KOYILANDY DIARY.COM

The Perfect News Portal

നാടകം കളിക്കാൻ ആക്രി വിറ്റ് പണം സ്വരൂപിക്കുക എന്ന ലക്ഷ്യവുമായി വിപ്ലവ കലാവേദി

കോഴിക്കോട്: നാടകം കളിക്കാൻ വീടുതോറും കയറി ആക്രി പെറുക്കി വിറ്റ് പണം സ്വരൂപിക്കുക എന്ന ലക്ഷ്യവുമായി വിപ്ലവ കലാവേദി. പുതിയങ്ങാടി എടക്കാട്‌ വിപ്ലവ കലാവേദി പ്രവർത്തകരാണ്‌ നാടകത്തിനായി ശരിക്കും വിപ്ലവ പ്രവർത്തനം സംഘടിപ്പിക്കുന്നത്‌.  പണമില്ലാതെ നാടകം മുടങ്ങരുതെന്ന ചിന്തയിലാണ്‌ നാടക പ്രേമികളായ  കലാവേദി പ്രവർത്തകർ പഴയ കടലാസും പ്ലാസ്‌റ്റിക്കും തേടി ചാക്കുമായി ഇറങ്ങിയത്‌. കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഏകപാത്ര നാടകം കളിക്കാനുള്ള അവസരം കലാവേദിക്ക് ലഭിച്ചിരുന്നു. നാടകകാരൻ സതീഷ്‌ കെ സതീഷ്‌  രചിച്ച “ദൈവത്തിന്റെ നിലവിളി” നാടകമാണ്‌ നാട്ടു കൂട്ടായ്‌മയിൽ അരങ്ങിലെത്തിക്കുന്നത്‌. സംവിധാനം കെ. കെ സന്തോഷ്‌. രേഖയാണ് ഏകപാത്രമായി രംഗത്തെത്തുന്നത്. നവീൻ, കുമാർ ജി എന്നിവരും അണിയറയിലുണ്ട്‌.

നാടകം അവതരിപ്പിക്കാൻ സാമ്പത്തികമായിരുന്നു ഏകപ്രശ്നം. ഏറെ ചർച്ചകൾക്കു ശേഷമാണ്  ആക്രി പെറുക്കി വിറ്റ്‌ നാടകം കളിക്കാൻ തീരുമാനിച്ചത്. ഏകദേശം മുപ്പതിനായിരത്തിലധികം രൂപ ഇതുവഴി സമാഹരിച്ചു.  കലാ പ്രവർത്തനത്തിന്റെ  വേറിട്ട വഴിയിലൂടെ അമ്പതാം വർഷത്തിലേക്ക്  കടക്കുന്ന കലാവേദി സുവർണ ജൂബിലിക്ക്‌  വ്യത്യസ്‌ത പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്‌. വി. കെ സന്തോഷ്‌കുമാർ, യു. ശിവാനന്ദൻ തുടങ്ങിയവരായിരുന്നു നേതൃത്വം. 1971ൽ രൂപീകരിച്ച വിപ്ലവ കലാവേദി നൃത്തം, സംഗീതം, കീ ബോർഡ്, ചിത്രരചന എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്‌. ‘നന്മ’ എന്നപേരിൽ ചാരിറ്റി പ്രവർത്തനവും നടത്തുന്നു. തെരുവിൽ ഗാനമേള  അവതരിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതടക്കം നിരവധി മേഖലകളിൽ കലാവേദി കൈയൊപ്പ്‌ ചാർത്തിയിട്ടുണ്ട്‌.


Share news

Leave a Reply

Your email address will not be published. Required fields are marked *