കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ഭക്തിയുടെ നിറവിൽ കൊടിയേറി. ക്ഷേത്രം തന്ത്രി മേൽപ്പള്ളി മനയ്ക്കൽ ഉണ്ണികൃഷ്ണൻ അടി തിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റച്ചടങ്ങ്.

25 ന് വെള്ളിയാഴ്ച കാലത്ത് മുതൽ താന്ത്രിക പ്രധാനമായ ഉത്സവബലി, കലാമണ്ഡലം മാണി വാസുദേവ ചാക്യാരും സംഘവും മത്തവിലാസം കൂത്ത് അവതരിപ്പിക്കും, വൈകീട്ട് ഗാനാമൃതം, വെളിയന്നൂർ സത്യൻ മാരാരുടെ തായമ്പക.

26 ന് ഗാനാഞ്ജലി, പത്മനാഭൻ കാഞ്ഞിലശ്ശേരിയും സരുൺ മാധവും ചേർന്ന് അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, രാത്രി പ്രാദേശിക പ്രതിഭകൾ അവതരിപ്പിക്കുന്ന സർഗ്ഗ രാവ്.

27 ന് കാലത്ത് ചെമ്പട മേളത്തിൽ കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിൽ കാഴ്ചശീവേലി, വിശേഷാൽ തായമ്പക, ശാസ്ത്രീയ നൃത്ത സമന്വയം.

28 ന് സർവ്വൈശ്വര്യ പൂജ, അഞ്ചടന്ത മേളത്തോടെ കാഴ്ചശീവേലി, പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് മൃത്യുഞ്ജയ പുരസ്ക്കാര സമർപ്പണം, ഉച്ചയ്ക്ക് സമൂഹ സദ്യ , വൈകീട്ട് മലക്കെഴുന്നെള്ളിപ്പ്, മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ പ്രമാണത്തിൽ 101 വാദ്യ പ്രതിഭകൾ അവതരിപ്പിക്കുന്ന ആലിൻ കീഴ് മേളം.
മാർച്ച് 1 ന് മഹാശിവരാത്രി ദിനത്തിൽ വിശേഷാൽ സഹസ്ര കുംഭാഭിഷേകം, ഓട്ടൻതുള്ളൽ, പ്രസാദ ഊട്ട്, ശയനപ്രദക്ഷിണം, ഗാനമേള, ഇരട്ടത്തായമ്പക, 2 ന് പള്ളിവേട്ട, 3 ന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.

