നിയന്ത്രണം വിട്ട കാർ ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചു കയറി
കോഴിക്കോട്: നിയന്ത്രണം വിട്ട കാർ ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചു കയറി. ഷോറൂമില്‍ നിന്നു പുതിയ കാര്‍ പുറത്തേക്ക് ഇറക്കുന്നിതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്ത സിംപിള്‍ ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചു കയറിയത്. വെള്ളിയാഴ്ച ഉച്ചയോടെ പുതിയറയിലാണ് അപകടമുണ്ടായത്. ഹ്യുണ്ടായ് ഷോറൂമില്‍ നിന്ന് പുതിയ ഹ്യുണ്ടായി ഗ്രാന്റ് ഐടെന്‍ നിയോസിന്റെ താക്കോല്‍ ഏറ്റുവാങ്ങി, ചക്രത്തിനടിയില്‍ നാരങ്ങവച്ചു എല്ലാവരില്‍ നിന്നും ആശംസകള്‍ ഏറ്റുവാങ്ങി ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ടു. നേരെ മുന്നിലുണ്ടായിരുന്ന ഫര്‍ണീച്ചര്‍ കടയിലേക്ക് ഇടിച്ചുകയറി വണ്ടി നിന്നു.

കടയുടെ മുന്നിലെ ചില്ലുകള്‍ തകര്‍ന്നു. കാറിന്റെ മുന്‍വശവും തകര്‍ന്നു. മാനുവല്‍ ഓപ്ഷനിലുള്ള കാറായിരുന്നു അപകടത്തില്‍പെട്ടത്. ആര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടില്ല. അതേസമയം ഷോറൂമില്‍ നിന്ന് വാഹനം എടുത്തു കൊണ്ടുപോകവേ അപകടത്തില്‍ പെടുന്ന നിരവധി വാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദില്‍ ഇത്തരത്തില്‍ ഒരു അപകടം ഉണ്ടായിരുന്നു. ഹൈദരാബാദിലുള്ള കാര്‍ ഉടമ ടാറ്റ ടിയാഗോ സ്വന്തമാക്കി ഷോറൂമില്‍ നിന്നു ഇറക്കിയപ്പോള്‍ തന്നെ അപകടം സംഭവിക്കുകയായിരുന്നു.


അന്ന് ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മാനുവല്‍ ഓപ്ഷനിലുള്ള കാര്‍ ഓടിച്ചു പരിചയിച്ചയാള്‍ പുതുതായി ഓട്ടോമറ്റിക് കാര്‍ വാങ്ങി ഷോറൂമില്‍നിന്ന് പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് അന്ന് അപകടം ഉണ്ടായത്. കാര്‍ മുകളിലെ നിലയില്‍നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.ഷോറൂമിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ഇറക്കാനുള്ള റാമ്ബിലേക്ക് കയറ്റുന്നതിന് മുമ്പ് സെയില്‍സ് എക്‌സിക്യൂട്ടീവ് കാര്യങ്ങള്‍ ഉടമയ്ക്ക് വിശദീകരിക്കുമ്പോഴാണ് അപകടം നടന്നത്.


വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ഉടമ ആക്‌സിലേറ്റര്‍ ചവിട്ടുകയായിരുന്നു എന്നാണ് ഡീലര്‍ഷിപ്പ് അധികൃതര്‍ പറയുന്നത്. പെട്ടെന്ന് മുന്നോട്ട് പോയ കാര്‍ ഒന്നാം നിലയില്‍ നിന്ന് താഴെ പാര്‍ക്ക് ചെയ്തിരുന്ന ഫോക്‌സ്‌വാഗന്‍ പോളോയുടെ മുകളിലേക്ക് പതിച്ചു. അപകടത്തില്‍ ടിയാഗോ ഉടമയ്ക്കും ഷോറൂമിന്റെ പുറത്തുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റു. താഴേ പാര്‍ക്ക് ചെയ്തിരുന്ന പോളോയില്‍ ആളുകളാരും ഇല്ലാതിരുന്നതുകൊണ്ട് വന്‍ അപകടം ഒഴിവായി. തലകുത്തനെ മറിഞ്ഞ കാറില്‍ ഉടമ മാത്രമായിരുന്നു ഉണ്ടായിരുന്നത്.


