KOYILANDY DIARY

The Perfect News Portal

കര്‍ഷകര്‍ക്ക് മാസം 5,000 രൂപ പെന്‍ഷന്‍: ഡിസംബര്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മാസം 5,000 രൂപവരെ പെന്‍ഷന്‍ നല്‍കാനുള്ള കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നിന് തുടക്കമാകും. കര്‍ഷക രജിസ്ട്രേഷനായി പ്രത്യേകം തയ്യാറാക്കിയ വെബ് പോര്‍ട്ടല്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശിപ്പിക്കും. ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ കര്‍ഷകര്‍ക്ക് ബുധനാഴ്ചമുതല്‍ https://kfwfb.kerala.gov.in വെബ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. നിലവില്‍ കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് ക്ഷേമനിധി മുഖേനയാണ് പെന്‍ഷന്‍ ലഭിക്കുക.

അംഗത്വം ആര്‍ക്കെല്ലാം

പതിനെട്ടിനും 55നും ഇടയില്‍ പ്രായമുള്ള, മൂന്നു വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമാര്‍ഗമായി സ്വീകരിക്കുകയും മറ്റേതെങ്കിലും ക്ഷേമനിധിയില്‍ അംഗമല്ലാത്തവരുമായ കര്‍ഷകര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 100 രൂപ രജിസ്ട്രേഷന്‍ ഫീസടച്ച്‌ അപേക്ഷിക്കണം. അഞ്ച് സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശമുള്ള, അഞ്ചു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരാകണം. ഉദ്യാന കൃഷി, ഔഷധ സസ്യക്കൃഷി, നഴ്സറി നടത്തിപ്പ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്‍, കന്നുകാലി ഉള്‍പ്പെടെയുള്ളവയെ പരിപാലിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

Advertisements

അംശാദായം അടയ്ക്കല്‍

ക്ഷേമനിധിയില്‍ അംഗമാകുന്നവര്‍ മാസംതോറും അംശാദായം അടയ്ക്കണം. ആറ് മാസത്തെയോ ഒരു വര്‍ഷത്തെയോ തുക ഒന്നിച്ച്‌ അടയ്ക്കാനുമാകും. 100 രൂപയാണ് കുറഞ്ഞ പ്രതിമാസ അംശാദായത്തുക. 250 രൂപവരെയുളള അംശാദായത്തിന് തുല്യമായ വിഹിതം സര്‍ക്കാര്‍കൂടി നിധിയിലേക്ക് അടയ്ക്കും.

പെന്‍ഷന്‍ എപ്പോള്‍

അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശാദായം അടയ്ക്കുകയും കുടിശ്ശികയില്ലാതെ ക്ഷേമനിധിയില്‍ അംഗമായി തുടരുകയും 60 വയസ്സ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് അടച്ച അംശാദായത്തിന്റെ ആനുപാതികമായി പെന്‍ഷന്‍ ലഭിക്കും. കുറഞ്ഞത് അഞ്ചു വര്‍ഷം അംശാദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാണ് കുടുംബ പെന്‍ഷന്‍ ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *