ഡെപ്യൂട്ടി തഹസിൽദാർക്ക് വധഭീഷണി അന്വേഷണം ഉർജിതമാക്കി പോലീസ്
മേപ്പയ്യൂർ : മണ്ണുമാന്തിയും ടിപ്പർ ലോറിയും പിടികൂടിയതിന്റെ വിരോധത്തിന് കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഇ.എം. ബിജുവിന്റെ നരക്കോടുള്ള വീട്ടിലെത്തി രാത്രി അക്രമിസംഘം വധഭീഷണി മുഴക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. റൂറൽ ജില്ല പൊലീസ് മേധാവി എ. ശ്രീനിവാസന്റെ നിർദേശപ്രകാരം വടകര ഡി.വൈ.എസ്.പി. കെ.കെ. അബ്ദുൽ ഷെറീഫ് ഡെപ്യൂട്ടി തഹസിൽദാർ താമസിക്കുന്ന നരക്കോട് എടപ്പങ്ങാട്ട് മീത്തൽ വീട്ടിലെത്തി.
വീട്ടിലെത്തി വിവരങ്ങളാരാഞ്ഞു. ഡെപ്യൂട്ടി തഹസിൽദാരുടെ മകൻ വേദിക്കിനോട് നടന്ന സംഭവങ്ങൾ ചോദിച്ചറിഞ്ഞു.. നേരത്തെയുള്ള മഹസറും സി.സി.ടി.വി.യും പരിശോധിച്ചു. സമീപവാസികളോടും കാര്യങ്ങൾ തിരക്കി. ഇതുവരെ നടത്തിയ അന്വേഷണപുരോഗതി വിലയിരുത്തുകയും ഇനി ചെയ്യേണ്ട നിർദേശിക്കുകയും ചെയ്തു. മേപ്പയൂർ എസ്.എച്ച്.ഒ. കെ. ഉണ്ണികൃഷ്ണൻ, എസ്.ഐ.മാരായ പി.വി. പ്രശോഭ്, വി. സതീശൻ എന്നിവരും ഡിവൈ.എസ്.പി.ക്ക് ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞദിവസം ആർ.ഡി.ഒ. സി. ബിജു നേരിട്ടെത്തി ഡെപ്യൂട്ടി തഹസിൽദാരുടെ ഭാര്യ ഇരിങ്ങത്ത് യു.പി. സ്കൂൾ അധ്യാപികയായ വിപുലയിൽനിന്ന് സംഭവദിവസത്തെ കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ശേഷം പോലീസ് സ്റ്റേഷനിലും അദ്ദേഹം പോയി കേസ് സംബന്ധമായ കാര്യങ്ങൾ തിരക്കി. വീട്ടിലെത്തി വധഭീഷണി മുഴക്കിയ അക്രമിസംഘത്തിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് വിപുല ആർ.ഡി.ഒ.യോടാവശ്യപ്പെട്ടു.

