കെ – റെയിൽ പദ്ധതി ഉപേക്ഷിക്കുക: ലോഹ്യാ വിചാരവേദി
കൊയിലാണ്ടി: കെ – റെയിൽ പദ്ധതി ഉപേക്ഷിക്കുക, കേരളത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കാട്ടിലെ പീടികയിൽ തുടർന്നു വരുന്ന സത്യഗ്രഹ സമരത്തിൽ ലോഹ്യാ വിചാരവേദി പ്രവർത്തകർ പങ്കുചേർന്നു. രാവിലെ തിരുവങ്ങൂരിൽ നിന്ന് പ്രകടനമായി സത്യഗ്രഹ വേദിയിൽ എത്തിച്ചേർന്ന ലോഹ്യാ വിചാര വേദി പ്രവർത്തകരെ സമര സമിതി ചെയർമാൻ ടി. ടി ഇസ്മായേലിൻ്റെ നേതൃത്വത്തിൽ സമര പ്രവർത്തകർ സ്വീകരിച്ചു. സമൂഹത്തിലെ വരേണ്യരുടെ ജീവിത സൗകര്യങ്ങൾ വർദ്ധിക്കുന്നതു കൊണ്ട് നാട് വികസിക്കുമെന്നും, വരേണ്യരുടെ വേഗത വർദ്ധിച്ചാൽ സമൂഹമാകെ ചലനാത്മകമാകുമെന്നും പ്രചരിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധവും അധാർമ്മികവുമാണ്.

നമ്മുടെ ഭരണാധികാരികൾ എത്രമാത്രം മുതലാളിത്ത, സമ്പന്ന പക്ഷപാതികളായിത്തീർന്നു വെന്നതിന് തെളിവാണ് കെ – റെയിൽ പോലുള്ള കോർപ്പറേറ്റ് വത്കൃത പദ്ധതികളെന്ന് ജനങ്ങൾ തിരിച്ചറിയണം. ലോഹ്യാ വിചാരവേദി ജില്ലാ സിക്രട്ടറി പി. കെ രാജൻ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു . സമര സമിതി നേതാവ് പ്രവീൺ അദ്ധ്യക്ഷനായി. ഇ. കെ ശ്രീനിവാസൻ, പി. പ്രദീപ് കുമാർ, ശ്രീധരൻ മാസ്റ്റർ, വിജയരാഘവൻ ചേലിയ, ഷിജു എന്നിവർ സംസാരിച്ചു.


