KOYILANDY DIARY

The Perfect News Portal

വേനല്‍ക്കാല യാത്ര; തെന്നിന്ത്യയിലെ ഏറ്റ‌വും മികച്ച 15 ഹില്‍സ്റ്റേഷനുകള്‍

പ‌ശ്ചിമഘട്ട‌ത്താലും പൂര്‍വഘട്ടത്താലും അനുഗ്രഹിക്കപ്പെട്ട സ്ഥലമാണ് ഇന്ത്യയുടെ തെക്കന്‍‌പ്രദേശങ്ങളായ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എ‌ന്നീ സംസ്ഥാനങ്ങള്‍. ‌സഞ്ചാരികള്‍ക്ക് വേനല്‍ക്കാല വസതികള്‍ ഒരുക്കുന്ന നിരവധി ഹില്‍സ്റ്റേഷനുകള്‍ തെക്കേ ഇ‌ന്ത്യയില്‍ കാണാം. ഇവയില്‍ മിക്ക ഹില്‍സ്റ്റേഷനുകളും പ‌ശ്ചിമഘട്ട മലനിരകളു‌ടെ ഭാഗമാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും മികച്ച 15 ഹില്‍സ്റ്റേഷനുകള്‍ നമുക്ക് പരിചയപ്പെടാം.

മൂന്നാര്‍, കേരളം

കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും.

കൂര്‍ഗ്, കര്‍ണാടക

മഞ്ഞിന്‍പുതപ്പുമെടുത്തണിഞ്ഞ് ഒരിക്കലും പച്ചപ്പുവിടാതെ കാപ്പിയുടെയും ഓറഞ്ചിന്റെയും ഗന്ധമുള്ള കാറ്റുമായി കാത്തിരിക്കുകയാണ് കൂര്‍ഗ്. ആദ്യകാഴ്ചയില്‍ത്തന്നെ കൂര്‍ഗിനെ നമ്മള്‍ പ്രണയിച്ചുപോകും. ചെല്ലുന്നവരെയെല്ലാം ആരാധകരാക്കാന്‍ കഴിയുന്ന വല്ലാത്തൊരു വശ്യതയുണ്ട് പശ്ചിമഘട്ടത്തിലെ മലനാട് ഭാഗത്ത് കിടക്കുന്ന കൂര്‍ഗിന്.

ഊട്ടി, തമിഴ്നാട്

തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് ഊട്ടി എന്ന പ്രകൃതിരമണീയമായ പട്ടണം സ്ഥിതിചെയ്യുന്നത്. മഞ്ഞും കുളിരും വലയം ചെയ്ത നീലഗിരിക്കുന്നുകള്‍ക്കിടയിലെ ഈ പ്രദേശത്തിന്റെ ഔദ്യോഗിക നാമം ഊട്ടക്കാമുണ്ട് എന്നാണ്. വര്‍ഷംതോറും ഊട്ടിയുടെ സൌന്ദര്യം നുകരാന്‍ ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ സൌകര്യത്തിന് വേണ്ടിയാണ് ഊട്ടിയെന്ന സരള നാമം കൈകൊണ്ടത്.

വയനാട്, കേരളം

കേരളത്തിലെ പതിനാല് ജില്ലകളില്‍ പ്രകൃത്യാ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ട ജില്ലയാണ് വയനാട് എന്നുവേണമെങ്കില്‍ പറയാം. കണ്ണൂരും കോഴിക്കാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ല കേരളത്തിലെ അറിയപ്പെടുന്ന വിനോജസഞ്ചാര കേന്ദ്രം കൂടിയാണ്. പശ്ചിമഘട്ടത്തിലെ പച്ചപ്പ് നിറഞ്ഞ ഈ പ്രദേശം കാണാന്‍ സഞ്ചാരികളെത്തിച്ചേരുന്നു.

ദേവികുളം, കേരളം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് ദേവികുളം. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ദേവികുളം മൂന്നാറില്‍ നിന്നും അടുത്താണ്. മനോഹരമായ പ്രകൃതിയും കാലാവസ്ഥയുമാണ് ഏതൊരു ഹില്‍ സ്റ്റേഷനിലെയും പോലെ ദേവികുളത്തെയും പ്രത്യേകത.

കുന്നൂര്‍, തമിഴ്നാട്

പ്രകൃതിഭംഗിയാര്‍ന്ന ഒരു ഹില്‍സ്റ്റേഷനാണ് കുന്നൂര്‍. ഇവിടം സന്ദര്‍ശിച്ച് മടങ്ങിയാലും ഓര്‍മ്മകളില്‍ സജീവമായി നില്ക്കുന്ന കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കുട്ടിക്കാലത്തിലെ ആശ്ചര്യഭാവത്തോടെ ഇവിടെ കാഴ്ചകള്‍കാണാം. ലോകപ്രസിദ്ധമായ ഊട്ടക്കമണ്ട് ഹില്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള ഈ സ്ഥലം നിങ്ങള്‍ക്ക് വിസ്മയത്തോട് കൂടിയേ കാണാനാവൂ.

ഏര്‍ക്കാട്, തമിഴ്നാട്

പൂര്‍വ്വഘട്ട മലനിരകളിലെ ഏറ്റവും ഭംഗിയേറിയ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് ഏര്‍ക്കാട് . തമിഴ്‌നാടിലെ ഷെവരോയ് കുന്നുകളില്‍, സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1515 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ വളരെ തണുത്ത കാലാവസ്ഥയാണ് ഇവിടെയുള്ളത്.

പൊന്മുടി, കേരളം

സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്ഥലമാണ് പൊന്‍മുടി . ശാന്തമായ കാലാവസ്ഥയും പച്ചപ്പ് വാരിവിതറിയ കാഴ്ചകളും പശ്ചിമഘട്ട മലനിരകളിലെ പ്രമുഖ ഹില്‍സ്റ്റേഷനായ പൊന്‍മുടിയിലേക്ക് വേനല്‍ക്കാല സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

കൊടൈക്കനാല്‍, തമിഴ്നാട്

കൊടൈക്കനാലെന്ന് കേള്‍ക്കാത്ത സഞ്ചാരപ്രിയരുണ്ടാകില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്‍. ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്.

അരക്കൂവാലി, ആന്ധ്രാപ്രദേശ്

ടൂറിസത്തിന്റെ കച്ചവടവല്‍ക്കരണത്തിനു ബലിയാടാകാത്ത തെക്കേ ഇന്ത്യയിലെ ചുരുക്കം ചില മനോഹരമായ പ്രദേശങ്ങളിലൊന്നു കൂടിയാകും ഇത്. ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണം ജില്ലയിലാണ് പ്രകൃതി സൗന്ദര്യവും തനിമയും ഒത്തിണങ്ങി നില്‍ക്കുന്ന ഈ മനോഹര താഴ്വരകള്‍ സ്ഥിതി ചെയ്യുന്നത്.

നന്ദി ഹില്‍സ്, കര്‍ണാടക

ബാംഗ്ലൂരില്‍ നിന്നും കേവലം 60 കിലോമീറ്റര്‍ അകലെയായി പ്രകൃതിസുന്ദരമായ കാഴ്ചകളൊരുക്കി വിനോദസഞ്ചാരികളെ കാത്തിരിക്കുന്നു നന്ദി ഹില്‍സ്. സമുദ്രനിരപ്പില്‍ നിന്നും 4851 മീറ്റര്‍ ഉയരത്തിലാണ് സഞ്ചാരികളുടെ ഈ പ്രിയ താവളം.

ചിക്ക്‌മഗളൂര്‍, കര്‍ണാടക

കര്‍ണാടകജില്ലയിലെ ചിക്കമഗളൂര്‍ ജില്ലയിലാണ് പ്രകൃതിരമണീയമായ ചിക്കമഗളൂര്‍ എന്ന സ്ഥലം. മലനാടിനോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശം നിരവധി വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രം കൂടിയാണ്.

സകലേശ്‌പൂര്‍, കര്‍ണാ‌ടക

നഗരജീവിതത്തിലെ തിരക്കുകളില്‍നിന്നും ഒരുദിവസത്തെ രക്ഷപ്പെടലാണ് മനസ്സിലെങ്കില്‍ സകലേശ്പൂരിലേക്ക് ഒരുയാത്രയാകാം. പശ്ചിമഘട്ടത്തിന്റെ മടക്കുകളില്‍ സമുദ്രനിരപ്പില്‍ നിന്നും 949 മീറ്റര്‍ ഉയരത്തിലായാണ് സകലേശ്പൂരിന്റെ കിടപ്പ്. ബാംഗ്ലൂര്‍ – മൈസൂര്‍ ഹെവേയ്ക്ക് സമീപത്തായത്തായതിനാല്‍ ഇവിടേക്ക് എത്തിച്ചേരാനും എളുപ്പമാണ്.

കുദ്രേമുഖ്, കര്‍ണാടക

പുല്‍മേടുകളും നിബിഢ വനങ്ങളുമുള്ള കുദ്രെമുഖ് ആരെയും മോഹിപ്പിക്കുന്ന ഒരു ഹില്‍ സ്‌റ്റേഷനാണ്. മാത്രവുമല്ല വിവിധ ജീവജാലങ്ങളുടെയും സസ്യലതാധികളുടെയും അധിവാസ കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ് ഈ സ്ഥലം.

വാഗമണ്‍, കേ‌രളം

വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മ്മകളിലേയ്ക്ക് കുളിരുകോരിയിടും,നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍ പ്രിയങ്കരമാണ്. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം.