തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫീസിലുണ്ടായ സ്ഫോടനത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു
തിരുവനന്തപുരം > വെള്ളറട വില്ലേജ് ഓഫീസിലുണ്ടായ സ്ഫോടനത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വില്ലേജ് ഓഫീസര്‍ മോഹന്‍, അസിസ്റ്റന്റ് ഓഫീസര്‍ കൃഷ്ണ കുമാര്‍, ക്ളര്‍ക്ക് വേണുഗോപാല്‍ ജീവനക്കാരായ പുഷ്പം, പ്രഭാകരന് എന്നിവര്‍ക്കും സമീപത്തെ ഹോമിയോ ആശുപത്രിയിലെ മിനി, ചിത്രലേഖ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചക്ക് പന്ത്രയോടെയാണ് സ്ഫോടനമുണ്ടായത്. വില്ലേജ് ഓഫീസിലെത്തിയ മൂന്നംഗ സംഘമാണ് സ്ഫോടനം നടത്തിയത്. സ്ഫോടക വസ്തു കത്തിച്ച ഇവര്‍ കതക് അടച്ചശേഷം രക്ഷപെടുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചാണ് സംഘം ഓഫീസിലെത്തിയതെന്നും പറയുന്നു.

എന്നാല്‍, ബോംബു സ്ഫോടനമല്ല ഉണ്ടായതെന്നും ദ്രാവകരൂപത്തിലുള്ള രാസവസ്തു കത്തിക്കുകയായിരുന്നുവെന്നും ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. എന്ത് രാസവസ്തുവാണ് എന്നത് പൊലീസ് പരിശോധിച്ചുവരികയാണ്. ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു.

