

പാരഗ്ലൈഡിംഗില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതും ഒന്ന് പരീക്ഷിച്ച് നോക്കാന്‍ ഇവിടെ അവസരമുണ്ട്. പാരഗ്ലൈഡിംഗില്‍ പരിചയ സമ്പന്നരായ പ്രഫഷണലുകളുടെ സേവനവും നിങ്ങള്‍ക്ക് ലഭ്യമാണ്. 2000 രൂപ മുതല്‍ 10000 രൂപ വരെയാണ് ഇതിനായുള്ള ചെ‌ലവ്. പാരഗ്ലൈഡിംഗ് സമയ ദൈര്‍ഘ്യം അനുസരിച്ചാണ് നിരക്ക് കൂടുന്നത്.

9

09. റാഫ്റ്റിംഗും ബോട്ടിംഗും

ഉത്തരാഖണ്ഡിലെ വളരെ ജനപ്രീയമായ ഒരു സാഹസിക വിനോദമാണ് റാഫ്റ്റിംഗ്. മുസൂരിയ്ക്ക് സമീപത്തൂടെ ഒഴുക്കുന്ന യമുന നദിയിലും അഗ്ല നദിയിലും റാഫ്റ്റിംഗിനുള്ള സൗകര്യമുണ്ട്.

10

10. ഷോപ്പിംഗ്

മസൂരിയിലെ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നാണ്‌ ലാന്‍ഡൗര്‍ ബാസാര്‍. മുസ്സൂറിയുടെ സ്ഥാപകനായ ക്യാപ്‌റ്റന്‍ യംഗിന്റെ താമസ സ്ഥലമായിരുന്ന മുല്ലിംഗര്‍ എസ്റ്റേറ്റ്‌ ഇവിടെയാണ്‌. യംഗിന്റെ വസതിയുടെ നിര്‍മ്മാണ ശൈലി കാണുന്നതിനും മറ്റുമായി ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇവിടെ എത്തുന്നു.