KOYILANDY DIARY

The Perfect News Portal

താജ്‌മഹല്‍ മാത്രം കണ്ടാല്‍ പോര, ആഗ്രയിലെ 10 കാ‌ഴ്ചകള്‍ കാണാം

ആഗ്രയില്‍ പോകുക എന്ന് പറയുന്നതിനേക്കാള്‍ കൂടുതലായി ആളുകള്‍ പറയാറുള്ളത് താജ്‌മഹല്‍ സന്ദര്‍ശിക്കാന്‍ പോകുക എന്നായിരിക്കും. കാരണം ആഗ്രയേക്കാള്‍ പ്രശസ്തമാണ് ആഗ്രയിലെ താ‌ജ്‌‌മഹല്‍.

താജ്‌മഹല്‍ കാണാന്‍ നി‌ങ്ങള്‍ യാത്ര തി‌രിക്കുന്നെങ്കില്‍ താജ്‌മഹല്‍ കണ്ട് കഴിഞ്ഞ് നിങ്ങള്‍ തീര്‍‌ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട 10 സ്ഥലങ്ങള്‍ പരിചയപ്പെടാം.

ആഗ്ര കോട്ട

ആഗ്രഫോര്‍ട്ട്, മറ്റുചിലപ്പോല്‍ റെഡ്ഫോര്‍ട്ട് എന്ന പേരിലും അറിയപ്പെടുന്ന ഈ കോട്ട വാസ്തുശൈലിയിലും രൂപകല്പനയിലും ഡല്‍ഹിയിലെ ചെങ്കോട്ടയെ കവച്ച് വെക്കുന്നതാണ്. രണ്ട് കെട്ടിടങ്ങളും ചുവന്ന മണല്‍ കല്ലുകള്‍കൊണ്ട് പണിതവയാണ്.

ദയാല്‍ ബാഗ്

കരുണയുള്ളവരുടെ തോട്ടം എന്നര്‍ത്ഥം വരുന്ന ദയാല്‍ ബാഗ് അഥവാ സോമിബാഗ്, രാധാസോമി മതവിശ്വാസികളുടെ ആസ്ഥാനപട്ടണമാണ്. ഇവരുടെ അഞ്ചാമത്തെ ഗുരുവായ ഹുസൂര്‍ സാഹബ് ജി മഹാരാജ് 1915 ലെ വാസന്തപഞ്ചമി നാളില്‍ ഒരു മള്‍ബെറി ചെടി നട്ടുകൊണ്ടാണ് ഇതിന് തുടക്കമിട്ടത്. പ്രകൃതിരമണീയമായ ഈ പ്രദേശം ആഗ്രയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ്.

ചൗസത് ഖംബ

ന്യൂഡല്‍ഹിയിലെ സൂഫി മുസ്ലിം വിഭാഗത്തിന്റെ ആരാധനാലയവും കല്ലറയുമെന്ന നിലയില്‍ ഒരു പൈതൃക സ്ഥലമായാണിതറിയപ്പെടുന്നത്. ഡല്‍ഹിയ്ക്കടുത്ത് നിസാമുദ്ദീനിലാണ് ഇത് നിലകൊള്ളുന്നത്. 1623 – ’24 ല്‍ ജഹാംഗീര്‍ ചക്രവര്‍ ത്തിയുടെ കാലത്ത് മിര്‍സ അസീസ് കോകയാണ് ഇത് പണിതത്.

ഇതുമതുദ്ദൌല

അക്ബര്‍ ചക്രവര്‍ത്തിയുടെ മകനായ ജഹാംഗീര്‍ തന്റെ ഭാര്യാപിതാവായ മിര്‍സഗിയാസ് ബെഗിന് നല്കിയ അപരനാമമാണ് ഇതുമതുദ്ദൌല എന്നത്. അദ്ദേഹത്തെയും പത്നി അസ്മത് ജഹാനെയും അടക്കംചെയ്തിട്ടുള്ള ഈ കല്ലറ പണിതത് അവരുടെ പുത്രിയും ജഹാംഗീറിന്റെ ഭാര്യയുമായ നൂര്‍ ജഹാനാണ്. 1622 നും ’28 നും ഇടയിലായിരുന്നു ഇതിന്റെ നിര്‍മ്മാണം.

ജഹാംഗീര്‍മഹല്‍

ആഗ്രകോട്ടയ്ക്കുള്ളിലാണ് ജഹാംഗീര്‍മഹല്‍. അക് ബര്‍ ചക്രവര്‍ ത്തിയാണ് 1570 ല്‍ ഇത് പണിതത്. സിനാന പാലസ് അഥവാ സ്ത്രീകളുടെ വസതി എന്നാണ് ഇതറിയപ്പെടുന്നത്. തന്റെ രജപുത്ര പത്നിമാരെ താമസിപ്പിക്കാനായിരുന്നു അക്ബര്‍ ഇത് പണിതത്.

മുസമാന്‍ ബുര്‍ജ്

സമാന്‍ ബുര്‍ജ് എന്നും ഷാ ബുര്‍ജ് എന്ന പേരിലും അറിയപ്പെടാറുള്ള മുസമ്മന്‍ ബുര്‍ജ് അഥവാ സ്തൂപം ആഗ്രാകോട്ടയിലെ ദിവാന്‍ ഇ ഖാസിന് സമീപത്താണ്. മുഗള്‍ഭരണാധികാരിയായ ഷാജഹാന്‍ തന്റെ പ്രിയപത്നിയായ മുംതാസ് മഹലിനുള്ള സ്മരണാഞ്ജലിയായിട്ടാണ് ഈ അഷ്ടഭുജ സ്തംഭം പണിതത്.

പാഞ്ച് മഹല്‍

അഞ്ച് നിലയുള്ള മട്ടുപ്പാവാണിത്. അക്ബറിന്റെ ഏറ്റവും പ്രിയങ്കരികളായ മൂന്ന് പത്നിമാര്‍ക്കും മറ്റ് അന്തപ്പുര സ്ത്രീകള്‍ക്കുമുള്ള വേനല്‍ കാലവസതി ആയിട്ടാണ് പ്രധാനമായും ഇത് പണിതത്. ചക്രവര്‍ത്തിയുടെ അനേകം പത്നിമാരില്‍ ഒരുവളായ ജോധാഭായിയുടെ രമ്യഹര്‍ മ്മത്തിനരികിലാണിത്.

അക്ബര്‍ ചക്രവര്‍ത്തിയുടെ ശവകുടീരം

നൂറ്റിപത്തൊന്‍പത് ഏക്കറുകളിലായാണ് ഈ പ്രദേശം പരന്നു കിടക്കുന്നത്. ആഗ്രയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരെയാണിത്. 1605 ല്‍ അക്ബര്‍ തന്നെയാണ് തന്റെ കുഴിമാടത്തിന്റെ പണി തുടങ്ങിവെച്ചത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പുത്രന്‍ ജഹാംഗീര്‍ ഇതില്‍ അവസാന ശിലയും വെച്ചു.

ചീനി ക റൗ‌ള

യമുനാനദിയുടെ തീരത്ത് ഇതുമാതുദ്ദൌലയുടെ കല്ലറയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ചിനി കാ റൌള. 1635 ലാണ് ഇത് പണിതത്. മിനുസമാര്‍ന്ന ചില്ലുകള്‍കൊണ്ടുള്ള ടൈലുകളാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ഒന്ന് ഇന്ത്യയില്‍ ആദ്യമാണ്.

ജമാ മസ്ജിദ്

ചുവന്ന കല്ലുകളും വെണ്ണക്കല്ലുകളും കൊണ്ട് വളരെ ലളിതമായാണ് ഈ മസ്ജിദ് പണിതിട്ടുള്ളത്. ചുമരുകളും മേല്‍തട്ടും നീലഛായം പൂശിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദുകളില്‍ ഒന്നാണിത്. പട്ടണത്തിന്റെ ഹൃദയഭാഗത്ത് ആഗ്രഫോര്‍ ട്ട് റെയില്‍വേ സ്റ്റേഷന്റെ എതിര്‍ വശത്തായാണ് ഈ മസ്ജിദ് നിലകൊള്ളുന്നത്.