KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഗതാഗത പരിഷ്ക്കരണത്തിൻ്റെയും, സുരക്ഷയുടെയും, ഭാഗമായാണ് നഗരത്തിലെ നാല് കിലോമീറ്റർ ചുറ്റളവിൽ സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾക്കാണ് തുടക്കമിട്ടത്. കൊയിലാണ്ടി പോലീസ് സി.ഐ. എൻ. സുനിൽ കുമാറിൻ്റെ നിർദ്ദേശ പ്രകാരം ക്യാമറകൾ എവിടെയെല്ലാം സ്ഥാപിക്കണമെന്ന പരിശോധന ആരംഭിച്ചു കഴിഞ്ഞു. കൊയിലാണ്ടി നഗരത്തിലുണ്ടാകുന്ന മോഷണങ്ങൾ, വാഹനം ഇടിച്ച് നിർത്താതെ പോകുന്ന സംഭവങ്ങൾ, സാമൂഹ്യ വിരുദ്ധ ശല്യം എന്നിവയെല്ലാം പല ഭാഗങ്ങളിലും പതിവായിരിക്കുകയാണ്. ഇങ്ങിനെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ സ്വകാര്യ സ്ഥാപനങ്ങളിലെ സി.സി. ടി.വി ദൃശ്യങ്ങളാണ് അന്വേഷണത്തിനായി പോലീസ് ശേഖരിക്കുന്നത്. ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ക്യാമറകൾ സ്ഥാപിച്ച ശേഷം പ്രത്യേകം നിരീക്ഷിക്കാനുളള സ്ഥിരം സംവിധാനം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

കൊല്ലം ചിറ, പിഷാരികാവ് ക്ഷേത്രം, കൊല്ലം ടൗൺ, ആനക്കുളം, പോലീസ് സ്റ്റേഷൻ, സിവിൽ, താലൂക്ക് ആശുപത്രി, റെയിൽവെ സ്റ്റേഷൻ, ലിങ്ക് റോഡ്, ആർ.ഒ.ബിയുടെ മുകളിലും, താഴെയും, നഗരത്തിൻ്റെ തെക്ക് ഭാഗം ബപ്പൻകാട് റെയിൽവെ ഗേറ്റ്, ബീവറേജ്, ടോൾ ബൂത്ത്, ഹാർബർ, പഴയ പോലീസ് സ്റ്റേഷൻ റോഡ്, തുടങ്ങിയ 110 ഓളം കേന്ദ്രങ്ങളിലായിരിക്കും ക്യാമറകൾ സ്ഥാപിക്കുക. ഇതിനായി വിപുലമായ സംവിധാനങ്ങൾ വേണ്ടി വരും. ലക്ഷങ്ങൾ തന്നെ പദ്ധതിക്കായി വരും,  കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സിംഫണി എന്ന സ്ഥാപനമാണ് പദ്ധതി നിർവഹണം നടത്തുക.

കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സി.ഐ. എൻ.സുനിൽകുമാർ, എം.എൽ.എ .പ്രതിനിധി സ്വരാജ്, നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ.അജിത്, ദേശീയപാത എക്സി. എഞ്ചിനീയർ എൻ. ജാഫർ, കെ.എസ്.ഇ.ബി. സബ്ബ് എഞ്ചിനീയർ കെ.കെ ഹരീഷ് കുമാർ, ട്രാഫിക് എസ്.ഐ. വി.എം.ശശിധരൻ, സിംഫണി നെറ്റ് വർക് ആൻ്റ് സൊലൂഷൻ, പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഇതിനു ആവശ്യമായ തുക സ്പോൺസർമാരിൽ നിന്ന് കണ്ടെത്താനാണ് തീരുമാനം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *